Bigg Boss Malayalam Grand Finale Title Winner: മലയാള ടെലിവിഷൻ ലോകം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിൽ ടെലിവിഷന്‍-സിനിമാ താരവും അവതാരകനുമായ സാബുമോൻ വിജയിയായി. ബിഗ് ബോസിലെത്തുമ്പോൾ ‘തരികിട സാബു’ എന്നായിരുന്നു വിളിപ്പേരെങ്കിൽ ഇന്നത് ‘ഗൂഗിൾ സാബു’ എന്നായി മാറിയിരിക്കുന്നു. സമൂഹത്തിൽ തനിക്കിതുവരെ ഉണ്ടായിരുന്നു തരികിട ഇമേജിൽ നിന്നും പുറത്തിറങ്ങി, മലയാളികളുടെ മുഴുവൻ ഇഷ്ടം നേടിയെടുത്താണ് സാബു വിജയിയായിരിക്കുന്നത്.
പൊതുവേ തനിക്കുള്ള നെഗറ്റീവ് ഇമേജിനെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ഇമേജിന്റെ ഭാരമില്ലാതെ, നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് സാബു ഗെയിം തുടങ്ങുന്നത്. പ്രതിസന്ധികളിൽ തളരാതെ, മറ്റുള്ള മത്സരാർത്ഥികളിൽ പോലെ പ്രകോപനപരമായ അവസ്ഥകളിൽ മനസ്ഥൈര്യം വിട്ടുകളയാതെ ബുദ്ധിപൂർവ്വം കളിച്ച് മുന്നേറാൻ സാബു എന്ന മത്സരാർത്ഥിക്ക് കഴിഞ്ഞു.
ഒരു വിഷയത്തെ മറ്റുള്ളവര്‍ക്ക് മനസിലാവുന്ന രീതിയില്‍ അവതരിപ്പിക്കുവാനുള്ള കഴിവ്, മനസ്സിന്റെ കരുത്ത്, തടസ്സങ്ങള്‍ നേരിടാനുള്ള സന്നദ്ധത, ക്ഷമ, കുശാഗ്ര ബുദ്ധി, സര്‍ഗാത്മകത, സഹനം, ഓര്‍മശക്തി, കലാപരമായിട്ടുള്ള കഴിവുകള്‍, മനസ്സാസ്സിധ്യം, പക്വത, കാര്യങ്ങള്‍ മനസിലാക്കാനുള്ള സന്നദ്ധത, കായിക ശേഷി, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം, പ്രതിസന്ധികളില്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ്, നിശ്ചയദാര്‍ഢ്യം, വിമര്‍ശനങ്ങളെ നേരിടാനുള്ള ചങ്കൂറ്റം, ക്യാപ്റ്റൻസിയിലുള്ള മികവ് എന്നിവയൊക്കെയായിരുന്നു ബിഗ് ബോസ് മത്സരത്തിൽ വിജയികളെ നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ. മത്സരം ഗ്രാൻഡ് ഫിനാലെയിൽ എത്തിയപ്പോൾ, ഈ മാനദണ്ഡങ്ങളോടൊക്കെ ചേർത്തുവയ്ക്കാവുന്ന ഒരേ ഒരു മത്സരാർത്ഥി എന്ന ലേബലിലേക്ക് കൂടി സാബു ഉയരുകയായിരുന്നു.
ബിഗ് ബോസ് ടൈറ്റിൽ വിൻ ചെയ്യാൻ ഏറ്റവും അനുയോജ്യനായ മത്സരാർത്ഥി സാബു തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെയും വിലയിരുത്തൽ. ശത്രുക്കളെയും തന്നെ വെറുത്തിരുന്നവരെ കൊണ്ടുപോലും നല്ലതു പറയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് സാബു എന്ന മത്സരാർത്ഥിയുടെ വിജയം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ബിഗ് ബോസ് നൂറാം ദിവസ ആഘോഷങ്ങൾ:
കഴിഞ്ഞ നൂറ് ദിവസം മലയാളികളുടെ വീട്ടിലെ ചർച്ചാ വിഷയമായിരുന്ന ബിഗ് ബോസ് പരുപാടി അവസാനിച്ചു. ടെലിവിഷന്‍-സിനിമാ താരവും, അവതരാകനുമായ സാബുമോനാണ് ബിഗ് ബോസ് സീസണ്‍ ഒന്നിന്‍റെ വിജയ്. ഫിനാലെയിലെത്തിയ അഞ്ചു പേരില്‍ നിന്നുമാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. സാബുവിന് പുറമെ, പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം എന്നിവരായിരുന്നു ഫിനാലെയിലെത്തിയത്.
എന്നാല്‍ ഫിനാലെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ സുരേഷ് എലിമിനേറ്റായി. പിന്നാലെ ശ്രീനിഷ്, ഷിയാസ് എന്നിവരും പുറത്തായി. പേളിയും സാബുവുമായിരുന്നു അവസാന ഘട്ടത്തിലുണ്ടായിരുന്നത്. പ്രേക്ഷക വോട്ടിലെ വീട്ടിലെ പ്രകടനങ്ങളിലും മുന്നിലുള്ളവരായിരുന്നു പേളിയും സാബുവും. അതുകൊണ്ട് തന്നെ ആകാംഷ നിറഞ്ഞതായിരുന്നു അവസാന നിമിഷങ്ങള്‍.
ഒടുവില്‍ എല്ലാവരേയും ആവേശത്തിലാക്കി സാബുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത മത്സരാർത്ഥികളും പ്രേക്ഷകരുമെല്ലാം സാബു ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നു. പുറത്ത് വന്ന മത്സരാർത്ഥികളില്‍ പലരും സാബു വിജയം അർഹിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. ബിഗ് ബോസില്‍ നിന്നും വിജയിക്കുള്ള സമ്മാനത്തുകയോടൊപ്പം തന്നെ പുതിയൊരു മുഖവുമായാണ് സാബു മടങ്ങുന്നത്.
Read ALso;
ബിഗ് ബോസ് കിരീടം ചൂടി സാബുമോന്‍; കപ്പിനും ചുണ്ടിനും ഇടയില്‍ ‘പേളിക്ക് പാളി’
ഷോയുടെ തുടക്കത്തില്‍ വളരെയധികം നെഗറ്റീവ് ഇമേജുണ്ടായിരുന്ന വ്യക്തിയായിരുന്നു സാബു. അദ്ദേഹത്തെ പരുപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ തന്നെ പ്രതിഷേധങ്ങളുയർന്നിരുന്നു. എന്നാല്‍ പിന്നീട് ഷോ മുന്നോട്ട് പോകവെ എല്ലാവരുടേയും ധാരണകള്‍ സാബു തിരുത്തുകയായിരുന്നു. പതിയെ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിച്ചും ടാസ്ക് ജയിക്കേണ്ടിടത്ത് ജയിച്ചുമെല്ലാം സാബു കുടുംബാംഗങ്ങളുടേയും പ്രേക്ഷകരുടേയും പ്രശംസ നേടുകയായിരുന്നു. സാബുവുമായി തുടക്കത്തില്‍ ശത്രുതയിലായിരുന്ന രഞ്ജിനിയും സാബുവും അടുത്ത സുഹൃത്തുക്കളായി മാറുന്നതിനും ബിഗ് ബോസ് സാക്ഷ്യം വഹിച്ചു.
നാളുകളായി പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് ഫിനാലെ ഏഴ് മണിയോടെയാണ് ആരംഭിച്ചത്. അവതാരകനായ മോഹന്‍ലാലിന് പുറമെ സംഗീത സംവിധായകനായ സ്റ്റീഫന്‍ ദേവസ്യ, ഗായിക ആന്‍ എന്നിവരുടെ ഗാനവും മുന്‍ മത്സരാർത്ഥികളുടെ നൃത്തവുമെല്ലാം ഷോയുടെ അവസാന രാവിനെ ആഘോഷഭരിതമാക്കി. ബിഗ് ബോസില്‍ നിന്നും പുറത്തായവരെല്ലാം തിരികെ എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെ നേരിട്ട് ബിഗ് ബോസ് വീടിനുള്ളിലെത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് വിജയ്ക്കുള്ള സമ്മാനം. വിധി നിർണയം കാണാനായി മത്സരാർത്ഥികളുടെ കുടുംബവും എത്തിയിരുന്നു.