നായകൻ, വില്ലൻ, ആക്ഷൻ, കോമഡി, സെന്റിമെന്റ്സ് തുടങ്ങി എന്തും ഭദ്രമായി ഏൽപ്പിക്കാവുന്ന അപൂർവം ചില അഭിനേതാക്കളിൽ ഒരാളാണ് ബിജു മേനോൻ. അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ലളിതം സുന്ദര’ത്തിന്റെ അണിയറ പ്രവർത്തകർ, താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
1995-ൽ ‘പുത്രൻ’ എന്ന സിനിമയിലൂടെ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.
പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.
Read More: മധുവാര്യർ സംവിധായകനാവുന്ന ചിത്രത്തിൽ മഞ്ജു നായിക; നായകൻ ബിജു മേനോൻ
മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ബിജു മേനോന്-സുഗീത് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമെത്തുന്നത് ഒരു കുറ്റാന്വേഷണ സിനിമയുമായാണ്. തലയുണ്ട്, ഉടലില്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. താനിതുവരെ ചെയ്ത സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തലയുണ്ട്, ഉടലില്ല എന്ന് സുഗീത് പറഞ്ഞിരുന്നു.
Read More: അച്ഛനമ്മമാർക്കും സഹോദരിയ്ക്കുമൊപ്പം നിൽക്കുന്ന ഈ നടിയെ മനസിലായോ?
വ്യത്യസ്തമായൊരു ക്രെെം ത്രില്ലറായിരിക്കും ചിത്രം. 1970 കളിലെ കഥയായിരിക്കും ചിത്രം പറയുകയെന്നും സുഗീത് അറിയിച്ചു. സോമന് നാടാര്‍ എന്ന പോലീസ് സബ് ഇന്‍സ്പെക്ടറുടെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന് അവതരിപ്പിക്കുക.
സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ മഴ പശ്ചാത്തലത്തിലുണ്ടായിരിക്കും. ഇന്‍ഡോര്‍ ചിത്രീകരണം സാധ്യമല്ല. അതിനാല്‍ ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്നും സുഗീത് പറയുന്നു. ദിലീപ് പൊന്നപ്പനും പ്രേം രാധാകൃഷ്ണനുമാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഫെെസല്‍ അലി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.