കപ്പിനും ചുണ്ടിനും ഇടയില്‍ ‘പേളിക്ക് പാളി’; ബിഗ് ബോസ് കിരീടം ചൂടി സാബുമോന്‍

Bigg Boss Malayalam House Grand Finale 2018: ഇറ്റാലിയന്‍ നടനെ പോലെയാണ് സാബു ഉളളതെന്നും മോഹന്‍ലാല്‍

Bigg Boss Malayalam House Grand Finale Full Episode: മത്സരാര്‍ത്ഥികളെ കുറിച്ചും മത്സരത്തെ കുറിച്ചും പറയുന്ന സാന്‍ഡ് ആര്‍ട്ടിലൂടെയാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ആരംഭിച്ചത്. സാബു, ഷിയാസ്, പേളി, ശ്രീനിഷ്, സുരേഷ് എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത്. പ്രേക്ഷകരുടെ ആശംസാ വീഡിയോകള്‍ തുടക്കത്തില്‍ കാണിച്ചു. നൃത്തച്ചുവടുകളുമായി മോഹന്‍ലാല്‍ വേദിയിലെത്തി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളെ കാണാന്‍ ഒരു അതിഥിയെത്തി. സ്റ്റീഫണ്‍ ദേവസ്സിയാണ് ബിഗ് ബോസിലെത്തിയത്. സ്റ്റീഫണ്‍ കീറ്റാര്‍ വായിച്ചപ്പോള്‍ മത്സരാര്‍ത്ഥികള്‍ നൃത്തം ചെയ്തു. സ്റ്റീഫണ്‍ വേണ്ടി മത്സരാര്‍ത്ഥികള്‍ ചായയിട്ട് നല്‍കി. എല്ലാവര്‍ക്കും അദ്ദേഹം ആശംസ അറിയിച്ച് യാത്ര പറഞ്ഞ് പുറത്തേക്ക് പോയി.

ഫിനാലെ മത്സരം കാണാനായി ബിഗ് ബോസില്‍ പ്രേക്ഷകരുടെ ഇടയില്‍ പുറത്തായ മത്സരാര്‍ത്ഥികളും എത്തിയിരുന്നു. ആരും പുറത്തായിട്ടില്ലെന്നും എല്ലാവരും തന്റെ ഹൃദയത്തിനകത്തുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസിന്റെ ടൈറ്റില്‍ സോംഗിന് കീബോഡ് പ്ലേ ചെയ്ത് സ്റ്റീഫണ്‍ ഗാനം ആലപിച്ചു. മോഹന്‍ലാലും ഒപ്പം കൂടി. പുറത്തായ മത്സരാര്‍ത്ഥികളും നൃത്തം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ സ്റ്റീഫണെ പ്രേക്ഷരുടെ ഇടയില്‍ ഇരിക്കാന്‍ പറഞ്ഞയച്ചു. തുടര്‍ന്ന് മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തു.

എല്ലാവരും അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ സുരേഷിനെ കാണാന്‍ ചാള്‍സ് ബ്രോന്‍സനെ പോലെ തന്നെയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇറ്റാലിയന്‍ നടനെ പോലെയാണ് സാബു ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഓരോരുത്തരായി ഇന്ന് പുറത്താക്കപ്പെടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സുരേഷിന് തന്റെ അടുക്കലേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Read More: സാബുമോന്‍ ആരാ മോന്‍! വില്ലനായി വന്ന് ഹീറോയായി മടക്കം

തുടര്‍ന്ന് സുരേഷിനെ മുഖംമൂടിയ രണ്ട് പേര്‍ ചേര്‍ന്ന് പുറത്തേക്ക് കൊണ്ടുപോയി. ബിഗ് ബോസിലെ ഏറ്റവും നിഷ്കളങ്കനായ മത്സരാര്‍ത്ഥി ആയാണ് സുരേഷിനെ കണക്കാക്കിയിരുന്നത്. ബിഗ് ബോസ് ഹൗസില്‍ വിനോദത്തിന് എന്നും മറ്റുളളവര്‍ കൂടുതല്‍ ആശ്രയിച്ചതും സുരേഷിനെ ആയിരുന്നു. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് അദ്ദേഹം ആലപിക്കാറുളളത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെ തയ്യാറാക്കിയ ആലപിച്ച ‘മുത്തേ പൊന്നെ പിണങ്ങല്ലെ’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെയാണ് സുരേഷ് ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം പുറത്തുപോയ അതിഥിയെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തു. തന്റെ കുടുംബമാണ് ബിഗ് ബോസിലുളളതെന്ന് അതിഥി പറഞ്ഞു. ഇതിന് പിന്നാലെ നൃത്തച്ചുവടുകളോടെ രഞ്ജിനി ആണ് എത്തിയത്. പുറത്ത് പോയപ്പോള്‍ എല്ലാവരും നല്ല രീതിയിലാണ് പ്രതികരിച്ചതെന്ന് രഞ്ജിനി മോഹന്‍ലാലിനോട് പറഞ്ഞു. ‘എന്റെ ഉളളില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് ഈ ഷോയിലൂടെയാണ് മറ്റുളളവര്‍ മനസ്സിലാക്കിയത്. എനിക്കുണ്ടായിരുന്ന ചീത്തപ്പേര് ആ രീതിയില്‍ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ പാവം മാത്രമല്ല. ബിഗ് ബോസിലേത് നല്ല അനുഭവം തന്നെയായിരുന്നു’, രഞ്ജിനി പറഞ്ഞു.

രഞ്ജിനിയെ പറഞ്ഞയച്ചതിന് പിന്നാലെ ദീപന്‍ മരളിയാണ് നൃത്തച്ചുവടുകളുമായി എത്തിയത്. താന്‍ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് തന്റെ ഭാര്യയാണെന്ന് ദീപന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ദീപന്‍ ബിഗ് ബോസ് ഹൗസിലെത്തിയിരുന്നത്.

ഇന്ന് പുറത്തായ സുരേഷിനേയും മോഹന്‍ലാല്‍ വേദിയിലെത്തിച്ചു. എന്ത് കൊണ്ടാണ് തൂക്കിയെടുത്ത് കൊണ്ടുവന്നതെന്ന് അറിയാമോയെന്ന് സുരേഷിനോട് മോഹന്‍ലാല്‍ ചോദിച്ചു. അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ബിഗ് ബോസില്‍ വന്നപ്പോള്‍ വീര്‍പ്പ് മുട്ടലായിരുന്നു. എന്നാല്‍ എല്ലാവരുമായും പിന്നീട് സ്നേഹത്തിലായി. ഇവിടെ നിന്നും പുറത്തുപോയാല്‍ ജീവിതം മാറിമറിയുമെന്നാണ് എനിക്ക് തോന്നുന്നത്’, സുരേഷ് പറഞ്ഞു. സുരേഷിന് മോഹന്‍ലാല്‍ ഒരു സര്‍പ്രൈസ് നല്‍കുമെന്ന് പറഞ്ഞു. സംവിധായകനായ രാജീവിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. തന്റെ ‘കോളാമ്പി’ എന്ന ചിത്രത്തില്‍ സുരേഷിന്
നായകനായി അവസരം നല്‍കുമെന്ന് രാജീവ് പ്രഖ്യാപിച്ചു. നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. ‘ആംബ്ലി നാണു’ എന്നാണ് സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്.

ബിഗ് ബോസ് പരിപാടിയുടെ പാരഡി സ്കിറ്റാണ് അടുത്തതായി വേദിയിലെത്തിയത്. വിരസമായ സ്കിറ്റായിരുന്നു വേദിയിലെത്തിയത്. ഇതിന് പിന്നാലെ അര്‍ച്ചന സുശീലനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. നൃത്തം ചെയ്തതിന് ശേഷം തന്റെ അനുഭവങ്ങളും അര്‍ച്ചന പങ്കുവെച്ചു. ഇത് കഴിഞ്ഞ് ഹിമ ശങ്കറും വേദിയിലെത്തി.

ഇതേസമയം ഷിയാസ് മത്സരാര്‍ത്ഥികളുടെ ചെടിക്ക് വെള്ളം ഒഴിക്കുകയായിരുന്നു. തനിക്ക് വീട്ടിലേക്ക് പോവുമ്പോള്‍ ഒരു കസേരയെങ്കിലും തന്ന് വിടണമെന്ന് പേളി ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. അടുത്തതായി ദിയ സനയും അഞ്ജലി അമീറും നൃത്തച്ചുവടുകളുമായി വേദിയിലെത്തി. ശ്രീലക്ഷ്മിക്കും ശ്വേത മേനോനും ചില വ്യക്തിപരമായ കാരണങ്ങളാല്‍ എത്താനാവില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അനൂപിനേയും വേദിയിലെത്തിച്ചു. മനോജ് വര്‍മ്മ, ഡേവിഡ്, ബഷീര്‍ എന്നിവര്‍ ഒരുമിച്ചാണ് നൃത്തം ചെയ്ത് വേദിയിലെത്തിയത്.

മുമ്പ് എല്ലാവരും ആവശ്യപ്പെട്ടത് പോലെയും ബിഗ് ബോസ് അഭ്യര്‍ത്ഥിച്ചത് പോലെയും താന്‍ ഗാനം ആലപിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി’ എന്ന കമുകറ പുരുഷോത്തമന്‍ പാടിയ ഗാനമാണ് മോഹന്‍ലാല്‍ ആദ്യം ആലപിച്ചത്. ‘മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്’ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

ഇതിനിടെ പേളിയും ശ്രീനിഷും അവസാനദിനം സംസാരിക്കുകയായിരുന്നു. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. തുടര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സാബുവിനോട് തങ്ങളെ സഹായിക്കണമെന്ന് പേളിയും ശ്രീനിഷും ആവശ്യപ്പെട്ടു. ‘എന്റെ അച്ഛന്‍ കുഴപ്പമില്ല. പക്ഷെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് ശരിയാക്കണം. എന്റെ അമ്മയ്ക്ക് എടിഎം വരെ ഒറ്റയ്ക്ക് ഉപയോഗിക്കാനാവില്ല. സാബുവേട്ടന്‍ പറഞ്ഞ് ഞങ്ങളുടെ കാര്യം ശരിയാക്കണം’, പേളി ആവശ്യപ്പെട്ടു. അതേസമയം പേളിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ തനിക്കാകുമെന്ന് സാബു പറഞ്ഞു. രണ്ട് പേരോടും പേടിക്കേണ്ടെന്നും സാബു വ്യക്തമാക്കി.

അടുത്തതായി ഒരാള്‍ കൂടി പുറത്തേക്ക് പോവാനുളള സമയമായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിഷാണ് തന്റെ അടുത്തേക്ക് വരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീനിഷിനെ മറ്റുളളവര്‍ യാത്രയാക്കി. ചിരിച്ച് കൊണ്ട് യാത്രയാക്കാന്‍ ശ്രീനിഷ് പേളിയോട് പറഞ്ഞു.

വീട്ടില്‍ പോയി അമ്മയേയും അച്ഛനേയും കാണണമെന്ന് ശ്രീനിഷ് പറഞ്ഞു. ‘പിന്നെ പേളിയുടെ അമ്മയേയും അച്ഠനേയും കണ്ട് സംസാരിക്കണം’, ശ്രീനിഷ് പറഞ്ഞു. എല്ലാ സ്വപ്നങ്ങളും പൂവണിയട്ടേയെന്ന് ആശംസിച്ച് ശ്രീനിഷിനെ മോഹന്‍ലാല്‍ പറഞ്ഞയച്ചു. പുറത്തായതിന് പിന്നാലെ ശ്രീനിഷിന്റെ കിടക്കയ്ക്ക് അരികിലെത്തി പേളി ശ്രീനിഷിന്റെ ഫോട്ടോ നോക്കി ഇരുന്നു.

ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ തമ്മിലുളള ആത്മബന്ധം വളരെ വലുതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാബു-രഞ്ജിനി, ഷിയാസ്-അതിഥി, പേളി-സുരേഷ്, സുരേഷ്-അതിഥി, അനൂപ്-ബഷീര്‍, സാബു-ഹിമ എന്നിവര്‍ തമ്മിലുളള സ്നേഹബന്ധങ്ങളുടെ ദൃശ്യങ്ങള്‍ ബിഗ് ബോസ് കാണിച്ചു. അടുത്തതായി ഒരാളെ കൂടി ബിഗ് ബോസ് പുറത്താക്കും. ഇതിന് മുന്നോടിയായി പേളിക്ക് കഴിഞ്ഞ 99 ദിവസത്തെ ബിഗ് ബോസിലെ ദൃശ്യങ്ങള്‍ കാണിച്ച് കൊടുത്തു. ഇതിന് പിന്നാലെ സാബുവിനേയും വിളിച്ചു ദൃശ്യങ്ങള്‍ കാണിച്ചു. മൂന്നാമതായി ഷിയാസിനെ ആണ് വിളിപ്പിച്ചത്.

എന്നാല്‍ ഷിയാസ് ജനവിധി പ്രകാരം ബിഗ് ബോസ് വീടിനോട് വിട പറയുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് മോഹന്‍ലാല്‍ ഷിയാസിനെ പുറത്തേക്ക് വിളിപ്പിച്ചു. ‘അകത്ത് നില്‍ക്കുന്ന രണ്ട് പേരും എന്നേക്കാള്‍ കഴിവുളളവരാണ്. സാബുക്ക എനിക്ക് പറ്റുന്ന തെറ്റുകളൊക്കെ പറഞ്ഞു തരുന്ന ആളാണ്. പേളി സഹോദരിയാണ്. മറ്റെല്ലാ മത്സരാര്‍ത്ഥികളോടും സ്നേഹമാണ്. ശ്രീനിഷ് എനിക്ക് എന്തും പങ്കുവെക്കാന്‍ പറ്റുന്ന ചേട്ടനാണ്. അതിഥി എന്റെ ഉറ്റ സുഹൃത്താണ്’, ഷിയാസ് പറഞ്ഞു.

പേളിയും സാബുവും ആണ് ഇനി മത്സരിക്കാന്‍ ഉളളത്. ഇതില്‍ ആരാണ് വിജയിയെന്ന് ബിഗ് ബോസ് നിമിഷങ്ങള്‍ക്കകം പ്രഖ്യാപിക്കും. ഇതിനിടെ ബിഗ് ബോസിലേക്ക് പ്രേക്ഷകര്‍ അയച്ച കത്തുകള്‍ മോഹന്‍ലാല്‍ വായിച്ചു. ‘പ്രിയ മോഹന്‍ലാല്‍, തനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ, വെറുപ്പിക്കല്ലെ മാഷെ’, എന്നാണ് ഒരാള്‍ എഴുതിയ കുറിപ്പ്. ഓരോ ആഴ്ച്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം മോഹന്‍ലാല്‍ വിശദീകരിച്ചു. പേളിയും, ഷിയാസും, ശ്രീനിഷും, രഞ്ജിനിയുമൊക്കെ വോട്ടിംഗില്‍ ചില ആഴ്ച്ചകളില്‍ മുമ്പിലെത്തിയിരുന്നു. എന്നാല്‍ അവസാന ആഴ്ച്ചകളില്‍ ഷിയാസ്, പേളി എന്നിവരാണ് മുമ്പിലെത്തിയത്. ഈ ആഴ്ച്ചകളില്‍ സാബു മുന്നിലെത്തിയിരുന്നില്ല. എന്നാല്‍ അവസാന ആഴ്ച്ചയില്‍ ആര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചതെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയില്ല.

ഓരോ മത്സരാര്‍ത്ഥ്യും മികച്ച രീതിയിലാണ് പ്രകടനം നടത്തിയതെന്ന് ബിഗ് ബോസ് പേളിയോടും സാബുവിനോടും പറഞ്ഞു. ‘പുറമെ നിന്നും മുന്‍വിധിയോടെ നോക്കിക്കണ്ട പല വ്യക്തികളും പരസ്പരം അറിഞ്ഞു. സൗഹൃദങ്ങള്‍ക്കിടയിലും മൊട്ടിട്ട പ്രണയങ്ങള്‍. ഇവിടം വിട്ട് നിങ്ങള്‍ പോയാല്‍ ബിഗ് ബോസ് ഹൗസ് നിങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും. നിങ്ങളോട് ഈ ശബ്ദവും വിട പറയുകയാണ്’, ബിഗ് ബോസ് പറഞ്ഞു. ഇതിന് പിന്നാലെ ആദ്യമായി മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിനകത്ത് പ്രവേശിച്ചു. ഇരുവരേയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഇരുവരോടും വീടിനോട് വിട പറയാന്‍ പറഞ്ഞ് രണ്ട് പേരുടേയും കൈപിടിച്ച് മോഹന്‍ലാല്‍ പുറത്തേക്ക് നടന്നു. മോഹന്‍ലാല്‍ കൈയടിച്ചതോടെ ബിഗ് ബോസിലെ ലൈറ്റുകള്‍ അണഞ്ഞു. ഇരുവരേയും കൂട്ടി മോഹന്‍ലാല്‍ വേദിയിലെത്തി.

രണ്ട് പേരുടേയും കുടുംബങ്ങള്‍ ഗ്രാന്‍ഡ് ഫിനാലെ കാണാനെത്തിയിരുന്നു. 100 ദിവസത്തിന് ശേഷം കുടുംബങ്ങളെ കണ്ട ഇരുവരും സന്തോഷം പങ്കുവെച്ചു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.

പേളിക്ക് 1 കോടി 52 ലക്ഷത്തോളം പേരാണ് പേളിക്ക് വോട്ട് ചെയ്തത്. അതേസമയം സാബുവിന് 1 കോടി 58 ലക്ഷത്തോളം വോട്ടാണ് സാബുവിന് ലഭിച്ചത്. ഇതോടെ സാബു ബിഗ് ബോസ് ജേതാവായി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam house grand finale full episode

Next Story
ഇഷ്ട മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പ്രേക്ഷകരുടെ ‘പിടിവലി’; ബിഗ് ബോസിലേക്ക് ഒഴുകിയത് അഞ്ച് കോടിയില്‍പരം വോട്ടുകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express