കൊച്ചി: ഭാര്യയുടെ മരണത്തിന് പിന്നാലെ ആശ്വാസം പകര്‍ന്ന് കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകന് ബിജിബാല്‍. ‘നന്ദി, ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും “ഞാൻ” ഇല്ല, “ഞങ്ങൾ” തന്നെ”, ബിജിബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ശാന്തിക്ക് ഇനിയും നിത്യശാന്തി നേരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ (36)പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. നർത്തകിയായ ശാന്തി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
2002 ജനുവരി 21നായിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ബിജിബാൽ സംഗീതം പകർന്ന ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം ശാന്തി പുറത്തിറക്കിയിരുന്നു. ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. എട്ടു വയസുകാരിയായ മകൾ ദയ ബിജിബാൽ കുഞ്ഞിരാമായണം എന്ന സിനിമയിൽ പാടിയിട്ടുണ്ട്. 13 വയസുള്ള ദേവദത്ത് മകനാണ്.