പാതിവഴിയില്‍ മുറിഞ്ഞപോയൊരു ഈണം പോലെയാണ് ബാലഭാസ്കര്‍ എന്ന സംഗീത പ്രതിഭ അരങ്ങൊഴിഞ്ഞത്. പക്ഷെ ഭൂമിയില്‍ ശബ്ദമുള്ളിടത്തോളം കാലം ആ അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മരണമില്ല. പ്രിയ സുഹൃത്തിന് സംഗീതത്തിലൂടെ അര്‍ച്ചന നടത്തുകയാണ് ബിജിബാല്‍.
1998ല്‍ പുറത്തിറങ്ങിയ ബാലഭാസ്കര്‍ സംഗീതം നല്കിയ നിനക്കായ് എന്ന ആല്‍ബത്തിലെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനം വയലിനില്‍ വായിച്ചുകൊണ്ടാണ് ബിജിബാല്‍ ബാലഭാസ്കറിനെ സ്മരിച്ചത്.
ഈസ്റ്റ്കോസ്റ്റ് വിജയനാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ജയചന്ദ്രന്, സംഗീത എന്നിവര്‍ ആലപിച്ച ഗാനം അക്കാലത്തെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു. നിനക്കായ് എന്ന ആല്‍ബത്തിലെ എല്ലാ പാട്ടുകളുടേയും സംഗീതം ബാലഭാസ്കര്‍ തന്നെയായിരുന്നു ചെയ്തത്.
Read More: നിനക്കായ് തോഴീ പുനര്‍ജനിക്കാം…
ഈസ്റ്റ്കോസ്റ്റിന്റെ തന്നെ ആദ്യമായ് എന്ന ആല്‍ബത്തിലേയും പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് ബാലഭാസ്കറായിരുന്നു. ഇതിലെ ഇനിയാര്‍ക്കുമാരോടും എന്ന ഗാനവും ഒരുതലമുറയുടെ പ്രണയസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നതായിരുന്നു.
Read More: പ്രാര്‍ത്ഥനകളോടെ ബാലുവിന് വിട നല്കി കലാകേരളം
കഴിഞ്ഞദിവസം കലാഭവനില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സ്റ്റീഫന്‍ ദേവസ്സിയും ബാലഭാസ്കറിന് കീബോര്‍ഡില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ബാലഭാസ്കറിന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ കോര്‍ത്താണ് സ്റ്റീഫന്‍ അദ്ദേഹത്തിന് അവസാന യാത്രാമൊഴി നല്‍കിയത്. ചങ്കുതകര്‍ന്നു കൊണ്ട് സ്റ്റീഫന്‍ ദേവസി കീബോര്‍ഡില്‍ തന്റെ ബാലുവിനായി ഈണമിട്ടപ്പോള്‍ കൂടിനിന്നവരുടെയെല്ലാം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഓരോ ശ്വാസത്തിലും സംഗീതത്തോടുള്ള പ്രണയം നിറച്ച് ബാലഭാസ്കര്‍ കടന്നു പോകുമ്പോള്‍, ആ പ്രതിഭയുടെ ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ. ഈണങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലു ജീവിച്ചുകൊണ്ടേയിരിക്കും.