മോഹന്‍ലാല്‍ ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ എന്ന ഗാനത്തിന് നൃത്തം ചെയ്‌താണ് ബിഗ് ബോസിലെ രണ്ടാം ദിനം മത്സരാര്‍ത്ഥികള്‍ ആരംഭിച്ചത്. വിരലിന് പരുക്കേറ്റ അരിസ്റ്റോ സുരേഷിന് വേണ്ട പരിചരണം പേളി മാണിയും രഞ്ജിനി ഹരിദാസും ചേര്‍ന്ന് നല്‍കി. പിന്നീട് ബിഗ് ബോസ് ഹൗസ് വൃത്തിയാക്കാനായാണ് മത്സരാര്‍ത്ഥികള്‍ ഇറങ്ങിയത്. ക്യാപ്റ്റനായ ശ്വേത മേനോന്റെ നേതൃത്വത്തിലാണ് മത്സരാര്‍ത്ഥികള്‍ പണി ആരംഭിച്ചത്. ആദ്യം അടിച്ചുവാരി വൃത്തിയാക്കലാണ് നടന്നത്. പിന്നീട് അടുക്കളയിലേക്ക് നീങ്ങിയ മത്സരാര്‍ത്ഥികള്‍ പാട്ടും കൂത്തുമായി അടുക്കളയിലെത്തി. ഇതിനിടെയാണ് ശ്വേതയ്‌ക്ക് ബിഗ് ബോസിന്റെ വിളി വന്നത്.

ഫയലില്‍ വച്ചിരിക്കുന്ന കത്ത് വായിക്കാന്‍ ശ്വേതയ്‌ക്ക് നിർദ്ദേശം കിട്ടിയെങ്കിലും മലയാളം അറിയാത്തത് കാരണം ഇതിന് സാധിച്ചില്ല. തനിക്ക് കണ്ണ് പിടിക്കുന്നില്ലെന്നും മലയാളം വായിക്കാനറിയില്ലെന്നും ശ്വേത അറിയിച്ചു. ബിഗ് ബോസ് ഹൗസില്‍ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന നിയമം നിലനില്‍ക്കെ മലയാളം വായിക്കാനറിയില്ലെന്ന ശ്വേതയുടെ​ തുറന്നുപറച്ചില്‍ ശ്രദ്ധേയമാണ്.  തുടര്‍ന്ന് സാബുവാണ് കത്ത് വായിച്ചത്. ഓരോ മത്സരാര്‍ത്ഥികളേയും നാല് ഗ്രൂപ്പുകളായി തിരിച്ച് ജോലികള്‍ നല്‍കാനായിരുന്നു നിർദ്ദേശം. മറ്റുളളവര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് ശ്വേതയാണ് നിരീക്ഷിക്കുന്നത്. കുളിമുറി വൃത്തിയാക്കാനായി അതിഥി റായ്, ദിയ സന, ബഷീര്‍, ശ്രീനിഷ് അരവിന്ദ് എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ജോലികള്‍ക്ക് ശേഷം ഓരോ പാട്ടുകള്‍ നല്‍കി ഇതിന് നൃത്തം ചെയ്യാനായിരുന്നു ഓരോ മത്സരാര്‍ത്ഥികള്‍ക്കും നിർദ്ദേശം ലഭിച്ചത്.

അപ്രതീക്ഷിതമായി അവരവരുടെ ഗാനം പ്ലേ ചെയ്യപ്പെടുമ്പോള്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി നൃത്തം ചെയ്യണം. അര്‍ച്ചനയ്‌ക്കായിരുന്നു ആദ്യ ഊഴം. പിന്നാലെ ‘ഒരു മധുരക്കിനാവിന്‍’ എന്ന ഗാനത്തിന് അനൂപ് ചന്ദ്രനും നൃത്തം ചെയ്‌തു. പിന്നീട് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിക്കാനായിരുന്നു ബിഗ് ബോസ് നിർദ്ദേശിച്ചത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. റജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പാഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ തന്നെ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാല്‍ അന്ന് താന്‍ പെണ്‍കുട്ടിയെ അവഗണിച്ചു. പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേും ഭര്‍ത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. ‘നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു’ എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസും പറഞ്ഞു. ഏറെ കാലത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ട് അമേരിക്കയില്‍ പോയ കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്‌തതായി രഞ്ജിനി പറഞ്ഞു. ഒമ്പതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു. സ്കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോഴാണ് തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടിലും, വീട്ടിലേക്കുളള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി. പിന്നീട് അമേരിക്കയില്‍ എത്തിയപ്പോള്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി അയാള്‍ യുഎസ് സ്വദേശിനിയെ വിവാഹം ചെയ്‌തതായും രഞ്ജിനി പറഞ്ഞു. ഇത് തന്നെ വിഷമിപ്പിച്ചതായും രഞ്ജിനി പറഞ്ഞു. ഇത് പറഞ്ഞ് കരഞ്ഞ രഞ്ജിനിയെ പേളി മാണിയാണ് ആശ്വസിപ്പിച്ചത്.

‘ചിത്രഗീതം’ കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്‌ഛനേയും അമ്മയേയും താന്‍ സ്‌നേഹിക്കാന്‍ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു. പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി, ശാരദ മേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. മമ്മൂട്ടിയോടൊപ്പം അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. ഇതില്‍ അഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയോട് പ്രണയം തോന്നിയതെന്നാണ് ശ്വേതയുടെ തുറന്നുപറച്ചില്‍.


മമ്മൂട്ടിയും ശ്വേതയും അഭിനയിച്ച അനശ്വരത്തിലെ ഗാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook