മിനിസ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാറാണ് ബിജു സോപാനം. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയിലെ ബാലുവായി അരങ്ങു തകര്‍ക്കുന്ന ബിജു സിനിമയിലും സജീവമാവുകയാണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെയാണ് സിനിമയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാന്‍ ബിജുവിന്റെ ശ്രമം.

ഉപ്പും മുളകിലും കോമഡിയാണ് അവതരിപ്പിക്കുന്നതെങ്കിലും ആ ഇമേജില്‍ നിന്നും പുറത്തു കടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിജു പറയുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്. കാവാലം നാടക കളരിയില്‍ നിന്നും സീരിയലിലേക്ക് എത്തിയ ബിജു സോപാനം ആദ്യം അഭിനയിച്ച ചിത്രം മമ്മൂട്ടിയുടെ രാജമാണിക്യം ആയിരുന്നു.

‘സൈറാബാനുവിലെ കഥാപാത്രം മുതല്‍ എനിക്ക് സിനിമയില്‍നിന്ന് കോമഡി വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മരുമകന്റെ വേഷം. അടുത്തതായി റിലീസിനൊരുങ്ങുന്ന ഈ ഇവിടെ ഈ നഗരത്തിലും കോമഡി ടച്ചുള്ള വേഷമാണ്. അതിനുകാരണം പ്രേക്ഷകര്‍ എന്നെ കോമഡി നടനായി കണക്കാക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഈ ഇമേജില്‍നിന്ന് പുറത്തുകടക്കണമെന്ന് എനിക്കാഗ്രഹമുണ്ട്; അദ്ദേഹം പറയുന്നു.

‘ഇത്തരം ടെലിവിഷന്‍ സീരിയലുകളില്‍ ജോലി ചെയ്യുന്നതിന്റെ ഏറ്റവും വലിയ നേട്ടം ആളുകള്‍ എവിടെ ചെന്നാലും നമ്മളെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഞാനത് ആസ്വദിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പും മുളകിലെ അഭിനയവും ആളുകളുടെ അംഗീകാരവും താന്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ