Bigg boss malayalam Episode 85: 84ാം ദിവസം രാവിലെ തന്നെ പേളിയേയും ശ്രീനിഷിനേയും സാബു കളിയാക്കി. ഇരുവരും കൈപിടിച്ച് ഇരിക്കുന്നത് കണ്ടായിരുന്നു സാബു കളിയാക്കിയത്. പുറത്ത് ആയിരുന്നെങ്കില്‍ രണ്ട് പേരേയും താന്‍ മടല് വെട്ടി തല്ലുമായിരുന്നെന്ന് സാബു പറഞ്ഞു. ഇതിനിടയിലാണ് മത്സരാര്‍ത്ഥികള്‍ക്ക് സിനിമ കാണിക്കുന്ന ടാസ്ക് ബിഗ് ബോസ് അവതരിപ്പിച്ചത്. സിനിമ കാണാനായി മത്സരാര്‍ത്ഥികളോട് ഒരുങ്ങാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിഗ് ബോസ് പോപ്കോണും പാനീയങ്ങളും എത്തിച്ച് നല്‍കി. ഇന്നത്തെ ചിത്രം ‘മണിച്ചിത്രത്താഴ്’ ആയിരിക്കുമെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു.

തുടര്‍ന്ന് സിനിമ കാണിച്ച് തുടങ്ങി. ഇത് ആദ്യമായാണ് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒരു സിനിമ കാണിക്കുന്നത്. രാത്രി 11 മണിയോടെ സിനിമ അവസാനിച്ചു. 85ാം ദിവസം രാവിലെ തന്നെ പാട്ട് കേട്ട് മത്സരാര്‍ത്ഥികള്‍ ഉണര്‍ന്നു. സാബുവിന് പ്രണയനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന് അര്‍ച്ചന ചോദിച്ചു. ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ടെന്നായിരുന്നു സാബുവിന്റെ മറുപടി. രഞ്ജിനിയുടെ പ്രേമം സൂപ്പറായിരുന്നെന്ന് സാബു. പ്രേമിച്ചവന് കൊടുത്തതൊക്കെ രഞ്ജിനി അതേപടി തിരിച്ചു മേടിക്കുമെന്ന് തന്നോട് പറഞ്ഞതായി സാബു വ്യക്തമാക്കി. ‘രഞ്ജിനിയുടേത് സൂപ്പര്‍ പ്രേമമാണ്. പ്രേമം പൊളിഞ്ഞാല്‍ അവള്‍ കൊടുത്തതൊക്കെ അവനോട് തിരിച്ച് മേടിക്കും. അങ്ങനെയാണ് വേണ്ടത്. അത്കൊണ്ട് രഞ്ജിനിയെ പ്രേമിക്കുമ്പോള്‍ അവളോട് നയാപൈസ വാങ്ങരുത്’, സാബു തമാശയായി പറഞ്ഞു.

രഞ്ജിനി പുറത്ത് പോവുന്നതിന് മുമ്പ് ഇരുവരും നല്ല സൗഹാര്‍ദ്ദത്തിലായിരുന്നു. ബിഗ് ബോസില്‍ എത്തുംമുമ്പ് കീരിയും പാമ്പും ആയിരുന്നു ഇരുവരും. സാബുവിനെതിരെ നേരത്തേ രഞ്ജിനി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ സാബു ഇട്ട ഒരു കമന്റിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ ശത്രുക്കളായത്. തുടര്‍ന്ന് സാബുവിനെതിരെ രഞ്ജിനി പരാതി നല്‍കി. ഇതിന് ശേഷമാണ് രഞ്ജിനി ബിഗ് ബോസിലെത്തിയത്. ബിഗ് ബോസില്‍ വെച്ച് ആദ്യം കണ്ടപ്പോള്‍ തന്നെ രഞ്ജിനി ഇക്കാര്യം സാബുവിനോട് ചോദിച്ചു. എന്നാല്‍ സാബു ഇത് അവഗണിച്ചു. പിന്നീട് ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളായി.

85ാം ദിവസത്തിലെ ക്യാപ്റ്റനായി മറ്റുളളവര്‍ അരിസ്റ്റോ സുരേഷിനെ തിരഞ്ഞെടുത്തു. ഈ ആഴ്ച്ചയില്‍ ഓരോ ദിവസവും ഓരോ ക്യാപ്റ്റനാണ്. ഇതോടെ ഈ ആഴ്ച്ചയിലെ നോമിനേഷനും ആരംഭിച്ചു. പേളിയേയും ശ്രീനിഷിനേയും ആണ് അതിഥി നോമിനേറ്റ് ചെയ്തത്. സാബുവിനേയും അര്‍ച്ചനയേയും ആണ് ഷിയാസും പേളിയും നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും സുരേഷിനേയും ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. ഷിയാസിനേയും അതിഥിയേയും ആണ് സാബു നോമിനേറ്റ് ചെയ്തത്. സാബുവിനേയും അര്‍ച്ചനയേയും ശ്രീനിഷ് വോട്ട് ചെയ്തു. അര്‍ച്ചന 3 വോട്ട്, സാബു 3 വോട്ട് എന്നിവരാണ് അടുത്ത ആഴ്ച്ചയിലെ നോമിനേഷനിലുളളത്. ക്യാപ്റ്റനായ സുരേഷിന് രണ്ട് പേരെ നേരിട്ട് നോമിനേറ്റ് ചെയ്യാം. ഷിയാസിനേയും പേളിയേയും ആണ് സുരേഷ് നോമിനേറ്റ് ചെയ്തത്.

ശ്രീനിഷ്, സുരേഷ്, അതിഥി എന്നിവര്‍ ഇതോടെ ഫിനാലെ ആഴ്ച്ചയിലേക്ക് യോഗ്യത നേടി. ഇനി 15 ദിവസം മാത്രമാണ് വിജയിയെ അറിയാന്‍ ബാക്കി. പേളിയെ നോമിനേറ്റ് ചെയ്തതിന് സുരേഷ് ക്ഷമാപണം ചോദിച്ചു. പുറത്ത് ട്രോളുകളെ കൊണ്ടുളള പ്രളയം ആയിരിക്കുമെന്ന് സാബു പേളിയോട് പറഞ്ഞു. തനിക്ക് ഇത് പോലൊരു ട്രോള്‍ അയച്ചതിനാണ് ഷിയാസിനെ ബ്ലോക്ക് ചെയ്തതെന്ന് പേളി പറഞ്ഞു. ‘എന്നെ കുറിച്ചുളള ട്രോള്‍ അവന്‍ എനിക്ക് തന്നെ അയക്കുന്നു. എന്നിട്ടാണ് ചോദിക്കുന്നത് എങ്ങനെയുണ്ടെന്ന്. അങ്ങനെയാണ് ഞാന്‍ അവനെ ബ്ലോക്ക് ചെയ്തത്. പക്ഷെ അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പോലുമല്ല’, പേളി സാബുവിനോട് പറഞ്ഞു. നേരത്തേ ഷിയാസ് തനിക്ക് പാതിരാത്രി സന്ദേശം അയച്ചെന്ന് പറഞ്ഞ് പേളി ഷിയാസിനെതിരെ രംഗത്ത് വന്നിരുന്നു. ഷിയാസ് ബിഗ് ബോസില്‍ വന്ന ദിവസം ഇരുവരും തമ്മിലുളള സംസാരത്തിനിടയിലാണ് പേളി ഷിയാസിനെതിരെ പറഞ്ഞിരുന്നത് തുടര്‍ന്ന് ഷിയാസിനെ കോഴി എന്ന് വിളിച്ച് എല്ലാവരും കളിയാക്കുകയും ചെയ്തു.

ശ്രീനിഷിനോടുളള സംസാരത്തിനിടെ തന്റെ വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും ഷിയാസ് വെളിപ്പെടുത്തി. തന്റെ ഉപ്പ തന്റെ ഉമ്മയെ ഉപേക്ഷിച്ച് പോയ ആളാണെന്ന് ഷിയാസ് വെളിപ്പെടുത്തി. ‘അദ്ദേഹം വേറെ വിവാഹം ചെയ്ത് പോവുകയായിരുന്നു. ഞങ്ങള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് അദ്ദേഹം പോയി. സുഖത്തിനും സന്തോഷത്തിനും ആണ് ഉപ്പ പ്രാധാന്യം നല്‍കിയത്. പക്ഷെ, ബന്ധങ്ങളെ മറന്നു. എന്റെ വീട്ടുകാര്‍ നിയമനടപടി സ്വീകരിക്കാന്‍ പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അതിന് സമ്മതിച്ചിട്ടില്ല. പലപ്പോഴും എന്റെ മോഡലിംഗ് കരിയറിനേയും നിരുത്സാഹപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. എന്നെ ഇപ്പോ ലൈവായി കാണുന്നുണ്ടാവുമല്ലോ’, ഷിയാസ് ശ്രീനിഷിനോട് പറഞ്ഞു. ഷിയാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥാനത്താണ് ഇപ്പോള്‍ ഉളളതെന്ന് ശ്രീനിഷ് വ്യക്തമാക്കി. എല്ലാവരും ഷിയാസിനെ ഓര്‍ത്ത് അഭിമാനിക്കുമെന്നും ശ്രീനിഷ് ഷിയാസിനോട് പറഞ്ഞു.

ഇന്നത്തെ ടാസ്കായി റാംപ് വാക്കാണ് ബിഗ് ബോസ് നല്‍കിയത്. ഷിയാസും പേളിയും ഇതില്‍ വിജയികളായി. പങ്കെടുത്ത എല്ലാവര്‍ക്കും ബിഗ് ബോസ് സമ്മാനം നല്‍കി. ചോക്ലേറ്റ് ആയിരുന്നു ഗിഫ്റ്റ് ബോക്സില്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ