Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Padayottam Review: ചിരിയുടെ തേരിലേറി ചെങ്കൽ രഘുവിന്റെയും സംഘത്തിന്റെയും ‘പടയോട്ടം’

Biju Menon Starrer Padayottam Movie Review: അടി, പിടി, വയലൻസ് തുടങ്ങിയ പതിവ് ക്വട്ടേഷൻ സിനിമകളുടെ അച്ചിലല്ല ‘പടയോട്ടം’ വാർത്തിരിക്കുന്നത്, നന്നായൊന്നു ചിരിച്ചു രണ്ടരമണിക്കൂർ മനസ്സൊന്നു ഫ്രീ ആക്കി ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തന്നെ ‘പടയോട്ട’ത്തിനു കയറാം

Padayottam Movie Review

Biju Menon, Anu Sithara Starrer Padayottam Movie Review: ആദ്യദിനം തന്നെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിജുമേനോന്റെ ‘പടയോട്ടം’. ചെങ്കൽ രഘുവായി ബിജുമേനോൻ കയ്യടി വാരിക്കൂട്ടുകയാണ് തിയേറ്ററുകളിൽ. തിരുവനന്തപുരത്ത് വച്ച് പിങ്കുവിന്റെ (ബേസിൽ ജോസഫ്) കയ്യും കാലും തല്ലിയൊടിച്ചവനെ തിരിച്ച് തല്ലുക എന്ന ലക്ഷ്യത്തോടെ ചെങ്കൽ രഘുവും കൂട്ടുകാരായ സേനനും (ദിലീഷ് പോത്തൻ) രഞ്ജുവും (സുധി കോപ്പ) ശ്രീക്കുട്ടനും ( സൈജു കുറുപ്പ്) തിരുവനന്തപുരത്തു നിന്നും കാസർക്കോട്ടിലേക്ക് യാത്ര തിരിക്കുകയാണ്. അമളികളും അബദ്ധങ്ങളും തമാശകളുമൊക്കെയായി ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തികൊണ്ടാണ് ചെങ്കൽ രഘുവിന്റെയും സംഘത്തിന്റെയും സംഭവബഹുലമായ യാത്ര മുന്നോട്ടു പോവുന്നത്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ അവസാനം വരെ കൊണ്ടു പോകാൻ സിനിമയ്കക്ക് സാധിക്കുന്നുണ്ട്.

മാസ് ലുക്കാണ് ബിജുമേനോന് ചിത്രത്തിൽ. ഇതുവരെ കഥാപാത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായൊരു ലുക്കിലാണ് ബിജുമേനോൻ ഈ ചിത്രത്തിലെത്തുന്നത്. കട്ട താടിയും കളർ മുണ്ടും നെറ്റിയിലൊരു പൊട്ടും ‘ഇടിവള’യുമൊക്കെയായി തിളങ്ങുകയാണ് ചെങ്കൽ രഘു. തിരുവനന്തപുരം ഭാഷ അനായാസേന കൈകാര്യം ചെയ്തിട്ടുണ്ട് താരം.

സന്ദർഭോചിതമായ, അശ്ലീല ചുവയില്ലാത്ത നർമമാണ് ‘പടയോട്ട’ത്തിൽ നിറയുന്നത്. ദ്വന്ദാർത്ഥ  പ്രയോഗങ്ങളൊന്നുമില്ല എന്നതും ആശ്വാസം പകരും. ഗുണ്ടയായ ചെങ്കൽ രഘുവിന്റെ കഥ പറയുന്ന സിനിമ അടി പടമാണെന്ന മുൻവിധിയിൽ കാണാതെ പോയാൽ രണ്ടര മണിക്കൂർ നിറഞ്ഞു ചിരിക്കാൻ ഉള്ള അവസരമാവും നഷ്ട്മാകുക. അടി, പിടി, വയലൻസ് തുടങ്ങിയ പതിവ് ക്വട്ടേഷൻ സിനിമകളുടെ അച്ചിലല്ല ‘പടയോട്ടം’ വാർത്തിരിക്കുന്നത്. നെറ്റിയിൽ വെട്ടും ചുവന്നു കലങ്ങിയ കണ്ണുകളും കണ്ടാൽ ഭയക്കുന്ന രൂപവുമുള്ള ‘പരമ്പരാഗത ഗുണ്ടാ കഥാപാത്രങ്ങളുടെ’ വാർപ്പ് മോഡലും അടിച്ചു തകർക്കുന്നുണ്ട് ‘പടയോട്ടം’. പണ്ടെങ്ങോ ഒരാവേശത്തിന് ആത്മഹത്യ ചെയ്യാൻ തോന്നിയതിന്റെ ഫലമായി കിട്ടിയ സെക്ഷൻ ഐപിസി 309 നുമായി കോടതി കേറി ഇറങ്ങുന്ന ‘സ്ഥലത്തെ പ്രധാന ഗുണ്ടാ ഗഡി’ യൊക്കെ ചിരിയുടെ അമിട്ടിനാണ് തീ കൊളുത്തുന്നത്. വർഷങ്ങളായി ഗുണ്ടാപ്പണിയുമായി ഫീൽഡിൽ സജീവമായിട്ടും വേറൊരു കേസുമില്ലെന്നോർത്ത് ‘വേദനിക്കുന്ന ഗുണ്ട’യാണ് ഈ ‘ഗഡി’.

Biju Menon, Anu Sithara Starrer Padayottam Movie Review: അമ്മയും മകനും തമ്മിലുള്ള ഹൃദ്യമായൊരു ബന്ധം കൂടി ‘പടയോട്ട’ത്തിൽ കാണാം. കോട്ടേഷന് പോയ മകനെ ഇടയ്ക്ക് ഇടയ്ക്ക് ഫോണിൽ വിളിച്ചു “മക്കളേന്തേലും കഴിച്ചോ?” എന്ന് തിരക്കുന്ന അമ്മ വേഷത്തിൽ സേതുലക്ഷ്മി കലക്കി. കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ ഗംഭീര പെർഫോൻമൻസാണ് സേതുലക്ഷ്മി കാഴ്ചവെച്ചിരിക്കുന്നത്. അനങ്ങിയാൽ അമ്മയെ കയറി ‘തള്ളേ’ന്ന് വിളിക്കുന്ന പരമ്പരാഗതമായ ഗുണ്ടകൾക്കും മോചനം നൽകുന്നുണ്ട് ചെങ്കൽ രഘുവെന്ന ‘അമ്മ ഭക്ത’നായ ഗുണ്ട. ബിജുമേനോൻ- സേതു ലക്ഷ്മി കോമ്പിനേഷൻ ഏറെ രസകരമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

ദിലീഷ് പോത്തൻ, സുധി കോപ്പ, സൈജു കുറുപ്പ് എന്നിവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി. നായകന്റെ നിഴലായി ഇവരെ ഒതുക്കാതെ ഓരോരുത്തർക്കും കഥയിൽ പ്രാധാന്യം നൽകാൻ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. ബേസിലിന്റെ പിങ്കു ആണ് സ്‌ക്രീനിൽ ചിരി ഉണർത്തുന്ന മറ്റൊരു കഥാപാത്രം. ഓരോ സീനിനും കയ്യടി വാങ്ങുന്നുണ്ട് പിങ്കു. ഹരീഷ് കണാരൻ, സുരേഷ്‌കൃഷ്ണ, ഐമാ സെബാസ്റ്റ്യൻ, ലിജോ ജോസ് പെല്ലിശ്ശേരി, ഗണപതി, രവി സിംഗ് തുടങ്ങിയവരെല്ലാം അവരവരുടെ റോളുകളിൽ തിളങ്ങി. തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു നായിക ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്ന ഒരു ചിത്രത്തിൽ എന്തിനെന്നറിയാതെ വന്ന് പോകുന്ന ഒരു നായികയുണ്ട്. ഒഴിവാക്കാമായിരുന്ന ഒരു കഥാപാത്രമായിരുന്നു അതെന്നെ പറയാനുള്ളൂ. കുറച്ചു സീനുകളിൽ മാത്രം വന്ന് പോകുന്ന ഹരീഷ് കണാരന്റെ കാസർക്കോടുകാരൻ കഥാപാത്രത്തിന് പോലും നായികയേക്കാൾ പ്രാമുഖ്യം ഉണ്ട് സിനിമയിൽ.

നവാഗത സംവിധായകനെന്ന രീതിയിൽ പ്രശംസനീയമായ​ ശ്രമമാണ് സംവിധായകൻ റഫീഖ്​ ഇബ്രാഹിമിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അധികം മുഷിച്ചിൽ പ്രേക്ഷകർക്ക് സമ്മാനിക്കാതെ ഒരു ഫൺ റൈഡു പോലെ തന്നെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. അരുണ്‍ എ.ആര്‍, അജയ് രാഹുൽ എന്നിവരാണ് ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നല്‍കികൊണ്ടുള്ള ‘പടയോട്ട’ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിർമാണം. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു. സതീഷ് കുറുപ്പിന്റേതാണ് ഛായാഗ്രഹണം. ഇടയ്ക്ക് ഒരു റോഡ് മൂവിയുടെ സ്വഭാവം കാണിക്കുന്ന ‘പടയോട്ട’ത്തിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ടു പോവുന്നതിൽ സതീഷ് കുറിപ്പിന്റെ ഛായാഗ്രഹണത്തിനും രതീഷ്‌രാജിന്റെ എഡിറ്റിങ്ങിനും മികച്ച പങ്കുണ്ട്.

നന്നായൊന്നു ചിരിച്ചു രണ്ടരമണിക്കൂർ മനസ്സൊന്നു ഫ്രീ ആക്കി ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തന്നെ ‘പടയോട്ട’ത്തിനു കയറാം. തിരോന്തരം മുതൽ കാസർഗോഡ് വരെ ചെങ്കൽ രഘു നടത്തുന്ന ‘ കേരള യാത്ര’യ്ക്കൊപ്പം കൂടാം. രസകരമായ മുഹൂർത്തങ്ങളും ചിരിയും അപ്രതീക്ഷിത ട്വിസ്റ്റുകളും ഒക്കെയായി, തിയേറ്ററിന്റെ പൾസ്‌ അറിഞ്ഞു മുന്നേറുന്ന ‘പടയോട്ടം’ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Biju menon anu sithara starrer thriller comedy movie padayottam review

Next Story
ഇമ ചിമ്മാതെ ത്രില്ലടിച്ചിരിക്കാം: ‘ഇമൈക്കാ നൊടിഗള്‍’ റിവ്യൂImaikkaa Nodigal Film Review
The moderation of comments is automated and not cleared manually by malayalam.indianexpress.com