scorecardresearch
Latest News

തിയറ്ററില്‍ ആദ്യമായി കയ്യടി ലഭിച്ചത് ആ കഥാപാത്രത്തിന്, മറക്കില്ല: ബിജു മേനോന്‍

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് കഥാപാത്രങ്ങളെക്കുറിച്ചാണ് ബിജു മേനോൻ പറയുന്നത്

തിയറ്ററില്‍ ആദ്യമായി കയ്യടി ലഭിച്ചത് ആ കഥാപാത്രത്തിന്, മറക്കില്ല: ബിജു മേനോന്‍

മലയാള സിനിമയില്‍ വില്ലനായും നായകനായും ഹാസ്യതാരമായും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിജു മേനോന്‍. നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ബിജു മേനോന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. മലയാള സിനിമയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍.

Read Also: ആ ചായ മുഴുവന്‍ കുടിക്കരുത്; കല്യാണപ്പിറ്റേന്ന് സംയുക്ത പറഞ്ഞത്

തിയറ്ററില്‍ തനിക്കാദ്യമായി കയ്യടി ലഭിച്ചത് രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച് ജോഷി സംവിധാനം ചെയ്ത ‘പത്രം’ എന്ന സിനിമയിലാണെന്ന് ബിജു മേനോന്‍ പറയുന്നു. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പത്രം’ എന്ന സിനിമയിലെ ഫിറോസ് മുഹമ്മദ് ഐപിഎസ് എന്ന കഥാപാത്രം തനിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കാന്‍ കാരണമായെന്നും ബിജു മേനോന്‍ പറയുന്നു.

തനിക്കൊരു കൊമേഴ്‌സ്യല്‍ ബ്രേക്ക് തന്ന ചിത്രം കൂടിയാണ് പത്രമെന്ന് താരം ഓര്‍ക്കുന്നു. റേഡിയോ മാംഗോയുടെ ‘ബെസ്റ്റ് ഫൈവ്’ എന്ന പരിപാടിയിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ കുറിച്ച് ബിജു മേനോന്‍ പങ്കുവച്ചിരിക്കുന്നത്.

എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ തന്നെ സ്വീകരിച്ച ചിത്രമാണ് ‘മേഘമല്‍ഹാര്‍’ എന്ന് ബിജു മേനോന്‍ പറഞ്ഞു. പ്രേക്ഷകര്‍ മികച്ച അഭിപ്രായം പറഞ്ഞു എന്നതിനൊപ്പം സംയുക്തയെ ഭാര്യയായി ലഭിക്കാനും മേഘമല്‍ഹാര്‍ കാരണമായെന്ന് ബിജു മേനോന്‍ പറഞ്ഞു.

ഹാസ്യകഥാപാത്രമെന്ന നിലയില്‍ തനിക്കു സ്വീകാര്യത ലഭിച്ചതു ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലൂടെയാണെന്ന് താരം പറയുന്നു. കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ ഏറെയൊന്നും ആ കഥാപാത്രത്തിലില്ലായിരുന്നു. എങ്കിലും ഹാസ്യതാരമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് എന്ന കഥാപാത്രം ചെയ്യാന്‍ ദിലീപ് ഏറെ പിന്തുണ നല്‍കിയെന്നും ബിജു മേനോന്‍ പറയുന്നു.

Read Also: ഇതെന്തൊരു ജാടയാണെന്ന് ഓർത്തു; സംയുക്തയെ ആദ്യം കണ്ടതിനെ കുറിച്ച് ബിജു മേനോൻ

താന്‍ ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണ് സുഗീത് സംവിധാനം ചെയ്ത ‘ഓര്‍ഡിനറി’യെന്ന് ബിജു മേനോന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പമുള്ള കെമിസ്ട്രി പ്രേക്ഷകര്‍ സ്വീകരിച്ചു. കൂടുതല്‍ കയ്യടി ലഭിച്ച കഥാപാത്രമാണ് ഓര്‍ഡിനറിയിലെ സുഗു ഡ്രൈവര്‍. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും ഓര്‍ഡിനറിയിലെ വേഷമാണ്. റിയലസ്റ്റിക് ആയി ചെയ്ത സിനിമ കൂടിയാണ് ഓര്‍ഡിനറിയെന്നും ബിജു പറഞ്ഞു.

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടതും മറക്കാന്‍ പറ്റാത്തതുമായ കഥാപാത്രമാണ് വെള്ളിമൂങ്ങയിലെ മാമച്ചന്‍ എന്ന് ബിജു മേനാാന്‍ പറയുന്നു. പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിത്തന്ന ചിത്രം കൂടിയാണ് വെള്ളിമൂങ്ങ. ആ സിനിമയെ ക്കുറിച്ചും അതിലെ മാമച്ചന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും പ്രേക്ഷകര്‍ ഇപ്പോഴും സംസാരിക്കുന്നു. ജനങ്ങള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ബിജു മേനോന്‍ റേഡിയോ മാംഗോയില്‍ പങ്കുവച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Biju menon about his top 5 films and characters in malayalam