ഒരു കായിക താരത്തിന്റെ ജീവിതം കൂടി സിനിമയാകുന്നു. ഒളിംപിക്സ് വെളളി മെഡൽ ജേതാവ് പി.വി.സിന്ധുവിന്റെ ജീവിതം സിനിമയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിന്ധു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെളളിത്തിരയിലെത്തിക്കുന്നത് സോനു സൂദാണ്.

സിന്ധുവിന്റെ ജീവിതം സിനിമയാക്കാൻ പറ്റിയ കൃത്യ സമയമിതാണെന്ന് സോനു സൂദ് ബോംബൈ ടൈംസിനോട് പറഞ്ഞു. ”ഒളിംപിക്‌സിൽ ബാഡ്മിന്റനിൽ സിന്ധു വെളളി മെഡൽ നേടിയപ്പോഴാണ് ആ ജീവിതം വെളളിത്തിരയിലെത്തിച്ചാലോ എന്ന ആശയം ഉയർന്നത്. പിന്നീട് അവരെ കുറിച്ച് കൂടുതൽ റിസർച്ച് ചെയ്‌തു. അവരുടെ ജീവിതയാത്രയെ കുറിച്ച് വായിച്ചു. പരിശീലനത്തിനായി നിത്യവും സിന്ധു വീട്ടിൽ നിന്ന് 50 കിലോ കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നറിഞ്ഞു. ഇതെല്ലാം സിനിമ ചെയ്യാൻ എനിക്ക് പ്രചോദനമായി “സോനു സൂദ് ബോംബൈ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ആരായിരിക്കും സിന്ധുവായി എത്തുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ സംബന്ധിച്ച മറ്റു കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തന്റെ ജീവിതം സിനിമയാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിന്ധു പറഞ്ഞു.

സൈന നെഹ്‌വാളിന്റെ ജീവിതവും സിനിമയാകുന്നുണ്ട്. ശ്രദ്ധ കപൂറാണ് ‘സൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതം പറയുന്ന ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’ പ്രദർശനത്തിനെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ