Bigg Boss Tamil Season 3: ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ മൂന്നാമത്തെ പതിപ്പിന് ഞായറാഴ്ച തുടക്കമാകും. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ ഹാസന്‍ തന്നെയാണ് മൂന്നാമത്തെ പതിപ്പിലും അവതാരകനായി എത്തുക. വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത, ഡച്ച് ടെലിവിഷന്‍ സീരിസായ ‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ എന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രചോദനം.

കമല്‍ ഹാസന്‍ അവതാരകനായെത്തിയ ആദ്യ പതിപ്പ്, പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം പതിപ്പിനെയും പ്രേക്ഷകര്‍ നിറഞ്ഞമനസ്സോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ബിഗ് ബോസ് തമിഴിന്‍റെ ആദ്യ പതിപ്പില്‍ ആരവ് ആയിരുന്നു വിജയി, രണ്ടാം സീസണിലെ വിജയകിരീടം ഋതികയും സ്വന്തമാക്കി.

മുന്‍പ് രണ്ട് സീസണിലുമുണ്ടായിരുന്നത് പോലെ ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലും 15 മല്‍സരാര്‍ത്ഥികളാവും പങ്കെടുക്കുക. മല്‍സരം നടക്കുമ്പോള്‍ പുറം ലോകവുമായി മല്‍സരാര്‍ത്ഥികള്‍ക്ക് യാതൊരുവിധത്തിലും ബന്ധപ്പെടാനാകില്ല. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ഇവര്‍ക്ക് ലഭ്യമാകില്ല.

അഭിരാമി വെങ്കടാചലം, ചേരന്‍, ശരവണന്‍, കവിന്‍, ഫാത്തിമ ബാബു, സാക്ഷി അഗര്‍വാള്‍, മോഹന്‍ വൈത്തിയ, ലോസ്ലിയ തുടങ്ങിയ പ്രമുഖ താരങ്ങളാണ് കമല്‍ഹാസന്‍ തന്നെ അവതാരകനാകുന്ന മൂന്നാംപതിപ്പിൽ മത്സരാർത്ഥികൾ ആയെത്തുന്നത്. തമിഴ് വാര്‍ത്താ അവതാരകയായ ഫാത്തിമ ബാബു, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുമുണ്ട്. ശക്തി ടെലിവിഷനിലെ ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയാണ് ലോസ്ലിയ.

തമിഴ്-മലയാള സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാക്ഷി അഗര്‍വാള്‍. തമിഴ്നാട്ടിലെ പ്രേക്ഷകരിലേക്കെത്താന്‍, ബിഗ് ബോസ് തമിഴ് പതിപ്പിനേക്കാള്‍ പറ്റിയ മറ്റൊരു വലിയ വേദിയില്ലെന്നാണ് സാക്ഷി അഗര്‍വാള്‍ പറഞ്ഞത്.

സിനിമ സീരിയല്‍ അഭിനേത്രിയായ മധുമിതയും പരിചിതമുഖമാണ്. കുടൈക്കുള്‍ മഴൈ, ആണിവേര്‍, അരൈ എന്‍ 305ല്‍ കടവുള്‍ എന്നീ സിനിമകളില്‍ മധുമിത ശ്രദ്ധേയവേഷങ്ങളിലെത്തിയിരുന്നു.

വിജയ് ടി വിയിലൂടെയാണ് കവിന്‍ തന്‍റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശരവണ പെരുമാളിലെ വേട്ടയ്യന്‍ എന്ന കഥാപാത്രം കവിനെ കൂടുതല്‍ പരിചിതനാക്കി. ബിഗ് ബോസ് തമിഴിന്‍റെ ആദ്യ പതിപ്പിലേക്ക് മല്‍സരാര്‍ത്ഥിയായി കവിനെ ക്ഷണിച്ചെങ്കിലും സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ആ അവസരം നിഷേധിക്കുകയായിരുന്നു.

നടിയും മോഡലുമായ അഭിരാമി വെങ്കടാചലം, ശാസ്ത്രീയ നൃത്ത വേദികളിലും സജീവമാണ്. അജിത്ത് നായകനാകുന്ന ‘നേര്‍ക്കൊണ്ട പാർവൈ’ എന്ന സിനിമയിലും അഭിരാമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റിലാണ് സിനിമ ഇറങ്ങുന്നതെങ്കിലും, ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് തന്‍റെ ശ്രദ്ധ എന്നാണ് അഭിരാമി അറിയിച്ചത്. സാഹിത്യകാരന്‍‌ പവനന്‍റെ മകന്‍ രാഹുല്‍ പവനനെയാണ് അഭിരാമി വിവാഹം കഴിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലെ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ശരവണനെ കൂടുതല്‍ പ്രശസ്തനാക്കിയത് 2007ല്‍ പുറത്തിറങ്ങിയ ‘പരുത്തിവീരൻ’ എന്ന ചിത്രമാണ്. തായുമാനവന്‍ എന്ന സിനിമയും ശരവണന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അഭിനേത്രിയായ വനിത വിജയ കുമാര്‍, നടന്‍ വിജയ കുമാറിന്‍റെ ഇളയമകളാണ്. വിജയ് നായകനായ ‘ചന്ദ്രലേഖ’യില്‍ പ്രധാനകഥാപാതത്തെ അവതരിപ്പിച്ചിരുന്നു.

തമിഴ് സംവിധായകന്‍ ചേരനും ബിഗ് ബോസിന്‍റെ മൂന്നാം പതിപ്പില്‍ പങ്കെടുക്കുന്നുണ്ട്. നാല് തവണ ദേശീയപുരസ്കാരം നേടിയ ചേരന്‍, നാല് തവണ തമിഴ്നാട് സര്‍ക്കാരിന്‍റെയും അഞ്ച് തവണ സൌത്ത് ഫിലിം ഫെയറിന്‍റെയും അംഗീകാരം നേടിയിട്ടുണ്ട്.

മോഡല്‍ രംഗത്ത് നിന്ന് അഭിനയത്തിലെത്തിയതാണ് ഷെറിന്‍ ശ്രിങ്കാര്‍. കഴിഞ്ഞ ഒക്ടോബറില്‍ ജീവതത്തിലുണ്ടായ ചില തിരിച്ചടികളുടെ ആഘാതം കുറയ്ക്കാന്‍ കൂടിയാണ് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് ഷെറിന്‍ അറിയിച്ചു.

ശാസ്ത്രീയ നര്‍ത്തകനായ മോഹന്‍ വൈത്തിയും ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കക്കാരനായ തര്‍ഷന്‍, മോഡല്‍ രംഗത്ത് സജീവമാകുന്നതിന് മുന്‍പ് സോഫ്റ്റ് എന്‍ജിനീയറായിരുന്നു. നൃത്തസംവിധായകനെന്ന നിലയിലാണ് സാന്‍ഡി അറിയപ്പെടുന്നത്. മലേഷ്യയില്‍ നിന്നുള്ള മുഗേന്‍ റാവു അഭിനേതാവ് മാത്രമല്ല, ഗായകന്‍ കൂടിയാണ്. അവതാരകയും എയര്‍ഹോസ്റ്റസുമായ രേഷ്മയാണ് ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പില്‍ ഒടുവിലെ മല്‍സരാര്‍ത്ഥിയായ് എത്തിയത്.

Read more: മത്സരാർത്ഥികളെ കുറിച്ച് കൂടുതലറിയാൻ

വിജയ് ടിവിയിൽ രാത്രി 9:30 നാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook