Bigg Boss Malayalam Starting Date, Show Timings: മോഹൻലാൽ അവതാരകനായെത്തുന്ന ‘ബിഗ് ബോസ്’ റിയാലിറ്റി ഷോ ജൂൺ 24 ന് തുടങ്ങും. എന്‍ഡമോള്‍ ഗ്രൂപ്പ്‌ നിര്‍മ്മിക്കുന്ന ഷോ ഏഷ്യാനെറ്റ് ചാനലാണ് സംപ്രേക്ഷണം ചെയ്യുക. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ വിജയം നേടിയശേഷമാണ് ‘ബിഗ് ബോസ്’ മലയാളത്തിലേക്ക് എത്തുന്നത്. തമിഴിൽ കമൽഹാസനാണ് ഷോയുടെ അവതാരകൻ.

16 സെലിബ്രിറ്റികളാണ് മൽസരത്തിൽ പങ്കെടുക്കുക. ‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടിൽ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവർ താമസിക്കും. ഈ വീട് മുഴുവൻ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മൽസരാർത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയിൽ പകർത്തിയശേഷം ടിവിയിലൂടെ പ്രദർശിപ്പിക്കും. മൽസരാർത്ഥികൾക്ക് ബിഗ് ബോസി (അവതാരകന്‍)ന്റെ ചില നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും അവരുടെ താമസം. നിയമം തെറ്റിക്കുന്നവർക്ക് തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരിക്കും.

ഓരോ ആഴ്‌ചയും വ്യത്യസ്‌തമായ ജോലികൾ മൽസരാർത്ഥികൾക്ക് നൽകും. ഈ ജോലികൾ വൃത്തിയായും നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർത്ഥികൾ ചെയ്‌ത് തീർക്കണം. ഓരോ ആഴ്‌ചയുടെയും അവസാനം ഒരു മത്സരാർത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കും. മത്സരാർത്ഥികളാണ് പുറത്താക്കേണ്ട വ്യക്തിയെ നാമനിർദ്ദേശം ചെയ്യുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർക്ക് മൊബൈൽ സന്ദേശം വഴി വോട്ട് ചെയ്യാം. കൂടുതൽ വോട്ട് ലഭിച്ച മത്സരാർത്ഥിയെ വീട്ടിൽ താമസിക്കാൻ അനുവദിക്കുകയും കുറഞ്ഞ വോട്ട് ലഭിച്ച മത്സരാർത്ഥിയെ പുറത്താക്കുകയും ചെയ്യും. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നിൽക്കുന്ന മത്സരാർത്ഥിയാണ് ബിഗ് ബോസ് വിജയിയാവുന്നത്.

 

ഈ ഷോയിൽ പങ്കെടുക്കുന്നത് ആരൊക്കെ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മോഹന്‍ലാല്‍ ഇതിന് മുന്‍പ് ചില പ്രത്യേക അവസരങ്ങളില്‍ അവതരകനായി എത്തിയതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ പേരില്‍ പുറത്തു വരുന്ന ആദ്യ ടെലിവിഷന്‍ ഷോ ഒരുപക്ഷേ ‘ബിഗ്‌ ബോസ്’ ആയിരിക്കും. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടനായ മോഹന്‍ലാലിന്റെ ടെലിവിഷന്‍ രംഗപ്രവേശം കാണാന്‍ ലാല്‍ ഫാന്‍സും ആവേശത്തോടെ കാത്തിരിക്കുകയാണ്.   മൂന്നു സീസണുകളിലായി മൂന്നു വർഷം ഷോയുണ്ടാകുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ