ബിജുമേനോൻ നായകനാവുന്ന ‘ആനക്കള്ളനും’ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ‘ഡാകിനി’യും തിയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്താനിരുന്ന ‘ഡാകിനി’ ഹർത്താൽ കാരണം റിലീസിംഗ് ഡേറ്റ് ഒക്ടോബർ 19 ലേക്ക് മാറ്റി. ‘ആനക്കള്ളന്റെ’ ഫസ്റ്റ് ഷോയും ഹർത്താൽ കാരണം ഒക്ടോബർ 18 ന് വൈകിട്ട് 6 മണിയ്ക്ക് റീഷെഡ്യൂൾ ചെയ്തു.

ഒറ്റമുറി വെളിച്ചത്തിനു സംസ്ഥാന അവാർഡ് നേടിയ രാഹുലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഡാകിനി’. സംസ്ഥാന അവാർഡ് ജേതാവ് പൗളി വൽസൻ, സേതുലക്ഷ്മി, സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, അജു വർഗീസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഴുനീള എന്റർടെയ്നറാണ് ബിജുമേനോൻ നായകനാവുന്ന ‘ആനക്കള്ളൻ’. സുരേഷ് ദിവാകറാണ് ചിത്രത്തിന്റെ സംവിധായകൻ. ഉദയ്‌കൃഷ്ണ ടീമിന്റേതാണ് തിരക്കഥ. ‘പുലിമുരുകന്‍’, ‘മാസ്റ്റർപീസ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ഉദയ്‌കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ‘പഞ്ചവര്‍ണ്ണതത്ത’യ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിർമിക്കുന്ന ചിത്രമാണ് ‘ആനക്കള്ളൻ’.

അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാർ. പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.​ ആൽബി ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിർവ്വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook