Big Boss Reality Show 2018: “പരസ്‌പരം അടുത്തറിയാത്ത പതിനാറു പേര്‍ ഒരു വീട്ടില്‍ നൂറു ദിവസം ഒരുമിച്ച്. പത്രമില്ല, ഫോണില്ല, പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ചുറ്റും അറുപത് ക്യാമറകള്‍. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നു. ഓടാനോ ഒളിക്കാനോ ആകില്ല. ആ നൂറു ദിവസങ്ങളിലേക്കുള്ള ആദ്യ ചുവടിന് ഇനി രണ്ടു ദിനങ്ങളുടെ കാത്തിരിപ്പു മാത്രം”. ‘ബിഗ്‌ ബോസി’ന്റെ വരികളാണിവ.

ഏഷ്യാനെറ്റിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ റിയാലിറ്റി ഷോ ആരംഭിക്കുന്നത്.

മലയാളികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബിഗ് ബോസ്’ മലയാളം റിയാലിറ്റി ഷോ ജൂണ്‍ 24ന് ആരംഭിക്കുകയാണ്. അതിനു മുന്നോടിയായി പരിപാടിയുടെ തീം സോങ് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ലോകത്തിന്‍ കഥയറിയാതെ…’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സ്റ്റീഫന്‍ ദേവസിയും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസുമാണ്. സന്തോഷ് വര്‍മയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

പരിപാടിയുടെ സ്വഭാവം മനസിലാക്കി തന്നെയാണ് സന്തോഷ് വര്‍മ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ലോകത്തിന്റെ കഥയോ സമയത്തിന്റെ ഗതിയോ എന്തെന്ന് ഈ റിയാലിറ്റി ഷോയുടെ ഭാഗമാകുന്ന 16 സെലിബ്രിറ്റി മത്സരാര്‍ത്ഥികളും അറിയുന്നില്ല. അങ്ങനെ നൂറു ദിവസങ്ങള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ആരെല്ലാം വാഴുമെന്നോ ആരെല്ലാം വീഴുമെന്നോ കണ്ടറിയണം. ആ കാത്തിരിപ്പിന് ഇനി രണ്ടു ദിവസങ്ങള്‍ കൂടി.

ഹിന്ദിയില്‍ ആരംഭിച്ച ‘ബിഗ് ബോസ്’ അവതരിപ്പിച്ചിരുന്നത് സല്‍മാന്‍ ഖാനായിരുന്നു. പിന്നീട് മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ‘ബിഗ് ബോസ്’ എത്തി. തമിഴില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ പരിപാടി അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും റേറ്റിങ് ഉള്ള ഷോ ആയ ‘ബിഗ് ബോസ്’ മലയാളത്തിലേക്കെത്തുമ്പോള്‍, പരിപാടിയുടെ അവതാരകനായി വരുന്നത് മലയാളികളുടെ പ്രിയ താരം മോഹന്‍ലാലാണ്. ഈ പരിപാടിയുടെ അവതാരകനായി എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തീം സോങ് റിലീസ് ചെയ്‌തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

“ഇന്ത്യയിലെ ഏറ്റവും റെപ്യൂട്ടഡ് ആയ റിയാലിറ്റി ഷോ ആണിത്. മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള പരിപാടി മലയാളത്തിലെത്തിയപ്പോള്‍, ബിഗ് ബോസായി എന്നെ പരിഗണിച്ചതില്‍ സന്തോഷവും നന്ദിയുമുണ്ട്,” മോഹന്‍ലാല്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമാകുന്ന ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ‘ബിഗ് ബോസി’ന്റെ ഭാഗമാകുന്നിടത്തോളം കാലം അവര്‍ക്ക് സ്വകാര്യതയില്ല എന്നതാണ് സത്യം. ശുചിമുറിയില്‍ ഒഴികെ മറ്റെല്ലായിടത്തും ക്യാമറകള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിരിക്കും. അവരെ ലോകം മുഴുവന്‍ കാണുമ്പോഴും അവര്‍ ആരെയും കാണില്ല എന്നതാണ് കൗതുകകരമായ കാര്യം.

ഓരോ ആഴ്‌ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യേണ്ട ടാസ്‌കുകള്‍ നല്‍കും. ഇത് ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ കൂടിയാണ്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. മാത്രമല്ല, പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.

പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ ഇവര്‍ക്ക് നീങ്ങാന്‍ സാധിക്കൂ. അതേസമയം പ്രത്യേകിച്ചൊരു സ്‌ക്രിപ്‌റ്റൊന്നും ഇല്ലാത്ത പരിപാടിയാണിത്. ബിഗ് ബോസിനെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്‌ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ബിഗ് ബോസിനോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും. അവിടെ പോയി ഇരുന്ന് മനസു തുറക്കാം. അതേസമയം, ‘ബിഗ് ബോസി’നെ കാണാന്‍ സാധിക്കില്ല.

മലയാളത്തിലെ ബിഗ് ബജറ്റ് പരിപാടിയാണിത്. എന്‍ഡമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍ കമ്പനിക്കാണ് ബിഗ് ബോസിന്റെ നടത്തിപ്പിനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. മലയാളം ബിഗ് ബോസിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്‌ത ഡിസൈനര്‍ ശ്യാം ഭാട്ടിയയാണ്. ശ്യാം എന്തൊക്കെയാണ് മത്സരാര്‍ത്ഥികള്‍ക്കും, പ്രേക്ഷകര്‍ക്കുമായി ആ വീട്ടില്‍ ഒരുക്കിയിരിക്കുന്നത് എന്നറിയാന്‍ ഇനി രണ്ടു ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ