scorecardresearch

Aanakallan Review: ആവർത്തനങ്ങളുടെ ‘ആനക്കള്ളൻ’

Aanakallan Movie Review: ആദ്യപകുതിയിൽ സസ്‌പെൻസും കോമഡിയുമാണ് മുന്നിട്ടു നിൽക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ സിനിമയ്ക്ക് ത്രില്ലർ സ്വഭാവം കൈവരികയാണ്

Aanakallan Malayalam Movie Review
Aanakallan Malayalam Movie Review

Aanakallan Review:’ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിനു ശേഷം സുരേഷ് ദിവാകർ സംവിധാനം നിർവ്വഹിച്ച ‘ആനക്കള്ളനി’ൽ എന്ന ചിത്രത്തിൽ ഒരു വെറൈറ്റി കള്ളനായിട്ടാണ് ബിജു മേനോൻ എത്തുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളുകൾ തേടി പോകുന്ന സിനിമ കോമഡി സസ്‌പെൻസ് ത്രില്ലർ കാറ്റഗറിയിലാണ് വരുന്നത്.

ആനന്ദപുരം കൊട്ടാരം നവീകരിക്കുന്നതിനിടയിൽ നിലവറയിൽ നിന്നൊരു അസ്ഥികൂടം കണ്ടെത്തുന്നു. മൂന്നുകൊല്ലത്തോളം പഴക്കമുള്ള ആ അസ്ഥികൂടം ആരുടേത്, ആരാണ് കൊലപാതകം നടത്തിയത്, എന്താണ് കൊലപാതകകാരണം എന്നിങ്ങനെയുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് സിനിമ ശ്രമിക്കുന്നത്. ആദ്യപകുതിയിൽ സസ്‌പെൻസും കോമഡിയുമാണ് മുന്നിട്ടു നിൽക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ സിനിമയ്ക്ക് ത്രില്ലർ സ്വഭാവം കൈവരികയാണ്.

കള്ളന്‍ പവിത്രന്‍റെ കഥയാണ് ‘ആനക്കള്ളൻ’. പവിത്രനെന്ന കഥാപാത്രത്തെ അനായാസേന തന്നെ മനോഹരമാക്കുന്നുണ്ട് ബിജുമേനോൻ. ബിജുമേനോൻ എന്ന നടന് വെല്ലുവിളിയുയർത്താൻ മാത്രം സങ്കീർണ്ണമായ കഥാപാത്രമൊന്നുമല്ല പവിത്രൻ. ബിജുമേനോൻ തന്നെ മുൻപ് ചെയ്ത പല കഥാപാത്രങ്ങളുടെയും ഷെയ്ഡുകൾ പവിത്രനിലുമുണ്ട്. രണ്ടു വേഷപ്പകർച്ചകളിലാണ് ചിത്രത്തിൽ ബിജുമേനോൻ എത്തുന്നത്.

കള്ളൻ പവിത്രൻ കഴിഞ്ഞാൽ സിനിമയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന കഥാപാത്രം ആന എസ്തപ്പാന്‍ എന്ന് വിളിക്കുന്ന സിദ്ധിഖിന്റെ ഡിവൈഎസ്പി എസ്തപ്പാൻ ആണ്. പൊലീസ് വേഷങ്ങൾ മികവുറ്റതാക്കാൻ സിദ്ധിഖിനുള്ള പ്രത്യേക സ്ക്രീൻ പ്രസൻസിനെ സിനിമയ്ക്കായി നല്ല രീതിയിൽ തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

‘ആനക്കള്ളന്’ വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പലകുറി കണ്ടു മടുത്ത കുറേ കാഴ്ചകളും നരേഷനും ഇടയ്ക്കെപ്പൊഴോ കടന്നുവരുന്ന നാടകീയസന്ദർഭങ്ങളും പ്രവചനാത്മകമായ കഥാഘടനയും പലപ്പോഴും സിനിമയെ ക്ലീഷേയാക്കുന്നു. കള്ളൻ പവിത്രനും ഗുണ്ടകോരയായെത്തുന്ന സുധീർ കരമനയും ധർമപുത്രനായ ധർമജൻ ബോൾഗാട്ടിയും ഈശോയായ ഹരീഷ് കണാരനും ചേരുന്ന കോമ്പിനേഷൻ കോമഡികളാണ് ആദ്യപകുതിയിൽ തിയേറ്ററിൽ ഓളമുണ്ടാക്കുന്നത്.

വീട്ടു കാര്യസ്ഥനായെത്തുന്ന ഹരീഷ് കണാരൻ, തറവാട്ടുകാരണവരായ സായികുമാർ, അനുശ്രീ, ബിന്ദുപണിക്കർ, പ്രിയങ്ക, കൈലാഷ്, ബാല, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരെല്ലാം തങ്ങളുടെ റോളുകൾ മനോഹരമാക്കിയെങ്കിലും ഇവരുടെയൊന്നും കരിയറിലെ വേറിട്ട കഥാപാത്രമെന്ന് ‘ആനക്കള്ളനി’ലെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കാനാവില്ല. വളരെ കുറച്ചുസമയം മാത്രമേ സിനിമയിൽ ഉള്ളുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം സുരാജ് വെഞ്ഞാറമൂടാണ്. ശക്തനായൊരു പ്രതിനായകനില്ല എന്നത് കഥയുടെ പോരായ്മയായി തന്നെ എടുത്തുപറയേണ്ടതാണ്.

രാജീവ് ആലുങ്കൽ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് നാദിർഷ ഈണം പകർന്നിരിക്കുന്നു. ബിജുമേനോനെ കൊണ്ട് നാദിർഷ പാടിച്ച “നിന്നെയൊന്നു കാണാനായി, നിന്നോടൊന്നു മിണ്ടാനായി… കാതമേറെ ദൂരെ നിന്നും ഓടിവന്നതാണ് ഞാനെൻ പെണ്ണേ…” എന്ന പാട്ട് തന്നെയാണ് കൂട്ടത്തിൽ മികച്ചുനിൽക്കുന്നത്.

ബിജിബാലിന്റെ പശ്ചാത്തല സംഗീതം സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ജോണ്‍കുട്ടിയുടെ എഡിറ്റിംഗും ആല്‍ബിയുടെ ഛായാഗ്രഹണവും ആശ്വാസകരമാണ്. പഞ്ചവർണതത്ത എന്ന സിനിമയ്ക്ക് ശേഷം സപ്തതരംഗ് സിനിമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു എന്റർറ്റൈനെർ എന്ന രീതിയില്‍ അലസമായ കാഴ്ചയ്ക്ക് പറ്റിയ സിനിമയാണ് ആനക്കള്ളൻ. പുതുമ അവകാശപ്പെടാന്‍ തക്കതായ ഒന്നും ചിത്രത്തിലില്ല. ‘മര്യാദരാമനി’ൽ നിന്നും ഉദയ്കൃഷ്ണയും സുരേഷ് ദിവാകറും അധികദൂരമൊന്നും സഞ്ചരിച്ചിട്ടില്ല എന്നെ പറയാനാവൂ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Biju menon aanakallan movie review in malayalam

Best of Express