scorecardresearch
Latest News

നിങ്ങൾ കണ്ട ആളല്ല ബൈജു; ബിജു മേനോനും ആസിഫും പറയുന്നു

‘മേരാ നാം ഷാജി’യിൽ മൂന്നുനായകന്മാരിൽ ഒരാളാണ് ബൈജു

നിങ്ങൾ കണ്ട ആളല്ല ബൈജു; ബിജു മേനോനും ആസിഫും പറയുന്നു

രണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിൽ സജീവമാകുന്ന താരമാണ് ബൈജു സന്തോഷ്. നിങ്ങളിതു വരെ കണ്ട നടനല്ല ബൈജുവെന്നും മലയാള സിനിമ ഇതുവരെ ഉപയോഗപ്പെടുത്താതെ പോയൊരു ആർട്ടിസ്റ്റാണ് അയാളെന്നും തുറന്നുപറയുകയാണ് നടന്മാരായ ബിജു മേനോനും ആസിഫ്​ അലിയും.

“ബൈജു വളരെ നല്ലൊരു ആർട്ടിസ്റ്റ് ആണ്, പുള്ളിയെ കൃത്യമായി മലയാള സിനിമ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. കുറച്ചുകാലം സിനിമയിൽ നിന്നും മാറിനിന്നതിന് ശേഷം ബൈജു വീണ്ടും സജീവമാകുകയാണല്ലോ. ആസിഫിനും എനിക്കുമൊപ്പം ബൈജുവിനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് ‘മേരാ നാം ഷാജി,” ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ബൈജുവിനെ കുറിച്ചു ബിജു മേനോൻ പറഞ്ഞതിങ്ങനെ.

മൂന്നര പതിറ്റാണ്ടു മുൻപ് ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബൈജു നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനാവുകയാണ് നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘മേരാ നാം ഷാജി’യിൽ. മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി എന്നിവർക്കൊപ്പം മൂന്നാമത്തെ നായകനായി ബൈജുവുമുണ്ട്. അടുത്തിടെ റിലീസിനെത്തിയ പൃഥിരാജ്- മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലെ ബൈജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ‘കുണുങ്ങി കുണുങ്ങി’; ഷാജിമാരുടെ ചിത്രത്തിൽ നാദിര്‍ഷാ പാടുന്നു

“മലയാളസിനിമയിൽ ഇപ്പോൾ ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുന്ന ആളാണ് ബൈജു ചേട്ടൻ. ഈ ചിത്രത്തിലെ തിരുവനന്തപുരം ഷാജി എന്ന കഥാപാത്രത്തെ ബൈജു ചേട്ടനല്ലാതെ മറ്റാർക്കെങ്കിലും അവതരിപ്പിക്കാനാവുമെന്ന് ഞാൻ കരുതുന്നില്ല. തിരിച്ചുവരവിൽ ബൈജു ചേട്ടൻ ചെയ്തതൊക്കെയും നല്ല ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളാണ്. എനിക്ക് സ്വകാര്യമായി ഏറെ ഇഷ്ടമുള്ള ഒന്നാണ്- ‘ഈ ​അടുത്ത കാലത്ത്’ എന്ന ചിത്രത്തിൽ ബൈജുചേട്ടന്റെ കഥാപാത്രം ഇന്ദ്രജിത്തിന്റെ കഥാപാത്രത്തോട് പറയുന്ന “നീ തീർന്നെടാ തീർന്ന്” എന്ന ഡയലോഗ്. അതുമുതൽ ഇങ്ങോട്ട് ബൈജു ചേട്ടന്റെ എല്ലാ സിനിമകളിലും ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളെയും ശ്രദ്ധിക്കപ്പെട്ട സംഭാഷണങ്ങളും കാണാൻ സാധിക്കും. പഴയ എനർജിയിൽ ഇപ്പോഴും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റാണ് ബൈജു ചേട്ടൻ,” ഒരു വീഡിയോ​ അഭിമുഖത്തിനിടെ ആസിഫ് അലി പറഞ്ഞു.

മൂന്നു ഷാജിമാരിൽ തിരുവനന്തപുരത്തെ ജെന്റിൽമാൻ ഷാജിയുടെ കഥാപാത്രത്തെ ബൈജു അവതരിപ്പിക്കുമ്പോൾ കോഴിക്കോടുകാരൻ ഗുണ്ടാ ഷാജിയായാണ് ബിജുമേനോൻ എത്തുന്നത്. കൊച്ചിക്കാരൻ ഷാജിയുടെ വേഷമാണ് ആസിഫ് അലിയ്ക്ക്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘അമർ അക്ബർ ആന്റണി’ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

നിഖില വിമൽ നായികയാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നൻ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോൺകുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമിൽ മുഹമ്മദും നിർവ്വഹിക്കും. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സിംഗപ്പൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വിതരണക്കാർ ഉർവശി തീയേറ്റേഴ്സ് റിലീസാണ്‌.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Biju menon asif ali baiju santhosh mera naam shaji