‘വെള്ളിമൂങ്ങ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജു മേനോൻ വീണ്ടുമൊന്നിക്കുന്നു. ‘ആദ്യരാത്രി’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആദ്യരാത്രി.

” കഴിഞ്ഞ 4 വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം, എന്നാണ് ഇനി നിങ്ങൾ ഒരുമിച്ച് ഒരു ചിത്രം ? അത്രമാത്രം സ്നേഹം ഞങ്ങൾ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകർ നൽകി. ഒരുപാട് സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു. ‘മാമച്ചനെ’ സമ്മാനിച്ച ‘വെള്ളിമൂങ്ങ’ യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം വരുന്നു, ‘ആദ്യരാത്രി’. എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു,” ബിജു മേനോനാണ് ഫെയ്സ്ബുക്കിലൂടെ പുതിയ ചിത്രത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായരും സംഗീതം ബിജിബാലും നിർവ്വഹിക്കും. സെൻട്രൽ പിക്ച്ചേഴ്സാണ് നിർമ്മാണം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’. കാസ്റ്റിംഗ് സംബന്ധിച്ച കാര്യങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ