വിജയിന്റെ ദീപാവലി ചിത്രം ‘ബിഗിൽ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഒരു ഭാഗത്ത്, ചിത്രത്തിൽ നയൻതാരയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്ന് നിരൂപകർ വിലയിരുത്തുമ്പോൾ മറുഭാഗത്ത് ‘സിങ്കപെണ്ണേ…’ എന്ന പാട്ടിൽ നയൻതാര വെറുതെ വന്നു പോകുന്നതിനെ കുറിച്ചാണ് ചർച്ച. ജീവിതത്തിൽ പോരാടി ജയിച്ചുവന്ന നയൻതാര തന്നെയാണ് സിങ്കപെണ്ണാവാൻ ഏറ്റവും യോഗ്യയായ ആൾ എന്നാണ് മറ്റൊരു കൂട്ടം ആരാധകർ സമർത്ഥിക്കുന്നത്.
“സിങ്കപെണ്ണിൽ നയൻതാര എന്തുകൊണ്ടാണ് വന്നുപോവുക മാത്രം ചെയ്യുന്നതെന്ന് ചോദിച്ചു കൊണ്ടുള്ള ഒരു റിവ്യൂ കണ്ടു. സിനിമാ വ്യവസായത്തിലെ ലിംഗപരമായ എല്ലാ സ്റ്റീരിയോടൈപ്പ് പ്രവണതകളെയും ഒറ്റയ്ക്ക് തകർത്തൊരു വ്യക്തിയാണ് നയൻതാര. അത്ര പ്രാധാന്യത്തോടെ അവിടെ അവർ ഇല്ലായെങ്കിലും, സിങ്കപെണ്ണാവാൻ അവരോളം യോഗ്യരായ മറ്റാരുമില്ല,” എന്നാണ് കിഷൻ ദാസ് എന്നയാളുടെ ട്വീറ്റ്.
I saw a review where someone asked why Nayanthara was randomly a part of Singapenne.
She has single handedly broken almost every gender stereotype in the industry. Even if she didn’t have to be there cause of her role, no one deserves to be a Singapenne more than she does.
— Kishen das (@kishen_das) 28 October 2019
‘ബിഗിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടു വന്ന മിക്ക റിവ്യൂകളിലും നിരൂപകർ എടുത്തു പറഞ്ഞ കാര്യങ്ങളിലൊന്ന്, ചിത്രത്തിൽ നയൻതാരയുടെ പ്രസക്തിയെ കുറിച്ചാണ്. തെന്നിന്ത്യയിൽ ഏറെ താരമൂല്യമുള്ള, പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് നയൻതാര. നായികാപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്ന, ഒരു സിനിമ ഒറ്റയ്ക്ക് ഓടിക്കാൻ കഴിവുള്ള ഒരു നായിക- അങ്ങനെയൊരാൾ താരചിത്രത്തിലെ താരതമ്യേന പ്രാധാന്യമില്ലാത്ത കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോവേണ്ട കാര്യമുണ്ടോ എന്നതാണ് നിരൂപകർ ഉന്നയിച്ച പ്രധാന വിമർശനങ്ങളിലൊന്ന്.
നയൻതാരയെ പോലൊരു നായികയെ കൂടി സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന സിനിമാരീതികളോടുള്ള വിയോജിപ്പും നിരവധി നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പുരുഷ കേന്ദ്രീകൃതമായ മാസ് സിനിമകൾ, നയൻതാരയെ പോലൊരു സ്റ്റാർ വാല്യു ഉള്ള നായികയെ പോലും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് നിരൂപകർ എടുത്തു പറയുന്ന കാര്യങ്ങളിലൊന്ന്.
“ജയിക്കാൻ വേണ്ടി പോരാടുന്ന സ്ത്രീകളുടെ കഥ പറയുന്ന സിനിമയിൽ, പോരാടി ജയിച്ചുവന്ന നയൻതാരയും ഉണ്ടെന്നത് ഒരു നിമിത്തമാണ്,” എന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് പറഞ്ഞത്. വിജയ് തന്നെ അത്രയേറെ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞ നടിയ്ക്ക് എന്നിട്ടും സിനിമയിൽ എന്തുകൊണ്ടാണ് പ്രാധാന്യം കുറഞ്ഞു പോയത് എന്നും നിരൂപകർ ചോദിച്ചിരുന്നു.
എന്നാൽ ഈ വിമർശനങ്ങൾക്ക് ഉത്തരം നൽകുകയാണ് നിലവിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ട്വീറ്റുകൾ. ജീവിതത്തിൽ പോരാടി ജയിച്ചുവന്ന നയൻതാര തന്നെയാണ് സിങ്കപെണ്ണാവാൻ ഏറ്റവും യോഗ്യ എന്നാണ് ഈ ട്വീറ്റുകൾ സമർത്ഥിക്കുന്നത്. ‘സിങ്കപ്പെണ്ണ്’ എന്ന ഗാനരംഗത്തിൽ നയൻതാര മാത്രമല്ല, എ ആർ റഹ്മാനും ആറ്റ്‌ലിയും വന്നു പോവുന്നുണ്ട്. എന്തുകൊണ്ട് നയൻതാര എന്നു ചോദിക്കുന്നതിനൊപ്പം തന്നെ എന്തുകൊണ്ട് ആറ്റ്‌ലിയുടെയും എ ആർ റഹ്മാന്റെയും കാമിയോ റോൾ എന്നു ചോദിക്കേണ്ടേ എന്നാണ് മറ്റൊരു ട്വീറ്റ്.
Ha ha tbh.. When I saw them I asked the same question bro.. Edhuku atlee and Arr cameo? What am trying to say is.. People questioned are & atlee too.. It’s not just nayan
— Satish (@Satishisk) 28 October 2019
That’s exactly why Nayanthara was cast in #Bigil, as even vijay said “Poradi jeikra Pengal irukura padathula vaazhkaila jeicha nayan irukuradhu sandhosham” seems like some aren’t happy, let’s not care abt those shit heads..
— (@V_I_S____) 28 October 2019
I thought why #Nayanthara for #Bigil almost all along the film
But when she stood tall in #Singapenne, that wasn’t Angel, that was Nayantara! When you make a movie representing female strength, this woman should be it’s poster girl pic.twitter.com/KByuoylMSO— Mahima NandaKumar (@memahima) 27 October 2019
Bigil Box office Collection Day 3: വാദങ്ങളും പ്രതിവാദങ്ങളുമായി ‘ബിഗിലു’മായ ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുമ്പോൾ മൂന്നു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടി ബോക്സ് ഓഫീസിലും മുന്നേറുകയാണ് ചിത്രം. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’. രജനീകാന്തിന്റെ ‘2.0’, വിജയ് തന്നെ നായകനായ ‘സർക്കാർ’ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
ഒക്ടോബർ 25 ന് വേൾഡ് വൈഡ് റിലീസ് ചെയ്ത ‘ബിഗിൽ’ മൂന്നു ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. രാജ്യാന്തര വിപണി ഉൾപ്പെടെ അസാധാരണമായ ഓപ്പണിംഗ് ആണ് ചിത്രം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ‘ബിഗിൽ’ മുരുഗദോസ് ചിത്രം ‘സർക്കാറി’നെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. മലേഷ്യ, യൂറോപ്പ്, യു എസ് തുടങ്ങിയ വിദേശ വിപണികളിലാണ് ‘ബിഗിൽ ഉയർന്ന സ്കോർ നേടിയിരിക്കുന്നത്. ഒരിക്കൽ രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളുടെ ശക്തി കേന്ദ്രമായിരുന്നു യു എസ് മാർക്കറ്റിലും ‘ബിഗിൽ’ മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയാണ്. ആസ്ട്രേലിയയിൽ ‘പേട്ട’ നേടിയ കളക്ഷനെയും ‘ബിഗിൽ’ പിന്നിലാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
Bigil Movie review: ഒരു മാസ് ചിത്രത്തിന് അപ്പുറം കലാമൂല്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒന്നാണ് ‘ബിഗിൽ’ എന്നാണ് നിരൂപകർ ചിത്രത്തെ വിലയിരുത്തുന്നത്. നെഗറ്റീവ് റിവ്യൂകൾക്കിടയിലും ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്ന സ്വീകരണം അത്ഭുതപ്പെടുത്തുന്നു എന്നാണ് ജി കെ സിനിമാസിന്റെ മാനേജിങ് ഡയറക്ടർ റൂബൻ മതിവനൻ പറയുന്നത്. സാമ്പത്തികപരമായി ‘സർക്കാറി’ലും ഉയർന്ന വിജയം നേടും ‘ബിഗിൽ’ എന്നാണ് റൂബന്റെ വിലയിരുത്തൽ. “സർക്കാറിന്റെ ഓപ്പണിംഗ് നല്ലതായിരുന്നു എന്നാൽ നെഗറ്റീവ് റിവ്യൂസ് വന്നു തുടങ്ങിയതോടെ സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. നിലവിൽ അത്ര നല്ല റിവ്യൂസ് അല്ല ‘ബിഗിലി’നു ലഭിക്കുന്നത്. എന്നിരുന്നാലും അത്ഭുതവശാൽ ചിത്രം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്. അടുത്ത ഞായറാഴ്ച വരെ എന്തായാലും ഹൗസ്ഫുൾ ഷോകൾ തന്നെ പ്രതീക്ഷിക്കാം എന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്,” റൂബൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
“ഇഷ്ട താരം സക്രീനില്‍ ആടുന്നതും പാടുന്നതും തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് കസറുന്നതും വില്ലന്മാരെ എടുത്തിട്ട് അലക്കുന്നതും പിന്നെ ആളുടെ വക കുറച്ച് സാരോപദേശവും. ഒരു ശരാശരി വിജയ് ഫാനിനെ തൃപ്തിപ്പെടുത്താന്‍ ഇതൊക്കെ ധാരാളം. ഈ ചേരുവകളെല്ലാം ചേര്‍ത്തു തന്നെ ആറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘ബിഗില്‍’. ‘ഭഗവതി’യില്‍ തുടങ്ങി വച്ചത് ഇപ്പോഴും തുടരുകയാണ് വിജയ്,” ഇന്ത്യൻ എക്സ്‌പ്രസിന്റെ റിവ്യൂ ചിത്രത്തെ വിലയിരുത്തുന്നതിങ്ങനെ.
Read more: Vijay ‘Bigil’ Movie Review: ‘ബിഗിലി’ല്‍ ഫുട്‌ബോള്‍ ‘രക്ഷകന്‍’; മാറ്റങ്ങളില്ലാതെ വിജയ്