റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം ബാക്കി. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസ് വിന്നർ റംസാൻ മുഹമ്മദ് തുടങ്ങി സിനിമാസീരിയൽ രംഗത്തു നിന്നുമുള്ള നിരവധി പേരുകളാണ് മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. നടി അഹാന കൃഷ്ണയും ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ഉണ്ടെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ, ആ വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഹാന. “രണ്ടു മൂന്നു ദിവസമായി കുറേപേർ എന്നോട് ചോദിക്കുന്നു, ബിഗ് ബോസിൽ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്.” ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് താൻ കാണാറില്ലെന്നും അഹാന പ്രതികരിച്ചിട്ടുണ്ട്.
Read More: Bigg Boss Malayalam 3: ഭാഗ്യലക്ഷ്മിയ്ക്കും നോബിയ്ക്കുമൊപ്പം റംസാൻ മുഹമ്മദും
ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിലാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഗ്രാൻഡ് ഓപ്പണിങ്. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക. ചെന്നൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്.
ഗായത്രി അരുൺ, രഹ്ന ഫാത്തിമ, സുബി സുരേഷ്, ട്രാൻസ്ജെൻഡർ ദീപ്തി കല്യാണി, ഗായിക രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിവരുടെ പേരുകളും ഇത്തവണ സാധ്യതാലിസ്റ്റിൽ ഉണ്ട്. എന്നാൽ താൻ ബിഗ് ബോസിലേക്കില്ല എന്നു വ്യക്തമാക്കി കൊണ്ട് രശ്മി സതീഷ് രംഗത്തുവന്നിരുന്നു.