Bigg Boss Malayalam Season 2 Contestants Names: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസൺ വരുന്നു എന്ന വാർത്തകളെ ആവേശപൂർവ്വം വരവേൽക്കുകയാണ് ബിഗ് ബോസ് ആരാധകർ. ബിഗ് ബോസ് വീണ്ടുമെത്തുന്നു എന്ന ഏഷ്യാനെറ്റിന്റെ പ്രഖ്യാപനത്തിനു പുറമെ ആരാവും അടുത്ത സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയുമുണ്ട്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിൽ ഹോസ്റ്റായി എത്തുന്നത്.

മത്സരാർത്ഥികൾക്കുള്ള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ വർഷം അവസാനത്തോടെ അടുത്ത സീസൺ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിലൂടെ മത്സരാർത്ഥികളെ നിർദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകർക്കും ഒരുക്കിയിട്ടുണ്ട് ചാനൽ. കമന്റുകളിൽ ഏറെ ആവർത്തിക്കപ്പെട്ടൊരു പേര് ടിക് ടോക് താരമായ അഖിൽ സറിന്റേതാണ്. നിരവധി പേരാണ് അഖിൽ സറിന്റെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ടിക് ടോക് താരം ഫുക്രുവിന്റെ പേരും കമന്റുകളിൽ ഉയരുന്നുണ്ട്. ബഡായി ബംഗ്ലാവ് താരം ആര്യ, റഹ്ന ഫാത്തിമ എന്നിവർ ബിഗ് ബോസ് സീസൺ 2വിൽ മത്സരാർത്ഥികളായി ഉണ്ടാവും എന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിതീകരണമൊന്നും ചാനലിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമും ആണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്.

നെതര്‍ലാന്‍ഡില്‍ നിന്നും ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ഇന്ത്യൻ ടെലിവിഷൻ ചാനലുകളിലും ബിഗ് ബോസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ കൂടിയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഹൗസിൽ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികളെ താമസിപ്പിച്ച്, നൂറാം നാൾ വിജയികളെ തിരഞ്ഞെടുക്കുകയാണ് ബിഗ് ഹോസ് ചെയ്യുന്നത്. മത്സരാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളും ബിഗ് ബോസ് ഹൗസിൽ ഉണ്ടാവും.

Read more: ‘തരികിട സാബു’ വിൽ നിന്നും ‘ഗൂഗിൾ സാബു’വിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook