കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണമെല്ലാം നിർത്തിവച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും സമൂഹമാധ്യമങ്ങളിലൂടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായും വീട്ടിലിരിപ്പാണ് എല്ലാവരും.
Read Also: ആ ഗ്ലാസിനപ്പുറം ഐസൊലേഷനിൽ കഴിയുന്നത് എന്റെ മകനാണ്: സുഹാസിനി
മകൻ ദക്ഷിനൊപ്പം ഗാർഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയാണ് മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോൻ. സംയുക്ത വർമ്മയാണ് ബിജു മേനോന്റെയും മകന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സംയുക്ത കുറിക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർ കാണിക്കുന്ന താൽപര്യത്തിനു പിറകിലും ആ ഇഷ്ടം തന്നെയാവാം.
ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും. ഇപ്പോൾ തന്റെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് സംയുക്ത.