മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർ കാണിക്കുന്ന താൽപ്പര്യത്തിനു പിറകിലും ആ ഇഷ്ടം തന്നെയാവാം. ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും.
സംയുക്തയെ ആദ്യം കണ്ട ദിവസങ്ങളെ കുറിച്ചുള്ള ബിജു മേനോന്റെ വാക്കുകളാണ് ഇപ്പോൾ കൗതുകം ഉണർത്തുന്നത്. സുഹൃത്തും സംവിധായകനുമായ ലാൽ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ദിലീപും കാവ്യയും കേന്ദ്രകഥാപാത്രങ്ങൾ ആയ ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ ബിജു മേനോനും സംയുക്ത വർമ്മയും അവതരിപ്പിച്ചിരുന്നു.
“സംയുക്ത അന്ന് എന്നെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതെ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാടയാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ കഴിഞ്ഞ് ഒരു ദിവസം രഞ്ജി പണിക്കർ സാർ ചോദിച്ചു, ‘സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോ?’
‘അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാൻ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.” സംയുക്തയെ ആദ്യം കണ്ട ദിവസങ്ങൾ ഓർത്ത് ബിജു മേനോൻ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സത്യൻ അന്തിക്കാട് ചിത്രം ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ (1999) ആയിരുന്നു സംയുക്തയുടെ ആദ്യചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), മഴ/മധുരനൊമ്പരക്കാറ്റ്/ സ്വയംവരപ്പന്തൽ (2000) എന്നിവയിലൂടെ രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആയിരുന്നു സംയുക്ത ഒടുവിൽ അഭിനയിച്ച ചിത്രം.
‘മേഘമല്‍ഹാര്‍ എന്ന സിനിമയ്ക്ക് ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലെത്തിയ ബിജു മേനോനും സംയുക്ത വര്‍മ്മയും 2002 ൽ വിവാഹിതരായി. ഇരുവര്‍ക്കും ദഷ് ധർമിക് എന്നൊരു മകനുണ്ട്.
ജീവിക്കാൻ പഠിപ്പിച്ചത് ബിജു മേനോനാണെന്ന് ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞിരുന്നു. ”ഞാൻ അഭിനയിക്കുന്നതിൽ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടൻ. ബിജു ജീവിക്കാൻ പഠിപ്പിച്ചു. ഞാൻ സിനിമയിൽനിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാർ. നാല് ഏടത്തിയമ്മമാർ, കുട്ടികൾ. നമ്മൾ ചിലത് പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാൻ പഠിപ്പിച്ചു”.
”ഞങ്ങൾ ഒരിക്കലും പരസ്പരം പിടിച്ചു വയ്ക്കാറില്ല. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. ഇഷ്ടമല്ല വല്ലാതെ ഒട്ടാൻ ചെല്ലുന്നത്. രണ്ടുപേർക്കും അവരുടേതായ സ്പേസ് ഉണ്ട്, സ്വാതന്ത്ര്യമുണ്ട്. അതിൽ വേറൊരാൾ കടന്നു കയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയിൽ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയിൽ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതിൽ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ, ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും, കാര്യങ്ങൾ പരസ്പരം പറയും,” ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംയുക്ത പറഞ്ഞതിങ്ങനെ.
Read more: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ