Bigg Boss Malayalam elimination Updates: 93ാം ദിനമായ ഇന്നാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ പുറത്താവുക. സാബുവാണ് പുറത്താവുകയെന്ന ചിത്രം നല്‍കിയായിരുന്നു ഇന്നലെ പ്രൊമോ തയ്യാറാക്കിയിരുന്നത്. എന്നാല്‍ സാബു പുറത്താവില്ലെന്നാണ് പ്രേക്ഷകരുടെ വാദം. എന്തായാലും ആരാണ് പുറത്താവുകയെന്ന് താമസിയാതെ അറിയാം. താനാണ് ഇന്ന് പുറത്തുപോവുകയെന്ന് പറഞ്ഞ് പേളി കരഞ്ഞു. ശ്രീനിഷില്ലാതെ പറ്റില്ലെന്നും പേളി വ്യക്തമാക്കി. ‘നിയില്ലാതെ എനിക്ക് പറ്റില്ല’, പേളി പറഞ്ഞു. ഒരിക്കലും നമ്മള് പിരിയില്ലെന്നാണ് ശ്രീനിഷ് പേളിയെ കെട്ടിപ്പിടിച്ച് പറഞ്ഞത്.
എലിമിനേഷന് നടപടികള്‍ക്കായി മോഹന്‍ലാല്‍ ബിഗ് ബോസിലെത്തി. ഇനി ഒരാഴ്ച്ച മാത്രമാണ് മത്സരം ബാക്കിയുളളത്. അടുത്ത ഞായറാഴ്ച്ചയാണ് ബിഗ് ബോസ് സീസണ് 1ന്റെ ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കുടം പൊട്ടിക്കല്‍ ടാസ്കില് നല്ല പ്രകടനം കാണിച്ച സാബുവിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഇതിനിടെ തനിക്ക് തരാനുളള പോയന്റിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഇപ്പോള്‍ കൈയില്‍ ഇല്ലെന്നും പുറത്തുവന്നിട്ട് തരാമെന്നുമാണ് സാബു ഉറപ്പുനല്‍കിയത്. ഓരോരുത്തരും മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്തതിന്റെ കാരണങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചു. നേരത്തേ പറഞ്ഞ കാരണങ്ങളാണ് ഓരോരുത്തരം ആവര്‍ത്തിച്ചത്. മോഹന്‍ലാല്‍ പരസ്യമായി ചോദിച്ചത് കൊണ്ട് ആരാണ് തങ്ങളെ നോമിനേറ്റ് ചെയ്തതെന്ന ചിത്രം എല്ലാവര്ക്കും ലഭിച്ചു.
നോമിനേഷനില്‍ സാബു, അര്‍ച്ചന, പേളി, ശ്രീനിഷ്, അതിഥി എന്നിവരാണ് ഉള്ളത്. സാബുവിനോട് ബാഗ് എടുത്ത് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. സാബു എല്ലാവരേയും ആലിംഗനം ചെയ്ത് തന്റെ ബാഗ് എടുത്ത് പുറത്തേക്ക് പോവാന്‍ തയ്യാറായി. പുറത്തേക്കുളള വാതില്‍ തുറക്കാന്‍ സാബു കാത്തിരുന്നു. വാതില്‍ തുറക്കാനാണ് സാബുവിനോട് ബിഗ് ബോസ് പറഞ്ഞത്. എന്നാല്‍ സാബുവിന് പുറത്തേക്കുളള വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് സാബുവിനെ തിരിച്ച് വിളിക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞു. വാതില്‍ തുറക്കാനായില്ലെങ്കില്‍ സാബുവിന് ബിഗ് ബോസില്‍ തന്നെ തുടരാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സാബുവിനെ ആലിംഗനം ചെയ്ത് വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ ഇന്നത്തെ എലിമിനേഷനില്‍ നിന്നും സാബുമോന് രക്ഷപ്പെട്ടു.
മലയാളം അറിയാത്തത് കൊണ്ടാണ് തന്നെ നോമിനേറ്റ് ചെയ്തതെന്ന് സാബു പറഞ്ഞതിനെ ഷിയാസ് ചോദ്യം ചെയ്തു. വലിയ സംഭവമാണ് സാബുവെന്ന തോന്നല്‍ വേണ്ടെന്നും ഷിയാസ് തുറന്നടിച്ചു. ‘ഇക്കയേക്കാളും വലിയ സംഭവങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം എനിക്കും അറിയാം. ഞാന്‍ വേണ്ടി വന്നാല്‍ വിജയിക്കും. ഞാനും കാണിച്ച് തരാം എങ്ങൻെയാണ് സാബുവിനെ മോശമാക്കുക എന്ന്’, ഷിയാസ് പറഞ്ഞു.
ഇതിന് പിന്നാലെ ബിഗ് ബോസ് നല്കിയ ടാസ്കിലേക്ക് മത്സരാര്‍ത്ഥികള്‍ നീങ്ങി. രണ്ട് ടീമുകളായാണ് മത്സരം. വസ്ത്രത്തില്‍ കെട്ടിയ ബാറ്റ് ഉപയോഗിച്ച് പന്തുകള്‍ ഒരു കളത്തില്‍ എത്തിക്കുന്നതാണ് ടാസ്ക്. കളിക്കിടെ ഷിയാസ് കാല് ഉപയോഗിച്ചത് മറ്റ് മത്സരാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഷിയാസ്, അര്‍ച്ചന, അതിഥി എന്നിവരുള്ള ടീമാണ് വിജയിച്ചതെന്ന് ശ്രീനിഷ് പ്രഖ്യാപിച്ചു. എന്നാല്‍ ഷിയാസിന്റെ ആദ്യത്തെ പന്ത് ഫൗള്‍ ആയത് കാരണം ഒരു തവണ കൂടി മത്സരം നടന്നു. എന്നാല്‍ ഇതിലും ഷിയാസിന്റെ ടീം തന്നെയാണ് വിജയിച്ചത്.
ശ്രീനിഷ് പുറത്തുപോവുന്നത് തനിക്ക് സങ്കല്പിക്കാന് പോലും ആവില്ലെന്ന് പേളി പറഞ്ഞത് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ നോമിനേഷനില്‍ ഉളളത് പേളിയും അര്‍ച്ചനയും ഷിയാസും ആണെന്ന് മറക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പേളിക്ക് തന്റെ അരികിലേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് പേളി പെട്ടി തയ്യാറാക്കി വാതിലിന് അരികിലേക്ക് നീങ്ങി. ശ്രീനിഷും പേളിയുടെ കൂടെ വാതിലിന് അടുത്തേക്ക് പോയി. ശ്രീനിഷ് കരഞ്ഞ് കൊണ്ട് പേളിക്ക് ചുംബനം നല്കി. എന്നാല്‍ പേളിക്കും വാതില്‍ തുറക്കാനായില്ല. പേളി സുരക്ഷിതയാണെന്ന് ബിഗ് ബോസ് അറിയിച്ചു. തന്റേയും ശ്രീനിഷിന്റേയും പ്രണയം സംശയിച്ചത് ശരിയായില്ലെന്ന് പേളി തിരികെ എത്തി പറഞ്ഞു. പ്രണയത്തില്‍ വിശ്വാസം വേണമെന്ന് പറഞ്ഞ് പേളി ശ്രീനിഷിനെ ആലിംഗനം ചെയ്തു.
തനിക്ക് വീട്ടില്‍ പോകണമെന്ന് ഷിയാസ് മോഹന്‍ലാലിനോട് പറഞ്ഞു. ‘എനിക്ക് മടുത്തു. വിജയിക്കാന്‍ വേണ്ടി വന്നതാണ്. പക്ഷെ എനിക്ക് ജയിക്കാനുളള യോഗ്യതയില്ല. ജയിച്ചാല്‍ യോഗ്യതയില്ലാത്തവനാണ് വിജയിച്ചതെന്ന് പറയാന്‍ ആളുകളുണ്ട്. വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇവിടെ പരസ്യമായി പുറത്തു പറയുന്നത്. ഞാന്‍ ആണെങ്കില്‍ ഒരാളോട് പറയരുതെന്ന കാര്യം പുറത്തുപറയില്ല. ജയിക്കാന്‍ വേണ്ടി പോലും അത് ഞാന്‍ ചെയ്യില്ല. കൂടാതെ സാബു കള്ളം പറയുകയും ചെയ്തു’, സാബുവിനെ സൂചിപ്പിച്ചായിരുന്നു ഷിയാസിന്റെ വാക്കുകള്‍.
‘എനിക്ക് ഇനി ആരേയും അഭിമുഖീകരിക്കാന്‍ പറ്റില്ല. സാബുക്ക ഇനി പരിഹാരം ഉണ്ടാക്കേണ്ട. മലയാളം അറിയാത്തത് എന്റെ തെറ്റാണോ. എല്ലാവരും എന്നെ കരയിക്കാനാണ് നോക്കുന്നത്. ഞാന്‍ സ്ട്രോംഗ് ആണ്. ജീവിതം വെച്ചല്ല കളിക്കേണ്ടത്. എന്റെ വീട്ടുകാരെ കുറിച്ച് ഞാന്‍ പറഞ്ഞത് കള്ളമല്ല’, ഇതും പറഞ്ഞ് ഷിയാസ് കരഞ്ഞു. എന്നാല്‍ താന്‍ ഗെയിമിന്റെ ഭാഗമായാണ് അങ്ങനെ കള്ളം പറഞ്ഞതെന്ന് സാബു പറഞ്ഞു. കളിയുടെ ഭാഗമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഷിയാസിനെ മോഹന്‍ലാല്‍ സമാധാനിപ്പിച്ചു.
ഇതിന് പിന്നാലെ പുറത്തേക്ക് വരാന്‍ അര്‍ച്ചനയോട് മോഹന്‍ലാല്‍ പറഞ്ഞു. അര്‍ച്ച വാതില്‍ തുറക്കാന്‍ ശ്രമം തുടങ്ങി. അര്‍ച്ചനയ്ക്ക് മുമ്പില്‍ വാതില്‍ തുറന്നു. ഷിയാസ് ഇവിടെ നില്‍ക്കണമെന്നും ഷിയാസിന് നില്‍ക്കാനുളള ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസില്‍ ഇത്രയും നാള് ഇരിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് അര്‍ച്ചന മോഹന്‍ലാലിനോട് വ്യക്തമാക്കി. മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ചുളള അഭിപ്രായം മോഹന്‍ലാല്‍ അര്‍ച്ചനയോട് ചോദിച്ചു.
‘രഞ്ജിനി നെഗറ്റീവായി ഗെയിം കളിച്ചത് എനിക്ക് ഇഷ്ടമായില്ല. പേളി എല്ലാവരേയും കെയര്‍ ചെയ്യും, പാവമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. ഹിമയുടെ തുറന്ന നിലപാട് എനിക്ക് ഇഷ്ടമാണ്. പക്ഷെ പലപ്പോഴും ആലോചിക്കാതെ ആണ് ഇടപെടാറുളളത്. അഞ്ജലി നല്ല കുട്ടിയായിരുന്നു, പക്ഷെ കൂടുതല്‍ അടുത്തറിയാനായില്ല. ദിയ സന എന്റെ കൂട്ടുകാരിയാണ്. പക്ഷെ അവള്‍ക്ക് പലപ്പോഴും നിയന്ത്രണമില്ല. മൊത്തത്തില്‍ ആളൊരു പാവമാണ്. അനൂപേട്ടന് കാണാന്‍ വലുത് ആണെങ്കിലും അകത്ത് കുട്ടിയാണ്. നല്ലആളാണ് അദ്ദേഹം. സുരേഷേട്ടന് ശുദ്ധനാണ്. വീട്ടിലെ ഏറ്റവും നന്നായി രസിപ്പിക്കുന്നത് സുരേഷേട്ടനാണ്. അതിഥിക്ക് സ്നേഹിക്കാന്‍ മാത്രമാണ് അറിയുക. ചെറിയ ചെറിയ പോരായ്മകളുണ്ടെങ്കിലും നല്ല കുട്ടിയാണ്. നല്ല മടിയനാണ് ശ്രീനിഷ്. പക്ഷെ ഒരു പ്രശ്നത്തിനും ശ്രീനിഷ് പോവില്ല. പ്രണയത്തിലേക്ക് വന്നപ്പോള്‍ എനിക്ക് ശ്രീനിയെ മനസ്സിലാവുന്നില്ല. പേളിക്ക് മാത്രമാണ് അറിയുക’, അര്‍ച്ചന പറഞ്ഞു.
ശ്രീലക്ഷ്മി നല്ല കുട്ടിയായിരുന്നു. പക്ഷെ കുശുമ്പ് പറയുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ബഷീര്‍ നല്ല ശക്തനായിരുന്നു. പക്ഷെ ദേഷ്യം വരുമ്പോള്‍ ഒന്നും നോക്കാതെ പെരുമാറും. പക്ഷെ ആണുങ്ങളില്‍ അവനാണ് മികച്ചത്. ഷിയാസ് പാവമാണ്. എല്ലാവരും അവനെ കളിയാക്കുമ്പോള്‍ അവന് വ്യക്തിപരമായി എടുക്കും. തൊട്ടാവാടിയാണ്. സാബു കുറുക്കനാണ്. നല്ല സ്മാര്‍ട്ടായാണ് സാബു ഗെയിം കളിക്കുന്നത്. പക്ഷെ പൊതുവെ അദ്ദേഹം എല്ലാവരേയും സഹായിക്കുന്നുണ്ട്. എന്നാല്‍ കുഴപ്പം ഉണ്ടാക്കാനും മിടുക്കനാണ്,’ അവസാനമായി തന്നെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ‘പെര്‍ഫെക്ട്, നിങ്ങളാണ് എന്റെ സൂപ്പര്‍ഹീറോ’ എന്നാണ് അര്‍ച്ചന പറഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാല്‍ അര്‍ച്ചനയെ യാത്രയാക്കി.
ഇതിന് ശേഷം ഷിയാസ് പലപ്പോഴും അവന്റെ കാര്യങ്ങള്‍ പറഞ്ഞ് വെല്ലുവിളിച്ചതായി സാബു പറഞ്ഞു. ‘എലിമിനേഷനില്‍ നിന്ന് രക്ഷപ്പെടാനുളള നമ്പറാണ് ഇതെന്ന് അവന് എന്നോട് പറഞ്ഞിട്ടുണ്ട്. അതാണ് ഞാന്‍ തുറന്ന് പറഞ്ഞത്. സുരേഷേട്ടന് ശശിയാകാന്‍ ഇഷ്ടമായിരിക്കും. ഞാന്‍ അതിന് നില്‍ക്കില്ല. ഷിയാസ് സാധാരണ മലയാളം വാക്കുകളാണ് തെറ്റിക്കുന്നത്. 8ാം ക്ലാസ് മാത്രം പഠിച്ച സുരേഷേട്ടന് നന്നായിട്ട് മലയാളം പറയുന്നില്ലെ. നട്ട് എന്ന് പോലും വായിക്കാന്‍ അറിയില്ലെങ്കില്‍ അത് അറിവില്ലായ്മയാണ്. അതാണ് ഞാന്‍ നോമിനേഷന് ചെയ്തത്,’ സാബു പറഞ്ഞു. എന്നാല്‍ ഷിയാസിന് യോഗ്യതയില്ലെന്ന് പറയുന്നത് തെറ്റാണെന്ന് സുരേഷ് സാബുവിനോട് തിരിച്ചടിച്ചു.