വിവാഹ വാര്‍ഷിക ദിനം തന്റെ ഭാര്യയ്‌ക്ക് സംഗീതം കൊണ്ട് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. താനും ഭാര്യ ശാന്തി ബിജിബാലും ചേര്‍ന്നാലപിച്ച ഗാനം പങ്കുവച്ചായിരുന്നു ബിജിബാല്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കിയത്.
ഒഎന്‍വി കുറുപ്പ് എഴുതി എം.ബി.ശ്രീനിവാസന്‍ സംഗീതം നിര്‍വ്വഹിച്ച ശരബിന്ദു എന്ന ഗാനത്തിന്റെ അണ്‍ കവറാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മരിക്കുന്നതിന് നാളുകള്‍ മുമ്പ് ബിജിബാലും ഭാര്യയും ചേര്‍ന്ന് ആലപിച്ചതാണ് ഗാനം.
യഥാര്‍ത്ഥ ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനും സല്‍മ ജോര്‍ജുമാണ്. ‘വിവാഹവാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം.’ എന്ന് അദ്ദേഹം രാവിലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ശാന്തിയുമൊത്തുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങള്‍ മുമ്പാണ് ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ (36) പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. നര്‍ത്തകിയായ ശാന്തി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയില്‍ പ്രാവീണ്യം തെളിയിച്ചിരുന്നു.
2002 ജനുവരി 21നായിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ബിജിബാല്‍ സംഗീതം പകര്‍ന്ന ‘സകലദേവ നുതേ’ എന്ന പേരില്‍ സരസ്വതി സ്‌തുതികളുടെ നൃത്ത രൂപം ശാന്തി പുറത്തിറക്കിയിരുന്നു. ബിജിബാല്‍ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്‌തിരുന്നു. എട്ടു വയസുകാരിയായ മകള്‍ ദയ ബിജിബാല്‍ കുഞ്ഞിരാമായണം എന്ന സിനിമയില്‍ പാടിയിട്ടുണ്ട്. 13 വയസുള്ള ദേവദത്ത് മകനാണ്.