Bigg Boss Malayalam,18 July 2018 Episode:25: പതിവ് പോലെ പാട്ടോടെ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചു. പ്രേമത്തിലെ കണ്ണ് ചുവക്കണ് എന്ന പാട്ടായിരുന്നു ഇന്ന്. പിന്നീട് അനൂപും പേളിയും തമ്മിലുള്ള സംസാരത്തിലേക്ക് എത്തി. പേളിയ്ക്ക് കരുത്തു പകരാനായിരുന്നു അനൂപിന്‍റെ ശ്രമം. ആരെങ്കിലും കോർണർ ചെയ്യുമെന്ന് തോന്നുണ്ടെങ്കില്‍ അതൊക്കെ മാറ്റിവയ്ക്കണമെന്ന് അനൂപ് പറഞ്ഞു. പിന്നെ ദീപനും അർച്ചനും ബഷീറും ദിയയും തമ്മിലുള്ള സംസാരത്തിലേക്ക് കടന്നു.

പിന്നീട് രഞ്ജിനിയും ശ്വേതയും തമ്മിലുള്ള സംസാരം നടക്കുന്നു. രഞ്ജിനി തന്‍റെ സ്വഭാവത്തെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. ആ സമയം സാബുവും അതിഥിയും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജോലിയെ കുറിച്ചുണ്ടായ പ്രശ്നത്തെ കുറിച്ചായിരുന്നു സംസാരം. അതിനെ കുറിച്ചായിരുന്നു ബഷീറും സംഘവും ചർച്ച ചെയ്തതും.

പിന്നെ സാബുവും ദീപനും പേളിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. പേളിയ്ക്ക് രണ്ട് മുഖമുണ്ടെന്നും ഒരു പേളിയെ ക്യാമറയില്‍ കാണുന്നുവെന്നും മറ്റേ പേളി ജീവിക്കുന്നതുമാണെന്ന് സാബു പറഞ്ഞു. ശരിയ്ക്കുമുള്ള പേളിയെ ദീപന്‍ കണ്ടിട്ടില്ലെന്നും സാബു പറഞ്ഞു. അപ്പോഴേക്കും ശ്വേത അങ്ങോട്ടേക്ക് എത്തി. പിന്നീട് അനൂപും സാബുവും തമ്മിലുള്ള ചർച്ച കണ്ടു. ഇരുവരും തമ്മിലുള്ള ചങ്ങാത്തതിന് വിള്ളൽ വീഴുന്ന തരത്തിലുള്ള സംസാരമായിരുന്നു നടന്നത്. എന്നാല്‍ ഇരുവരും പരസ്പരം കാര്യങ്ങളൊക്കെ പറഞ്ഞ് രമ്യതയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ചായിരുന്നു അവർ ചർച്ച ചെയ്തത്. പേളിയ്ക്ക് വേണ്ടിയായിരുന്നു അനൂപ് സംസാരിച്ചത്.

11.30 ആയതോടെ സാബു സുരേഷിന് അരികിലെത്തി. മീറ്റിങ്ങിന് മുന്‍പ് തന്നോട് പേളി വന്ന് സംസാരിച്ചില്ലെങ്കില്‍ താന്‍ തന്നെ ചോദിക്കുമെന്നും സാബു സുരേഷിനോട് പറഞ്ഞു. സാബുവിനെ പതിവ് ഭാവത്തിലല്ലായിരുന്നു കണ്ടത്. പിന്നീട് പേളി സുരേഷിന് അരികിലെത്തി. സോറി പറയാന്‍ പറ്റില്ലെന്നും എന്നാല്‍ വിഷമിപ്പിച്ചതില്‍ വേദനയുണ്ടെന്ന് സാബുവിനോട് പറയാമെന്ന് പേളി സുരേഷിനോട് പറഞ്ഞു. ശേഷം പേളി സാബുവിന് അരികിലെത്തി. ഇരുവരും സംസാരിച്ച് തുടങ്ങി.

തന്നെ ചെരുപ്പ് വച്ച് എറിഞ്ഞത് വേദനിപ്പിച്ചെന്ന് അവർ പറഞ്ഞപ്പോള്‍ താന്‍ തമാശ ഉദ്ദേശിച്ചാണ് ചെയ്തതെന്നും സാബു പറഞ്ഞു. തനിക്ക് പേളിയോട് ഒരുപാട് സ്നേഹമുണ്ടെന്നും സാബു പറഞ്ഞു. ഇരുവരും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രശ്നം പരിഹാരത്തിലെത്തിയില്ല. തന്നെ ഷൂസ് വച്ചെറിയുന്നതോ ദേഹത്ത് തൊട്ട് കളിക്കുന്നതോ ഇഷ്ടമല്ലെന്ന് പേളി വ്യക്തമാക്കി. സാബു സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പേളി പറഞ്ഞു. പിന്നാലെ പേളി അവിടെ നിന്നും പോയി. ശേഷം മീറ്റിങ്ങായിരുന്നു. എല്ലാവരും അവരവരുടെ ഡ്യൂട്ടിയെ കുറിച്ച് സംസാരിച്ചു.

ശേഷം ക്യാപ്റ്റന് ലഭിച്ച പരാതിയെ കുറിച്ച് രഞ്ജിനി പറഞ്ഞു. ഷിയാസിനെതിരെ ലഭിച്ച പരാതിയായിരുന്നു ആദ്യം ചർച്ച ചെയ്തത്. ഷിയാസ് പേഴ്സണലായിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് വേദനിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ബഷീറും ശ്രീലക്ഷ്മിയും ആയിരുന്നു പരാതി നല്‍കി. എല്ലാവരും പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിച്ചതായി പറഞ്ഞു. എന്നാല്‍ താന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്നും വേണമെങ്കിൽ കാലു പിടിക്കാമെന്നും ഷിയാസ് പറഞ്ഞു. ഇനിയങ്ങോട്ട് തന്‍റേതല്ലാത്ത കാര്യത്തില്‍ ഇടപെടില്ലെന്നും ഷിയാസ് പറഞ്ഞു. അടുത്തത് പേളിയും സാബുവും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ചായി ചർച്ച.

സാബു ആദ്യം തന്നെ തന്‍റെ ഭാഗം വ്യക്തമാക്കി. താന്‍ ഷൂസ് വച്ചെറിഞ്ഞത് തമാശയായിരുന്നുവെന്നാണ് സാബു പറഞ്ഞത്. ഇതിനിടെ സുരേഷ് ഇടപെട്ടെങ്കിലും സാബു പൊട്ടിത്തെറിച്ചു. തന്‍റെ ഉദ്ദേശ ശുദ്ധിയെ തെറ്റിദ്ധരിക്കുകയാണെന്നായിരുന്നു സാബു പറഞ്ഞത്. അഹങ്കാരമെന്നോട് വേണ്ടെന്ന് പറഞ്ഞ് സാബു പേളിയോട് ദേഷ്യപ്പെട്ടു. അവിടെ നിന്നും സാബു ഇറങ്ങിപ്പോയി. പിന്നീട് തിരികെ വന്നു. എന്നാല്‍ പേളി മറ്റുള്ളവരോട് തന്‍റെ ഭാഗം വ്യക്തമാക്കി. ആളുകളുടെ ചെരിപ്പേറ് കൊള്ളാനല്ല താന്‍ ഇവിടെ വന്നതെന്നും ഞാന്‍ പേളി മാണിയാണെന്നും അവള്‍ ആവർത്തിച്ചു. ശേഷം ചർച്ച പിരിഞ്ഞു. അടുത്തത് ടാസ്കിനുള്ള സമയമായിരുന്നു.

ടാസ്ക് നിയന്ത്രിക്കുന്നത് അനൂപ് ആണെന്ന് ബിഗ് ബോസ് അറിയിച്ചു. രണ്ട് പേർക്കായിരുന്നു ടാസ്ക് ചെയ്യാനുള്ള അവസരം. ബുദ്ധി, ശക്തി, വേഗത, നിരീക്ഷണ പാടവം എന്നിവ പരീക്ഷിക്കുന്നതായിരുന്നു ടാസ്കുകള്‍. ശ്രീനിഷും ബഷീറുമായി അനൂപ് ടാസ്ക് നടത്തേണ്ട ആക്ടിവിറ്റി ഏരിയയില്‍ എത്തി. കാളവണ്ടിയോടിക്കുന്നതായിരുന്നു ടാസ്ക്. അതിനൊപ്പം വേറെയും ചെയ്യേണ്ടതുണ്ട്. ഒരാള്‍ ചാക്കുകള്‍ വണ്ടിയില്‍ നിറയ്ക്കുന്ന സമയം മറ്റേയാള്‍ വണ്ടിയോടിക്കണമായിരുന്നു. ഏറെ ബുദ്ധിമുട്ടിയായിരുന്നു ഇരുവരും ടാസ്ക് ചെയ്തത്. തുടക്കത്തില്‍ പാളിയെങ്കിലും പിന്നീട് ഇരുവരും തിരിച്ച് വന്ന് ടാസ്ക് പൂർത്തിയാക്കി. മറ്റുള്ളവർ ഇരുവരേയും അഭിനന്ദിച്ചു.

പിന്നീട് ടാസ്കിന്‍റെ റിസള്‍ട്ട് വന്നു. ഇരുവരും വിജയിച്ചുവെന്ന് ബിഗ് ബോസ് പറഞ്ഞു. ശേഷം അർച്ചനയും ദീപനും തമ്മില്‍ പേളിയും സാബുവും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ച് സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവർക്ക് ആഗ്രഹമില്ലെന്നായിരുന്നു അർച്ചന പറഞ്ഞത്. പ്രതികരിക്കേണ്ട സമയത്താണ് പ്രതികരിക്കേണ്ടതെന്ന് അർച്ചന ദീപനോട് അഭിപ്രായപ്പെട്ടു. പിന്നീട് അടുത്ത ടാസ്കെത്തി. കെകെപിപി എന്നതായിരുന്നു പുതിയ ടാസ്ക്. ഗോട്ടികള്‍ തന്നിരിക്കുന്ന ബോളില്‍ നിറയ്ക്കുകയാണ് ടാസ്ക്. രണ്ട് പേരാണ് ടാസ്കില്‍ പങ്കെടുക്കേണ്ടത്. ശ്വേതയും ഷിയാസുമായിരുന്നു ടാസ്കില്‍ പങ്കെടുത്തത്. മണ്ണില്‍ ഒളിപ്പിച്ചിരിക്കുന്ന ഗോട്ടികളാണ് കണ്ടെത്തി ബോളിലിടേണ്ടത്. രണ്ടു പേരും വാശിയോടെ ടാസ്ക് ചെയ്തു.

റിസള്‍ട്ട് വന്നപ്പോള്‍ ഇരുവരും വിജയിച്ചതായി അറിയിച്ചു. വൈകിട്ട് നാലേമുക്കാലയപ്പോള്‍ പകലുറങ്ങുന്നവരെ പട്ടിയുടെ ശബ്ദം കേള്‍പ്പിച്ചു എഴുന്നേല്‍പ്പിച്ചു. ശേഷം അർച്ചന ദിയയോട് തന്‍റെ വീട്ടിലെ പട്ടികളെ കുറിച്ച് പറഞ്ഞു കൊടുത്തു. പട്ടിയുടെ ശബ്ദമുണ്ടാക്കുകയും ചെയ്തു അർച്ചന. പേളിയും കൂടെ കൂടി. വൈകിട്ട് അഞ്ചേ മുക്കാലായപ്പോള്‍ അടുത്ത ടാസ്കിന്‍റെ സമയമായി. അതിഥിയായിരുന്നു ടാസ്കിന് തയ്യാറായി എത്തിയത്. ഫുഡ് കഴിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ടാസ്ക്. എന്നാലതത്ര എളുപ്പമുള്ളതായിരുന്നില്ല. ബിഗ് ബോസ് ആകുന്നേരം എങ്ങനെ എളുപ്പമാകും. കറികളായിരുന്നു കഴിക്കേണ്ടിയിരുന്നത്. അതും നല്ല എരിവുള്ളത്. ആറ് മണിയോടെ റിസള്‍ട്ടെത്തി. അതിഥി വിജയിച്ചതായി അറിയിച്ചു.

വൈകിട്ട് ആറേ കാലോടെ ദീപനും രഞ്ജിനിയും ശ്രീലക്ഷ്മിയും ടാസ്കിനെ കുറിച്ച് ചർച്ച ചെയ്തു. അടുത്ത ടാസ്കില്‍ സാബുവിനെ അയക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. ശേഷം ഷിയാസും ബഷീറും തമ്മില്‍ സംസാരിക്കുന്നതാണ് കണ്ടത്. രണ്ടു പേരും ടാസ്കുകളെ കുറിച്ചും മറ്റുമായിരുന്നു സംസാരിച്ചത്. അതേസമയം, സ്ത്രീകള്‍ അകത്ത് അതിഥിയെ പ്രശംസിക്കുകയായിരുന്നു. അപ്പോഴേക്കും ശ്രീനിഷും അനൂപും ബഷീറിനും ശ്രീനിഷിനുമൊപ്പമെത്തി. രാത്രി രഞ്ജിനിയും പേളിയും സംസാരിച്ചപ്പോള്‍ ഇന്നലെ ഏതെങ്കിലും ഗ്രൂപ്പിലുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോയെന്ന് പേളി പറഞ്ഞു. പിന്നാലെ രഞ്ജിനി അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പേളി കരഞ്ഞതിനെ കുറിച്ചും അവർ സംസാരിച്ചു.

ശേഷം ഷിയാസും ബഷീറും ശ്രീനിഷും സംസാരിക്കുന്നതിലേക്ക് എത്തി. രഞ്ജിനിയും പേളിയും തമ്മില്‍ സംസാരിക്കുന്നതിനെ കുറിച്ചായിരുന്നു ഷിയാസിന് പറയാനുണ്ടായിരുന്നത്. കണ്ടില്ലേ ഇന്നലെ പൊട്ടിത്തെറിച്ച രഞ്ജിനി ഇപ്പോള്‍ എന്ത് കൂളായിട്ടാ സംസാരിക്കുന്നതെന്ന് ഷിയാസ് പറഞ്ഞു. തനിക്ക് ദേഷ്യം വന്നാൽ നിയന്ത്രിക്കാനാകില്ലെന്നും ഷിയാസ് പറഞ്ഞു. അടുത്തത് ടാസ്കിനുള്ള അവസരമായിരുന്നു. സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നതായിരുന്നു ടാസ്ക്. പെണ്ണുകാണല്‍ ചടങ്ങിന്‍റെ കോമഡി സ്കിറ്റ് ചെയ്യുകയായിരുന്നു ടാസ്ക്, തുടർന്ന് എല്ലാവരും രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ചെക്കന്‍റേയും പെണ്ണിന്‍റേയും വീട്ടുകാരായി സ്കിറ്റുമായെത്തി. അതിഥി കല്യാണപ്പെണ്ണും ബഷീർ ചെക്കനുമായി മാറി. സുരേഷായിരുന്നു ബ്രോക്കർ. സ്കിറ്റിന്‍റെ അവസാനം പെണ്ണ് ശ്രീനിഷിന്‍റെ കൂടെ ഒളിച്ചോടി. ഇതിനിടെ രണ്ട് വീട്ടുകാരും നുണയാണ് പറയുന്നതെന്നും തട്ടിപ്പാണെന്നും പുറത്താകുന്നതോടെ സ്കിറ്റ് അവസാനിച്ചു.

രാത്രി എല്ലാവരും ഉറങ്ങാന്‍ നോക്കുന്നതിനിടെ സുരേഷ് പേളിയ്ക്ക് അടുത്തെത്തി ഉപദേശങ്ങള്‍ നല്‍കി. ഷിയാസുമായി അകലം പാലിക്കണമെന്നും രഞ്ജിനി കുഴപ്പമില്ലെന്നും സുരേഷ് പറഞ്ഞു. ശ്രീനിയും പ്രശ്നക്കാരനല്ലെന്ന് പേളി പറഞ്ഞു. അതേസമയം, അടുക്കളയില്‍ ശ്വേതയും പേളിയും ശ്രീലക്ഷ്മിയും അതിഥിയും ചേർന്ന് പേളിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. പേളിയെ എങ്ങനെ മറ്റേ ഗ്രൂപ്പില്‍ നിന്നും അകറ്റാം എന്നതിനെ കുറിച്ചായിരുന്നു ചർച്ച.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ