ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസ് വിജയിയെക്കാണാനായി. നൂറാം ദിനത്തിലെത്തി നില്‍ക്കുകയാണ് പരിപാടി. മലയാള ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പരിപാടി കൂടിയാണിത്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേരുമായിത്തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അഞ്ച് പേരാണ്. ബി​ഗ്ബോസ് പരിപാടിയുടെ ​ഗ്രാൻഡ് ഫിനാലെ എപ്പിസോ‍ഡ് അൽപസമയത്തിനകം സംപ്രേക്ഷണം ചെയ്യും. ബി​ഗ് ബോസ് സീസൺ വണിന്റെ ജേതാവിനെ കണ്ടെത്താനായി ഒരാഴ്ച്ച നീണ്ടുനിന്ന വോട്ടിം​ഗ് ശനിയാഴ്ച്ച രാത്രി അവസാനിച്ചിരുന്നു. ഫൈനൽ റൗണ്ടിലെത്തിയ ആറ് മത്സരാർത്ഥികൾക്കുമായി അഞ്ച് കോടിയിലേറെ വോട്ടുകൾ ലഭിച്ചു എന്നാണ് പരിപാടി സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര ഏജൻസിയാണ് ബി​ഗ് ബോസ് ഷോയുടെ വോട്ടുകൾ ഓഡിറ്റ് ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഫാന്‍സ് ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. അവരവരുടെ ഇഷ്ടതാരം ജയിക്കാനായാണ് താരങ്ങളും ആഗ്രഹിക്കുന്നത്. ബിഗ് ഹൗസില്‍ നിന്നും തിരിച്ചുപോവുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ താരങ്ങള്‍ എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നിരുന്നു.

​ഗ്രാൻഡ് ഫിനാലെ വീക്കിലേക്കെത്തിയ ആറ് പേരിൽ അദിതി റായ് ബുധനാഴ്ച്ച എലിമേറ്റഡ് ആയിരുന്നു. സാബുമോൻ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ്, പേളി മാണി എന്നിവരാണ് ബി​ഗ്ബോസ് വീട്ടിൽ അവശേഷിക്കുന്ന അ‍ഞ്ച് പേർ. ഇവരിൽ സാബുമോൻ, ഷിയാസ് കരീം, പേളി മാണി എന്നിവർ തമ്മിലുള്ള ശക്തമായ പോരാട്ടമാണ് അവസാന റൗണ്ടിൽ നടക്കുന്നത്. തുടക്കം മുതലേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥി ആയിരുന്നു പേളി മാണി. ശ്രീനിഷുമായുളള പ്രണയം ഇതിന് ആക്കം കൂട്ടി. ഓരേ ദിവസവും പിന്നീട് പേളിയും ശ്രീനിഷും തമ്മിലുളള പ്രണയം ബിഗ് ബോസ് ക്യാമറകളുടെ സ്ഥിരം ഫ്രെയിമായി മാറി. ഇത് ഇരുവര്‍ക്കും ഗുണം ചെയ്യുകയാണുണ്ടായത്. ശക്തനായ മത്സരാര്‍ത്ഥി എന്ന് അവകാശവാദം ഉന്നയിക്കാനാവാത്ത ശ്രീനിഷിന് അതിജീവിക്കാനായത് പേളിയുമായുളള പ്രണയം കൊഴുത്തതാണ്. ഗെയിമിന്റെ ഭാഗമായി മാത്രമാണ് പേളി ശ്രീനിഷിനെ പ്രണയിക്കുന്നതെന്ന വാദം ഉയര്‍ന്നെങ്കിലും പേളിയുടെ ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തി. ബിഗ് ബോസ് ഗെയിമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പേളിയുടേത് ആത്മാര്‍ത്ഥ പ്രണയം ആണെങ്കിലും അല്ലെങ്കിലും അതാണ് മിടുക്കെന്നുമാണ് ഇവരുടെ വാദം.

അതേസമയം സാബു തുടക്കം മുതലേ ശക്തനായ മത്സരാര്‍ത്ഥി ആണ്. സോഷ്യല്‍മീഡിയയില്‍ രഞ്ജിനിയെ കുറിച്ചും ഒരു വനിതാ നേതാവിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സാബുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിഗ് ബോസില്‍ സാബുവിന്റെ നിലനില്‍പ്പിനെ ഇത് ബാധിക്കുമെന്ന് വരെ ആദ്യ ഘട്ടത്തില്‍ തോന്നിയിരുന്നു. എന്നാല്‍ സാബുവിന്റെ വ്യക്തമായ നിലപാടും ബുദ്ധിപൂര്‍വ്വമുളള മത്സരവും അദ്ദേഹത്തെ വേഗത്തില്‍ ശക്തനായ മത്സരാര്‍ത്ഥിയാക്കി മാറ്റി.

ബിഗ് ബോസിലെത്തിയവരില്‍ ഏറ്റവും ബലഹീനനായ മത്സരാര്‍ത്ഥിയെന്നായിരുന്നു തുടക്കത്തില്‍ ഷിയാസ് കരീമിന് ലഭിച്ച വിശേഷണം. തുറന്ന പെരുമാറ്റവും ബാലപ്രകൃതവും ഷിയാസിന് പുറത്തേക്ക് എളുപ്പത്തില്‍ വാതില്‍ തുറക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതേ സ്വഭാവരീതി തന്നെയാണ് ഷിയാസിനെ ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താന്‍ സഹായിച്ചത്.

‘മണ്ടന്‍, കോഴി, കുളക്കോഴി’ എന്നിങ്ങനെയുളള വിളിപ്പേരുകള്‍ ഷിയാസിന് മറ്റ് മത്സരാര്‍ത്ഥികള്‍ ചാര്‍ത്തി കൊടുക്കുകയും ചെയ്തു. വിജയിക്കാന്‍ വേണ്ടി മണ്ടനായും താന്‍ ഇരിക്കുമെന്ന് ഷിയാസ് മുമ്പ് പറഞ്ഞിട്ടുമുണ്ട്. ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ഷിയാസിനെ ആരും പരിഗണിക്കുന്നില്ലെന്ന് സാബു പറഞ്ഞ ഇടത്തുനിന്നാണ് ഷിയാസ് സാബുവിനോളം അല്ലെങ്കില്‍ അതിനേക്കാളും ജനപ്രിയനായി വളര്‍ന്നത്. ഇവര്‍ മൂന്ന് പേരില്‍ ആരെങ്കിലുമാകും വിജയി എന്ന് നിസംശയം പറയാം. ആരാകും വിജയി എന്നത് കാത്തിരുന്ന് കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ