scorecardresearch
Latest News

ആദ്യമായി അഭിനയിക്കുന്നതിന്റെ ടെൻഷനോടെ അയാളിരുന്നു; ബിജു മേനോനെ കുറിച്ച് പിഎഫ് മാത്യൂസ്

“വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബിജു മേനോൻ ആദ്യമായി അഭിനയിക്കാനെത്തുന്നത്. ഞാനെഴുതിയ മൂന്നോ നാലോ സംഭാഷണ ശകലങ്ങളാണ് ബിജുവിന് പരീക്ഷയായി കൊടുത്തത്‌”

Biju Menon, mikhayelinte santhathikal, Biju Menon throwback photos

നായകൻ, വില്ലൻ, സ്വഭാവനടൻ, ഹാസ്യതാരം എന്നിങ്ങനെ ഏതു വേഷം ഏൽപ്പിച്ചാലും മികവോടെ അവതരിപ്പിക്കാനാവുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. അപാരമായ കയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് ആ പ്രതിഭയെ അടയാളപ്പെടുത്തുന്നത്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അടുത്തിടെ ബിജു മേനോൻ നേടി.

ബിജു മേനോനെ കുറിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി​എഫ് മാത്യൂസ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മിഖായേലിന്റെ സന്തതികൾ എന്ന പരമ്പരയിലൂടെയാണ് ബിജു മേനോൻ തുടക്കം കുറിച്ചത്. ബിജു മേനോനുമൊത്തുള്ള 29 വർഷം പഴക്കമുള്ള ഒരോർമ്മ പങ്കുവയ്ക്കുകയാണ് പിഎഫ് മാത്യൂസ്.

“1993. ജൂഡും ഞാനും മിഖായേലിന്റെ സന്തതികൾ എന്ന ദൂരദർശൻ പരമ്പരയുടെ ആലോചനയിലാണ്. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബിജു മേനോൻ ആദ്യമായി അഭിനയിക്കാനെത്തുന്നത്. നല്ല ടെൻഷനുണ്ടയാൾക്ക്. തമാശകൾ കൊണ്ട് അന്തരീക്ഷത്തെ തണുപ്പിച്ചിരുന്ന ജോർജ് സോജനും ഞങ്ങൾക്കൊപ്പമുണ്ട്. ഞാനെഴുതിയ മൂന്നോ നാലോ സംഭാഷണ ശകലങ്ങളാണ് ബിജുവിന് പരീക്ഷയായി കൊടുത്തത്‌. ആ കൂടിക്കാഴ്ച ശുഭമായി കലാശിച്ചു. പുതുമുഖ നടൻ ബിജുമേനോൻ ഞങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രം അലോഷിയായി. അതേ വർഷം തന്നെ പുത്രൻ എന്ന സിനിമ ചെയ്യുമ്പോഴും ബിജു മേനോനെത്തന്നെ നായകനാക്കാൻ ഞങ്ങൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . പുത്രൻ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ജൂഡിന്റെ വീട്ടിൽ വച്ചെടുത്ത ഈ ചിത്രം എഴുത്തുകാരനായ രാജേഷ് നാരായണന്റെ ആൽബത്തിൽ നിന്ന് ഇന്നാണു കിട്ടിയത്. ചിത്രത്തിൽ ജോർജ് സോജൻ, ബിജു, രാജേഷ് നാരായണൻ പിന്നെ ഞാനും. പൊട്ടിച്ചിരികൾക്കിടയിൽ മാത്രം കണ്ടിട്ടുള്ള സോജൻ എന്നേക്കുമായി യാത്ര പറഞ്ഞു പോയി എന്ന സങ്കടം മാത്രം,” പിഎഫ് മാത്യൂസ് കുറിക്കുന്നു.

1995ൽ ‘പുത്രൻ’ എന്ന സിനിമയിലൂടെ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.

മാന്നാർ മത്തായി സ്പീക്കിംഗ്, അഴകിയ രാവണൻ, ഈ പുഴയും കടന്ന്, കളിയാട്ടം, പ്രണയവർണങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ, രണ്ടാം ഭാവം, ക്രോണിക് ബാച്ചിലർ, പട്ടാളം, മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്സ്, ഓർഡിനറി, മല്ലൂസിംഗ്, വെള്ളിമൂങ്ങ, ചേട്ടായീസ്, മായാമോഹിനി, റൺ ബേബി റൺ, സ്പാനിഷ് മസാല, റോമൻസ്, ഭയ്യ ഭയ്യ, അനാർക്കലി, അനുരാഗകരിക്കിൻ വെള്ളം, ലീല, ഷെർലക് ഹോംസ്, അയ്യപ്പനും കോശിയും, ആർക്കറിയാം, ലളിതം സുന്ദരം എന്നിങ്ങനെ നൂറുകണക്കിന് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറുകയായിരുന്നു ബിജു മേനോൻ.

Read more: ബിജുവേട്ടന്റെ ഭാവം കണ്ട് എനിക്കു ഒരേസമയം ദേഷ്യവും ചിരിയും വന്നു; രസകരമായ അനുഭവം പറഞ്ഞ് സംയുക്ത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Biju menon first serial mikhayelinte santhathikal pf mathews