തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസൺ 50ൽ അധികം ദിവസങ്ങൾ പിന്നിട്ട് തുടരുകയാണ്. ഉലകനായകന് കമല്ഹാസന് അവതാരകനായി എത്തുന്ന പരിപാടിയുടെ ആദ്യ രണ്ട് പതിപ്പുകളും വലിയ വിജയം നേടിയിരുന്നു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സെലിബ്രിറ്റികളാണ് ഷോയില്‍ മത്സരിക്കുന്നത്. നൂറ് ദിവസം നീളുന്ന പരിപാടിയില്‍ മത്സരാർഥികളുടെ പ്രകടനവും സ്വഭാവ മാറ്റങ്ങളുമെല്ലാം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. അത്തരത്തിൽ പലപ്പോഴും മത്സരാർത്ഥികൾ തമ്മിൽ വാക്ക് തർക്കമുണ്ടാകുന്നതും പതിവാണ്. എന്നാൽ ടെലിവിഷൻ പ്രേക്ഷകരെ ആകെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ എപ്പിസോഡ് അണിയറ പ്രവർത്തകർ സംപ്രേക്ഷണം ചെയ്തത്.
തമിഴ് സിനിമ നടി മധുമിതയാണ് ബിഗ് ബോസ് വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തന്രെ കൈ മുറിച്ചാണ് മധുമിത ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ ഇവർ ഷോയിൽ നിന്ന് പുറത്താവുകയും ചെയ്തു.
ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിൽ ഏറെ വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു മധുമിത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോയിരുന്ന ഷോയിലേക്ക് വനിത വിജയകുമാർ തിരികെയെത്തുകയും വൈൾഡ് കാർഡ് എൻട്രിയായി കസ്തൂരി എത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ വഷളായത്. സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകൾ കണ്ട ഇരുവരും ഓരോരുത്തരോടും അതിനെ കുറിച്ച് സംസാരിക്കുകയും പ്രകോപിക്കുകയും ചെയ്തു. പുരുഷന്മാരായ മത്സരാർത്ഥികളെക്കുറിച്ചുള്ളൊരു പരാമർശം വനിത മധുമിതയോട് പറഞ്ഞതോടെ വിലയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടത്.
പിന്നാലെ മറ്റ് മത്സരാർത്ഥികളായ കവിൻ, മുഗിൻ, ദർശൻ, സാൻഡി, ലോസ്ലിയ എന്നിവരുമായി മധുമിത തർക്കത്തിൽ ഏർപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന തർക്കത്തിനൊടുവിൽ മധുമിത ക്യാപ്റ്റൻ ടാസ്ക്കും വിജയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ ഷോയിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്തു.
വനിതയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ശനിയാഴ്ച നടന്ന എപ്പിസോഡിൽ വനിതയ്ക്കെതിരെ കാണികൾ കൂവുന്നതും കാണാമായിരുന്നു. അതേസമയം കവിൻ, സാൻഡി, ലോസ്ലിയ എന്നിവരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വേറൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.
വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർഥികളുടെ ഓരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാർഥികള്‍ താമസിക്കേണ്ടത്. മത്സരാർഥിക്ക് വേണ്ടുന്ന ഭക്ഷണം നിർമിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്കുന്നു. മത്സരാർഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം.
ബിഗ് ബോസ് ആഴ്ചതോറും വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാർഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരിക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാർഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.