Bigg Boss Malayalam House: ബിഗ് ബോസിൽ വിജയിയായ സാബുവിന് അഭിനന്ദനങ്ങളുമായി പേളി മാണിയുടെ ഫെയ്സ് ബുക്ക് ലൈവ്. “ഏറ്റവും അർഹനായ ആൾ തന്നെയാണ് ജയിച്ചിരിക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥിയും സാബു ചേട്ടനായിരുന്നു. സാബു ചേട്ടൻ ബ്രില്ല്യന്റാണ്. ഗൂഗിൾ എന്നു അദ്ദേഹത്തിന് പേരിട്ടത് ഞാനാണ്. അദ്ദേഹത്തിന്റെ വിജയത്തിൽ എനിക്കു സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ,” പേളി മാണി പറയുന്നു.

“ബിഗ് ബോസ് എനിക്ക് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. ഞാൻ പ്രതീക്ഷിച്ച പോലെയേ ആയിരുന്നില്ല അവിടെ സംഭവിച്ചത്. എനിക്കാകെയുള്ള ഭയം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്നെ സ്നേഹിക്കുന്ന ആളുകൾ മനസ്സിലാക്കുമോ, അംഗീകരിക്കുമോ, പഴയ പോലെ സ്നേഹിക്കുമോ എന്നൊക്കെയായിരുന്നു. എന്റെ പോരായ്മകൾ മാത്രമേ ഞാൻ കാണിച്ചിട്ടുള്ളൂ. പക്ഷേ എല്ലാവരും സ്നേഹവും സപ്പോർട്ടും തന്നു. എല്ലാവരോടും നന്ദി പറയുന്നു, നിങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഞാനവിടെ നിന്നത്,” തന്നെ പിന്തുണച്ചവർക്കെല്ലാം പേളി നന്ദി പറഞ്ഞു.

” ഒരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു, എല്ലാ മത്സരാർത്ഥികളും എന്റെ സുഹൃത്തുക്കളാണ്. അവിടെയുണ്ടായ ഒന്നും ഞങ്ങളാരും മനസ്സിൽ വെയ്ക്കുന്നില്ല. എന്റെ പെരുമാറ്റം ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സോറി. പ്രത്യേകിച്ചും ശ്രീനിയുമായുള്ള പിണക്കങ്ങളൊക്കെ. ഞാനൊരു ചെറിയ വഴക്കാളിയാണെന്ന് എനിക്ക് തോന്നുന്നു. ശ്രീനിയെ എനിക്ക് ​ഇഷ്ടമാണ്.” പേളി കൂട്ടി ചേർത്തു. കുറച്ചുദിവസം സോഷ്യൽ മീഡിയയിൽ നിന്ന് ഒന്ന് ബ്രേക്ക് എടുക്കുകയാണെന്നും ഒന്ന് റിലാക്സ് ചെയ്തിട്ട് ഉടൻ തിരിച്ചുമെന്നും പേളി ലൈവിൽ പറയുന്നു.

ബിഗ് ബോസിന്റെ തുടക്കം മുതൽ അവസാനം വരെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് പേളി. ഫൈനലിൽ എത്തുന്ന മത്സരാർത്ഥികളിൽ ഒരാൾ പേളിയായിരിക്കുമെന്ന് ആദ്യം മുതൽ പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്നു. ഓരോ തവണ എലിമിനേഷനിൽ വരുമ്പോഴും പേളിയ്ക്ക് കിട്ടിയ പ്രേക്ഷക പിന്തുണ വലുതായിരുന്നു. അവസാനനിമിഷം വരെ മത്സരത്തിൽ നല്ല വോട്ട് നിലവാരം രേഖപ്പെടുത്താൻ പേളി എന്ന മത്സരാർത്ഥിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook