എവിടെ നിന്നാണ് യഥാര്‍ത്ഥ കല ജനിക്കുന്നത്? മറ്റെങ്ങുനിന്നുമല്ല, വൈകാരികതകളാണ് കലയായി പരിണാമപ്പെടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ബോധി സൈലന്റ് സ്‌കേപ് മാതൃസ്‌നേഹം നിറഞ്ഞ ഈ സംഗീതം നമ്മളിലേക്കെത്തിക്കുന്നത്. ബോധിയുടെ പിന്നണിക്കാരായ മൂന്നു കുരുന്നു പ്രതിഭകളാണ് ഇതിനു പിന്നില്‍. ‘കൈപിടിട്ട്- ലവ് ടു ഓള്‍ മദേഴസ്’ എന്ന സംഗീത-ദൃശ്യാവിഷ്‌കാരത്തിലൂടെ തങ്ങളുടെ മുറിവുകളെ, വ്യഥകളെ സംഗീതമായി മാറ്റിയവര്‍.

സംഗീത സംവിധായകന്‍ ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് ബിജിബാലിന്റെയും ശാന്തിയുടേയും മക്കള്‍ ദേവദത്തും ദയയും അവര്‍ക്കൊപ്പം ലോലയുമാണ്. സംഗീതം നൽകിയിരിക്കുന്നതും ദേവദത്ത് തന്നെയാണ്.

തൊണ്ടയില്‍ വന്നു നില്‍ക്കുന്ന ഒരു കരച്ചിലാണിത്. ഉള്ളിലെ വേദനകള്‍ പറയുകയല്ല, പാടുകയാണവര്‍. വേദനകളില്‍ നിന്ന്, ഈ കുഞ്ഞുങ്ങളുടെ വലിയ വലിയ ഹൃദയങ്ങളില്‍ നിന്നുണ്ടായ സംഗീതം കേള്‍ക്കുന്നവരുടെ കണ്ണു നിറയ്ക്കും.

‘കനവിലും അഴലിലും ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായി പറക്കാം..’ ആ അമ്മയ്ക്ക് നല്‍കാന്‍ ഇതില്‍പരം എന്താണുള്ളത്..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ