‘ബിഗ്‌ബോസ്സ്’ തമിഴ് സീസണ്‍ ഒന്നിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ സമയത്താണ് ‘ഇന്ത്യന്‍’ രണ്ടാം ഭാഗം വരുന്നു എന്ന കമല്‍ ഹാസന്റെ പ്രഖ്യാപനം ഉണ്ടായത്. ‘ബിഗ്‌ബോസ്സ്’ സീസണ്‍ രണ്ടും അവസാനിക്കാറാകുമ്പോള്‍ കമലിന്റെ ‘തേവര്‍ മകന്‍’ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനു കാരണവുമുണ്ട്. ‘ബിഗ്‌ബോസ്സ്’ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രോമോയില്‍ കമല്‍ അവതരിക്കുന്നത് ‘തേവര്‍ മകനി’ലെ ഗെറ്റപ്പിലാണ്. ‘തേവര്‍ മകന്റെ’ പശ്ചാത്തല സംഗീതവും പ്രോമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് കഴിഞ്ഞ തവണത്തെപ്പോലൊരു പ്രഖ്യാപനത്തിന്റെ പ്രതീക്ഷയിലാണ് കമല്‍ രസികര്‍ മണ്ട്രം.

1992ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തേവര്‍ മകന്‍’. കേന്ദ്ര കഥാപാത്രമായ ശക്തിവേലിനെ അവതരിപ്പിച്ച കമല്‍ തന്നെയാണ് നിര്‍മ്മാതാവും രചയിതാവും. കമല്‍ഹാസന്റെ അച്ഛന്റെ വേഷത്തില്‍ ശിവാജി ഗണേശനും കാമുകി, ഭാര്യ എന്നിവരുടെ വേഷങ്ങളില്‍ യഥാക്രമം ഗൌതമി, രേവതി എന്നിവരും അഭിനയിച്ചു. ഇരുനൂറോളം ദിവസങ്ങള്‍ തിയേറ്ററുകളില്‍ കളിച്ച സിനിമ വന്‍ വിജയമായിരുന്നു. പിന്നീട് ഹിന്ദി, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ‘തേവര്‍ മകന്‍’ ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള രജത കമലം ഉള്‍പ്പടെ അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. തമിഴ് നാട്ടിലെ തേവര്‍ സമുദായത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ രണ്ടു തലമുറകളുടെ കഥ പറഞ്ഞ സിനിമയും തമിഴ് സിനിമാ രംഗത്തെ പ്രധാനചിത്രങ്ങളില്‍ ഒന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook