വിജയ് ചിത്രം ‘ബിഗിൽ’ നൂറുകോടി ക്ലബ്ബിലേക്ക്. മൂന്നു ദിവസം കൊണ്ട് 100 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയെടുത്തു എന്നാണ് റിപ്പോർട്ട്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’. രജനീകാന്തിന്റെ ‘2.0’, വിജയ് തന്നെ നായകനായ ‘സർക്കാർ’ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
ഒക്ടോബർ 25 ന് വേൾഡ് വൈഡ് റിലീസ് ചെയ്ത ‘ബിഗിൽ’ മൂന്നു ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. രാജ്യാന്തര വിപണി ഉൾപ്പെടെ അസാധാരണമായ ഓപ്പണിംഗ് ആണ് ചിത്രം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ‘ബിഗിൽ’ മുരുഗദോസ് ചിത്രം ‘സർക്കാറി’നെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. മലേഷ്യ, യൂറോപ്പ്, യു എസ് തുടങ്ങിയ വിദേശ വിപണികളിലാണ് ‘ബിഗിൽ ഉയർന്ന സ്കോർ നേടിയിരിക്കുന്നത്. ഒരിക്കൽ രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളുടെ ശക്തി കേന്ദ്രമായിരുന്നു യു എസ് മാർക്കറ്റിലും ‘ബിഗിൽ’ മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയാണ്. ആസ്ട്രേലിയയിൽ ‘പേട്ട’ നേടിയ കളക്ഷനെയും ‘ബിഗിൽ’ പിന്നിലാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
“ഈ ആഴ്ച ഇനി പ്രധാന റിലീസുകളൊന്നുമില്ല എന്നതും ‘ബിഗിലി’നു ഗുണം ചെയ്യും. ആദിത്യ വർമയുടെ ചിത്രമടക്കം ഒരുപിടി ചിത്രങ്ങൾ നവംബർ എട്ടിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വലിയ ബോളിവുഡ് ചിത്രങ്ങളും വരും ആഴ്ചകളിൽ എത്താനില്ല എന്നതും ‘ബിഗിലി’നു രക്ഷയാകും,” ജി കെ സിനിമാസിന്റെ മാനേജിങ് ഡയറക്ടർ റൂബൻ മതിവനൻ പറയുന്നു.
സാമ്പത്തികപരമായി ‘സർക്കാറി’ലും ഉയർന്ന വിജയം നേടും ‘ബിഗിൽ’ എന്നാണ് റൂബന്റെ വിലയിരുത്തൽ. “സർക്കാറിന്റെ ഓപ്പണിംഗ് നല്ലതായിരുന്നു എന്നാൽ നെഗറ്റീവ് റിവ്യൂസ് വന്നു തുടങ്ങിയതോടെ സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. നിലവിൽ അത്ര നല്ല റിവ്യൂസ് അല്ല ‘ബിഗിലി’നു ലഭിക്കുന്നത്. എന്നിരുന്നാലും അത്ഭുതവശാൽ ചിത്രം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്. അടുത്ത ഞായറാഴ്ച വരെ എന്തായാലും ഹൗസ്ഫുൾ ഷോകൾ തന്നെ പ്രതീക്ഷിക്കാം എന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്,” റൂബൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
‘ബിഗിൽ’ മാത്രമല്ല, കാർത്തി ചിത്രം ‘കൈദി’യും തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്നുണ്ടെന്നും റൂബൻ പറയുന്നു. കാർത്തിയുടെ കരിയറിലെ വലിയ ഹിറ്റ് ചിത്രമായി ‘കൈദി’ മാറാൻ സാധ്യതയുണ്ടെന്ന പ്രത്യാശയും റൂബൻ പ്രകടിപ്പിക്കുന്നു. തിയേറ്ററുകളിൽ 70% ശതമാനത്തോളം കളക്ഷൻ ‘ബിഗിൽ’ കൊണ്ടു പോകുമ്പോൾ 30% കളക്ഷൻ നേടി കൊണ്ട് മത്സരവീര്യത്തോടെ ‘കൈദി’യും ഉണ്ട് തൊട്ടുപിറകിൽ. പ്രമേയപരമായും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
Read more: Vijay ‘Bigil’ Movie Review: ‘ബിഗിലി’ല് ഫുട്ബോള് ‘രക്ഷകന്’; മാറ്റങ്ങളില്ലാതെ വിജയ്