മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി താരജോഡികള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും സിനിമയില്‍ നിന്ന് ജീവിതത്തിലേക്കും ഒന്നിച്ചു യാത്ര ചെയ്തവരാണ്. അതില്‍ ഏറെ പ്രിയപ്പെട്ട രണ്ടു പേരാണ് ബിജു മേനോനും സംയുക്ത വര്‍മയും. എന്നാല്‍ വിവാഹത്തിനു ശേഷം സംയുക്ത അഭിനയം അവസാനിപ്പിച്ചത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. പിന്നീട് ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് നമ്മള്‍ സംയുക്തയെ കണ്ടത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഏറെ കാത്തിരുന്നിട്ടുമുണ്ട്. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് നടനും ഭര്‍ത്താവുമായ ബിജു മേനോന്റെ വാക്കുകള്‍

“അഭിനയിക്കാന്‍ എന്നെക്കാള്‍ മടിയുള്ള ആളാണ് സംയുക്ത. ഇപ്പോള്‍ യോഗ പരിശീലനമൊക്കെ ആയി നടക്കുകയാണ്. അത് അവരുടെ തീരുമാനമാണ്. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ ചെയ്യാം,” ബിജു മേനോന്‍ പറഞ്ഞു.

ഇരുവരും ഒരുമിച്ചൊരു ചിത്രം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോന്റെ ഉത്തരം വളരെ രസകരമായിരുന്നു.

“എനിക്ക് ബിജുവിന്റെ കൂടെ ഒരു സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നൊക്കെ സംയുക്ത പറയാറുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭയങ്കര പാടായിരിക്കും. മുഖത്തോടു മുഖം നോക്കി ഒരു സംഭാഷണം പറയുമ്പോള്‍ പോലും ചിരി വരും. ഞങ്ങളുടെ വിവാഹനിശ്ചയ സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. അതില്‍ ഒരുപാട് സീരിയസ് സംഭാഷണങ്ങളുണ്ട്. അതൊക്കെ ചെയ്യുമ്പോള്‍ മുഖത്തോട് മുഖം നോക്കുന്ന സമയത്ത് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാന്‍ ആ ഒരു ബുദ്ധിമുട്ടുണ്ടായിരിക്കും,” ബിജു മേനോന്‍ റേഡിയോ മാംഗോയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ചു വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്. സംയുക്ത യോഗ ചെയ്യുന്ന ദൃശ്യങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ