പിരിഞ്ഞിട്ടും ഇന്നും പിരിയാതെ കൂടെയുണ്ടാവുക, ഓരോ ചിത്രങ്ങളും ഓർമകളിലേക്കുള്ള യാത്രകളാവുക. സംഗീത സംവിധായകൻ ബിജിബാലിനെ സംബന്ധിച്ച് ഭാര്യ ശാന്തിയെ കുറിച്ചുള്ള ഓരോ ഓർമ്മകളും അനശ്വര പ്രണയത്തിലേക്കുള്ള തീർത്ഥയാത്രകളാണ്. പ്രണയത്തിന്റെ 17 വർഷം പൂർത്തിയാക്കുമ്പോൾ ഭാര്യ ശാന്തിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബിജിബാൽ.
പ്രണയവാർഷികത്തിൽ ശാന്തിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ബിജിബാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ. ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം’, എന്ന വരികളോടെ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങൾ നെഞ്ചിലേറ്റുകയാണ്.
2002 ൽ ആയിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. നർത്തകിയായ ശാന്തി നൃത്താധ്യാപികയായും പ്രവർത്തിച്ചിരുന്നു. ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനു വേണ്ടി ശാന്തി കൊറിയോഗ്രാഫ് ചെയ്ത നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നൃത്തപരിശീലന രംഗങ്ങളിൽ ശാന്തി അഭിനയിക്കുകയും ചെയ്തു. ‘സകല ദേവനുതേ’യ്ക്ക് വേണ്ടി നൃത്തസംവിധാനവും നിർവ്വഹിച്ചിരുന്നു. ഒപ്പം ബിജിബാല്‍ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.
2017-ലാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം ശാന്തി മരിക്കുന്നത്. ഭാര്യയുടെ അസാന്നിധ്യത്തിലും ആ ഓർമ്മകളിൽ മക്കൾ ദയയ്ക്കും ദേവദത്തിനുമൊപ്പം ജീവിക്കുകയാണ് ബിജിബാൽ.
Read more: ഇനിയും അവള്‍ക്ക് നിത്യശാന്തി നേരരുത്’; കണ്ണ് നിറഞ്ഞപ്പോള്‍ കരുതലായവര്‍ക്ക് നന്ദി പറഞ്ഞ് ബിജിബാല്‍