മൂന്നു ദിവസം മുന്‍പ് സംപ്രേക്ഷണം ആരംഭിച്ച ‘ബിഗ് ബോസ്’ ആണ് മലയാളി ടെലിവിഷന്‍ ലോകത്തെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയിലെ പതിനാറു മത്സരാര്‍ത്ഥികളും അവരുടെ നൂറു ദിവസത്തെ ജീവിതവുമാണ് ഷോയുടെ കാതല്‍. എല്ലാ അര്‍ത്ഥത്തിലും അവരുടെ ജീവിതങ്ങളില്‍ നിന്ന് വേര്‍പെട്ടു കഴിയുന്ന പതിനാറു പേര്‍, ഓരോ ആഴ്‌ചകള്‍ കഴിയുമ്പോഴും അവരുടെ പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തില്‍ ഷോയില്‍ തുടരുകയോ പുറത്താക്കപ്പെടുകയോ ചെയ്യും.
സെലിബ്രിറ്റികളാണ് മത്സരാര്‍ത്ഥികള്‍ എന്നതാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പ്രധാന കാര്യം. എന്നാല്‍ ഇതിനോടൊപ്പം തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്‌ത ഒന്നാണ് പ്രത്യേകം സജ്ജീകരിക്കപ്പെട്ട ‘ബിഗ് ബോസ്’ ഹൗസ്. പ്രശസ്‌ത ഡിസൈനര്‍ ശ്യാം ഭാട്യയാണ് ഇതിനു പിന്നില്‍.
Read More: ‘ബിഗ് ബോസ്’ ഹൗസ് ചിത്രങ്ങള്‍ കാണാം
മലയാളം ചാനല്‍ റിയാലിറ്റി ഷോകളുടെയും സ്‌റ്റേജ് പരിപാടികളുടേയും സ്ഥിരം സാന്നിദ്ധ്യമാണ് മുംബൈ സ്വദേശി ശ്യാം ഭാട്ടിയ. സ്റ്റേജിനു മുന്നിലല്ല, പിന്നിലാണെന്നു മാത്രം. സ്റ്റേജുകളും സെറ്റുകളും ഡിസൈന്‍ ചെയ്യുന്നതിനു പിന്നില്‍ ശ്യാമിന്റെ സര്‍ഗശേഷിയാണ്. ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയുടെ സെറ്റുകള്‍ എല്ലാം, മലയാളം ഉള്‍പ്പെടെ ഡിസൈന്‍ ചെയ്‌തിരിക്കുന്നത് ശ്യാമാണ്.
“മലയാളം ചാനലുകളില്‍ ഞാന്‍ ആദ്യമല്ല. ഏഷ്യാനെറ്റിന്റെ തന്നെ പല സ്റ്റേജ് ഷോകള്‍ക്കും വേണ്ടി ഞാന്‍ ഡിസൈനറായിട്ടുണ്ട്. ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ മുതലുണ്ട് പറയാന്‍. മഴവില്‍ മനോരമയ്‌ക്കു വേണ്ടിയും ചെയ്‌തിട്ടുണ്ട്. അവരാണ് സത്യത്തില്‍ എന്നെ കേരളത്തിലേക്കു കൊണ്ടു വരുന്നത്,” ശ്യാം പറയുന്നു.

“കേരളം എനിക്കൊരുപാട് ഇഷ്‌ടമുള്ള സ്ഥമാണ്. അവിടുത്തെ സംസ്‌കാരം, പാരമ്പര്യം, കലകള്‍ എല്ലാം എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. അത് ചിത്രീകരിക്കാന്‍ ‘ബിഗ് ബോസ്’ മലയാളത്തെക്കാള്‍ യോജിച്ച മറ്റൊരിടമുണ്ടെന്ന് കരുതുന്നില്ല. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, കേരളത്തിലെ ചുണ്ടന്‍വള്ളം, കഥകളി തുടങ്ങിയവയെല്ലാം ഇവിടേക്കു പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ ഓരോ പ്രത്യേകതകളും, അവിടുത്തെ ഓരോ അനുഭവങ്ങും, കേരളീയരുടെ വൈകാരികതകളെ പോലും പകര്‍ത്താനുള്ള ശ്രമമായിരുന്നു നടത്തിയത്,” ‘ബിഗ് ബോസ്’ വീടിന്റെ കാഴ്‌ചകളുടെ പിന്നിലുള്ള ആശയങ്ങളെക്കുറിച്ച് ശ്യാം വിശദീകരിച്ചു.
Read More: ‘ബിഗ് ബോസ്’ മത്സരാര്‍ത്ഥികള്‍
ചുമരുകളില്‍ മുഖങ്ങള്‍ പകര്‍ത്തുമ്പോള്‍ അത് മത്സരാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെട്ടേക്കാം എന്നൊരു ചിന്തകൂടി തന്റെയുള്ളില്‍ ഉണ്ടായിരുന്നുവെന്ന് ശ്യാം കൂട്ടിച്ചേര്‍ക്കുന്നു.
“മനുഷ്യരുടെ ഉള്ളിലെ സന്തോഷം, ദുഃഖം, വേദന എന്നീ വികാരങ്ങളെല്ലാം പ്രകടമാകുന്നത് പലപ്പോഴും മുഖഭാവങ്ങളിലൂടെയാണ്. അതുകൊണ്ടാണ് ആ ഭാവങ്ങള്‍ തന്നെ ഇവിടെ പകര്‍ത്തിയത്. കാരണം ഈ പരിപാടിയുടെ ഭാഗമാകുന്ന മത്സരാര്‍ത്ഥികള്‍ 100 ദിവസം കഴിയേണ്ട വീടാണിത്. ഈ ദിവസങ്ങളിൽ ഇത്തരം പല അനുഭവങ്ങളിലൂടേയും അവര്‍ കടന്നു പോയേക്കാം. ഉള്ളിലെ തോന്നലുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് യാതൊരു മടിയും തോന്നരുത്. അതേസമയം അത് ഏറ്റവും മാന്യമായ രീതിയില്‍ പ്രകടിപ്പിക്കുകയും വേണം. അത് ഓര്‍മപ്പെടുത്താന്‍ കൂടിയാണ് ഈ ചിത്രങ്ങള്‍,” ശ്യാം ഭാട്ടിയ വ്യക്തമാക്കുന്നു.
“കേരളത്തിന്റെ ഒരു പ്രത്യേകത ഇന്ത്യയുടെ മറ്റൊരു തീരപ്രദേശങ്ങളിലും കണ്ടിട്ടില്ലാത്ത ചൈനീസ് വലകളാണ്. ചീനവലകള്‍. അതെന്നെ ശരിക്കും ആകര്‍ഷിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇന്ത്യയിലേക്ക്, കേരളത്തിലേക്ക് ഇതുവന്നു എന്ന് ആര്‍ക്കും അറിയില്ല. മറ്റൊരു ആകര്‍ഷണം ഇഷ്‌ടിക ചുമരുകളാണ്. ലാറി ബേക്കര്‍ എന്ന കേരളത്തിന്റെ സ്വന്തം ആര്‍ക്കിടെക്‌ടില്‍ നിന്നാണ് ഞാന്‍ അതിലേക്ക് എത്തുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്. ഇത്തരം കല്ലുകള്‍ പലയിടങ്ങളിലും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അതിന് കുറച്ചു കൂടി സൗന്ദര്യം തോന്നിയിട്ടുണ്ട്. ക്ഷേത്രങ്ങളിലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. ലോകത്തു തന്നെ ഇത്രയും സൗന്ദര്യ വൈവിധ്യങ്ങള്‍ നിറഞ്ഞ അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് കേരളം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതെല്ലാം പകര്‍ത്താനുള്ള ഒരു ക്യാന്‍വാസായാണ് ഞാന്‍ ‘ബിഗ് ബോസ്’ ഹൗസിനെ ഉപയോഗിച്ചിരിക്കുന്നത്,” ശ്യാം തുടര്‍ന്ന് വെളിപ്പെടുത്തി.

“ഈ സെറ്റിന്റെ മറ്റൊരു പ്രത്യേകത ഇവിടെ ഉപയോഗിച്ചിട്ടുള്ള നിറങ്ങളാണ്. ധാരാളം നിറങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിലെ ഉത്സവങ്ങള്‍, കടല്‍, പ്രകൃതി, നൃത്തം, സംഗീതം തുടങ്ങിയവയെല്ലാം ഈ നിറങ്ങളിലൂടെ അടയാളപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. കേരളത്തിലെ എല്ലാ വീട്ടിലും പാട്ടു പാടുന്ന ഒരാളെങ്കിലും ഉണ്ടാകും. എന്തൊരു പ്രയാസമാണ് മലയാളം പഠിച്ചെടുക്കാന്‍!” ആശ്ചര്യത്തോടെ ശ്യാം ഭാട്ടിയ ചോദിക്കുന്നു.
താന്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്‌ക്കായി കേരളത്തില്‍ വരാറുണ്ടെന്ന് ശ്യാം പറയുന്നു.
“കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കൊരു അപകടം സംഭവിച്ചു. കുറച്ച് ഗുരുതരമായ ഒരു അപകടം തന്നെയായിരുന്നു അത്. ഡോക്‌ടര്‍മാര്‍ പറഞ്ഞു ശസ്ത്രക്രിയ ചെയ്‌തേ പറ്റൂ എന്ന്. പക്ഷെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സയ്‌ക്കായെത്തി. പൂര്‍ണമായും എനിക്ക് ഭേദപ്പെട്ടു. കോട്ടയ്‌ക്കലില്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്‌ക്കായി ഞാന്‍ വരാറുണ്ട്. എന്റെ അമ്മയേയും കൊണ്ടു വരാറുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല അത്രയ്‌ക്കും മികച്ചതാണെന്നാണ് എന്റെ അഭിപ്രായം. പിന്നെ കൊച്ചി ബിനാലെയ്‌ക്കും വരാറുണ്ട്. വര്‍ഷത്തില്‍ ആറോ ഏഴോ തവണ ഞാന്‍ കേരളത്തില്‍ വരും.”
120ല്‍ അധികം ആളുകളുടെ 30 ദിവസത്തെ കഠിനാധ്വാനമാണ് ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയുടെ സെറ്റ്. അവിടെ തങ്ങളുടെ വീട്ടിലെന്ന പോല്‍, നാട്ടിലെന്ന പോല്‍ മത്സരാര്‍ത്ഥികള്‍ സന്തോഷമായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഡിസൈനര്‍ പറയുന്നു.
The writer was at the Bigg Boss house on invitation from Asianet