New Release: വിജയ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ നാളെ റിലീസിനെത്തുകയാണ്. 180 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമ്പോൾ മലയാളത്തിൽ നിന്നും നാലു ചിത്രങ്ങളും നാളെ റിലീസിനൊരുങ്ങുകയാണ്. സിദ്ദിഖിന്റെ മകൻ ഷാഹിൻ സിദ്ദിഖ് നായകനാവുന്ന ‘ഒരു കടത്തനാടൻ കഥ’, ‘വട്ടമേശ സമ്മേളനം’, ആന്തോളജി ചിത്രമായ ‘ലെസ്സൻസ്’, മരപ്പാവ എന്നിവയാണ് നാളെ റിലീസിനെത്തുന്നത്.

മാസ് റിലീസുമായി ബിഗിൽ

കേരളത്തിൽ 250 സ്ക്രീനുകളിലാണ് ‘ബിഗിൽ’ പ്രദർശിപ്പിക്കപ്പെടുന്നത്. കേരളത്തിൽ ആദ്യ ദിനം 308 ഫാൻസ് ഷോകളും ചിത്രത്തിനുണ്ട്. പുലർച്ചെ നാലു മണിക്കാണ് ആദ്യ ഫാൻസ് ഷോ. ഹിറ്റ് ചിത്രങ്ങളായ ‘തെറി’ക്കും ‘മെര്‍സലി’നും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയായ ‘ബിഗിലി’ൽ നയന്‍താരയാണ് വിജയിന്റെ നായികയായി എത്തുന്നത്.

ഇരട്ട കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുന്നത്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രങ്ങളുടെ പേര് പേര്. വിവേക്, ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീതം.

എട്ടു കഥകളുമായി വട്ടമേശ സമ്മേളനം

‘ഹോംലി മീല്‍സ്’, ‘ബെന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ വിപിൻ ആറ്റ്‌ലിയും കൂട്ടരും അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘വട്ടമശ സമ്മേളനം’. വിപിൻ ആറ്റ്‌ലിയുടെ നേതൃത്വത്തിൽ സാഗർ വി എ , വിപിൻ ആറ്റ്ലി, അജു കിഴുമല , അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവർ ചേർന്നു ഒരുക്കിയ ചിത്രമാണ് ‘വട്ടമേശ സമ്മേളനം’. എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് എട്ടു സംവിധായകർ ഒരുക്കിയ ഒറ്റ സിനിമയെന്നും ‘വട്ടമേശ സമ്മേളന’ത്തെ വിശേഷിപ്പിക്കാം.

കലിംഗ ശശി, സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായർ, കെ.ടി.എസ്.പടന്നയിൽ, മോസസ് തോമസ്, മെറീന മൈക്കിൾ, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എംസിസി സിനിമ കമ്പനിയുടെ ബാനറിൽ അമരേന്ദ്രൻ ബൈജുവാണ് ചിത്രം നിർമിച്ചത്.

ചിത്രത്തിന്റെ സർക്കാസ്റ്റിക് സ്വഭാവമുള്ള ട്രെയിലറും പോസ്റ്ററുമെല്ലാം സമൂഹമാധ്യമങ്ങളിൽ മുൻപു തന്നെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രെയിലർ എന്ന സ്വയം വിശേഷണത്തോടെയാണ് ട്രെയിലർ എത്തിയത്. ‘കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല,’ എന്ന ട്രെയിലറിലെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

കുഴൽപണക്കടത്തിന്റെ കഥയുമായി ‘ഒരു കടത്തനാടൻ കഥ’

കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനു എന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഒരു കടത്തനാടൻ കഥ’. നടൻ സിദ്ദിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. നവാഗതനായ പീറ്റർ സാജനാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഷഹീനെ കൂടാതെ പ്രദീപ് റാവത്ത്‌ , സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും ചിത്രത്തിലുണ്ട്. റിതേഷ് കണ്ണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സ്ത്രീപക്ഷ കഥയുമായി ‘മരപ്പാവ’

അരുണോദയം ക്രിയേഷന്റെ ബാനറിൽ ടിഎസ് അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘മരപ്പാവ’. സമകാലിക സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അതിക്രമങ്ങളും മാനസിക പ്രശ്നങ്ങളും തുറന്നു കാട്ടുന്ന ചിത്രം കൂടിയാണ് ഇത്. ലണ്ടനിലെ പൈൻവുഡ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതയാഥാർത്ഥ്യങ്ങളുടെ തുലാസിലെ മരപ്പാവകളാകുന്ന മനുഷ്യജന്മങ്ങൾ എന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം. മറിയ, ഷാജി വെയിലൂർ, ശ്രീജ, രാധാകൃഷ്ണൻ, ഗോകുൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ജി കൃഷ്ണ ഛായാഗ്രഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

നാല് സംവിധായകർ ഒന്നിക്കുന്ന ‘ലെസ്സൻസ്’

ആന്തോളജി വിഭാഗത്തിൽ വരുന്ന ചിത്രമാണ് ‘ലെസ്സൻസ്’. നാലു സംവിധായകരുടെ നാലു ചിത്രങ്ങളാണ് ‘ലെസ്സൻസി’ൽ വരുന്നത്. താജ് ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ജാലകം’, മനോജ് എസ് നായര്‍ സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി’, രമേഷ് അമ്മാനത്ത് സംവിധാനം ചെയ്യുന്ന ‘ചൂളം’, മുഹമ്മദ് ഷാ ഒരുക്കുന്ന ‘പാണിഗ്രഹണം’ എന്നിങ്ങനെ നാലു ചിത്രങ്ങളാണ് ഇതിൽ വരുന്നത്.കോണ്‍ടാക്ടിന്‍റെ ബാനറില്‍ മുഹമ്മദ് ഷാ ആണ് ചിത്രം നിര്‍മിക്കുന്നത്.

Read more: ijay Bigil Movie: ബിഗിൽ തരംഗം കേരളത്തിലും, വരവേൽക്കാനൊരുങ്ങി വിജയ് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook