മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച റിയാലിറ്റി ഷോയായിരുന്നു ‘ബിഗ് ബോസ്’. ടെലിവിഷൻ അവതാരകനും നടനുമായ സാബുമോൻ അബ്ദുൾസമദാണ് ‘ബിഗ് ബോസ്’ മലയാളം ഒന്നാം പതിപ്പിലെ വിജയി. ‘ബിഗ് ബോസ്’ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്നാണ് സാബുമോൻ പറയുന്നത്.
‘ബിഗ് ബോസി’ന്റെ തുടക്കം മുതൽ മത്സരാർത്ഥികൾക്കിടയിൽ പ്രശ്‍നങ്ങൾ സൃഷ്ടിച്ചിരുന്നയാളാണ് സാബുമോൻ. ഷോ അവസാനിക്കുന്നത് വരെ തുടരുകയും ചെയ്തു. പലപ്പോഴും സഹമത്സരാർത്ഥികളോട് പരുഷമായി പെരുമാറുന്നതും പ്രേക്ഷകർ കണ്ടതാണ്. എന്നാൽ അതിൽ പല സംഭവങ്ങളെയുമോർത്ത് ഖേദിച്ചിരിക്കുകയാണ് സാബുമോൻ.
സാബുമോൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ നിന്നും
“പലപ്പോഴും ഞാൻ ‘ബിഗ് ബോസി’ലുണ്ടായിരുന്ന സഹമത്സരാർത്ഥികളോട് വഴക്കുണ്ടാക്കിയിട്ടുണ്ട് പക്ഷെ അവരോടാരോടും തന്നെ എനിക്ക് പകയില്ല. അതെല്ലാം സാഹചര്യത്തിന്റെ പ്രേരണയിൽ പറഞ്ഞതും ചെയ്തതുമാണ്. ഗ്രാൻഡ് ഫിനാലെയിൽ എല്ലാവരെയും കണ്ടിരുന്നു. ചിലരുമൊത്ത് ഒന്നിച്ച് തന്നെയാണ് നാട്ടിലെത്തിയതും”, സാബു പറഞ്ഞു.
“പലരും എന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. അവരെന്നെ കുറുക്കൻ എന്നൊക്കെ വിളിച്ചു. അവരുടെ വിചാരം ഞാനെപ്പോഴും പദ്ധതികൾ സൃഷ്ടിക്കുകയായിരുന്നെന്നാണ്. എന്നാൽ ഞാൻ വളരെ തുറന്ന മനസ്സിന് ഉടമയാണ്” സാബു കൂട്ടിച്ചേർത്തു.
അപ്രതീക്ഷിത വിജയം
“‘ബിഗ് ബോസ്’ ഒന്നാം പതിപ്പിൽ വിജയിയാക്കുമെന്ന് ഒരു പ്രതീക്ഷയുമെനിക്കില്ലായിരുന്നു. ഇതൊരു മത്സരമായി പോലും ഞാൻ കണക്കാക്കിയിരുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം ഞാനിതിനെ കണ്ടത് ഒരു സാമൂഹിക-മാനസിക പരീക്ഷണമായിട്ടാണ്. മത്സരത്തിൽ രണ്ടാഴ്ച തികക്കാമെന്നുപോലും കരുതിയിരുന്നില്ല. എന്നാൽ ഞാൻ നൂറ് ദിവസം നിൽക്കുകയും വിജയിക്കുകയും ചെയ്തു. പക്ഷെ ഇത് എന്റെ വിജയമല്ല ജനങ്ങൾ എനിക്ക് സമ്മാനിച്ചതാണ്”.
ആഘാതം വിട്ടുമാറിയിട്ടില്ല
“അടച്ചിട്ട ആ സാഹചര്യത്തിൽ നിന്നും ഇതു വരെ പുറത്ത് വരാൻ കഴിഞ്ഞിട്ടില്ല. എന്റെ ചുറ്റുപാടുകളിലെ ചെറിയ ശബ്ദങ്ങൾ പോലും എന്നെ അലോസരപ്പെടുത്തുന്നു. എന്റെ സുഹൃത്തുക്കൾ കാണാൻ വരുന്നത് പോലും എന്നെ അസ്വസ്ഥനാക്കുന്നു. മറ്റുള്ളവർക്കും ഇതേ അനുഭവമുണ്ടെന്നാണ് അറിഞ്ഞത്. പലരും സാധാരണ നിലയിൽ എത്താൻ ആഴ്ചകളെടുത്തെന്നും പറഞ്ഞു. ഡെയ്‍ലി ടാസ്കുകൾ കൂടിയില്ലാത്ത ‘ബിഗ് ബോസ്’ എന്നെ ആശ്ചര്യപ്പെടുത്തുന്നു. ടാസ്കുകളാണ് ഈ ദിനങ്ങളിൽ അൽപ്പമെങ്കിലും വിനോദം നിലനിർത്തിയത്. അത് കൂടിയില്ലായിരുന്നെങ്കിൽ മാനസിക പരീക്ഷണത്തിന്റെ മറ്റൊരു തലത്തിലേക്ക് ‘ബിഗ് ബോസ്’ നീങ്ങിയേനെ. ജയിൽ അനുഭവങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും അടുത്തറിഞ്ഞത് ‘ബിഗ് ബോസി’ലാണ്.
രഞ്ജിനിയെ ഞാൻ ബഹുമാനിക്കുന്നു
“മുമ്പ് ഒരിക്കൽ പോലും ഞാൻ രഞ്ജിനിയോട് സംസാരിച്ചിരുന്നില്ല. എന്നാൽ തെറ്റായ ഒരു കാഴ്ചപാട് മനസിലുണ്ടായിരുന്നു. ആദ്യ ആഴ്ചയിൽ തന്നെ മനസ്സിൽ കണ്ട രഞ്ജിനിയല്ല യഥാർത്ഥ രഞ്ജിനിയെന്ന് ഞാൻ മനസിലാക്കി. അവർ ഒരു ‘ഉരുക്ക് വനിത’യാണ്. രഞ്ജിനി പ്രതികരിക്കുന്ന രീതിയാണ് അവരെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിച്ചത്. ഇനി ഒരിക്കലും വഴക്കുണ്ടാക്കില്ലെന്നാണ് തീരുമാനം, ഞാൻ രഞ്ജിനിയെ ബഹുമാനിക്കുന്നു”.
ഒരു കോടി രൂപ എന്ത് ചെയ്യും?
“ഞാൻ ഒരു ഫ്ലാറ്റ് വാങ്ങി. ബാക്കി തുക ഞാൻ സഹോദരന് നൽകുകയും ചെയ്തു. അവധിക്കാലത്തെക്കുറിച്ചൊന്നും ഇതു വരെ ചിന്തിച്ചില്ല. ആദ്യം സാധാരണ നിലയിലേക്ക് മടങ്ങി വരണം. എന്നിട്ട് എവിടേലും പോണം, കുറെ ആഹാരം കഴിക്കണം, ഉറങ്ങണം”.
ഞാൻ മാറിയ മനുഷ്യനാണ്
“ഞാനിപ്പോൾ ശാന്തനാണ്. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ‘ബിഗ് ബോസി’ൽ പങ്കെടുക്കുന്നതിന് മുമ്പ് എനിക്കൊരു ധാർഷ്ട്യമുണ്ടായിരുന്നു. ആ ധാർഷ്ട്യത്തോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഞാൻ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിച്ചിരുന്നത്. തീർച്ചയായും ആ ധാർഷ്ട്യം ഇപ്പോളില്ല. മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷം ഞാൻ എന്നോട് തന്നെ ചോദിച്ചു എനിക്ക് എന്ത് പറ്റിയെന്ന്. പഴയ രീതിയിൽ ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലയെന്ന്. എന്റെ പഴയ അവസ്ഥകളെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല ,അത് തന്നെയാണ് എന്നിലെ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവും”.
‘ബിഗ് ബോസ്’ എപ്പിസോഡുകൾ കാണുമോ?
“കാണമോ ഇല്ലയോയെന്ന് തീരുമാനിച്ചിട്ടില്ല. ഞാൻ ആ ജീവിതം ജീവിച്ച് തീർത്തതാണ്. ഞാൻ മാറുകയും ചെയ്തു. ഇനി ആ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോൾ കാണുമായിരിക്കാം”.