Bigg Boss Malayalam elimination, Episode 90: ഗ്രാന്‍ഡ് ഫിനാലെയിലേക്ക് നീങ്ങുന്ന ബിഗ് ബോസില്‍ അവസാനത്തെ എലിമിനേഷനുളള നടപടിക്രമങ്ങള്‍ക്കായി മോഹന്‍ലാല്‍ എത്തി. കഴിഞ്ഞ ആഴ്ച്ചയിലെ സംഭവവികാസങ്ങള്‍ മോഹന്‍ലാല്‍ വിലയിരുത്തി. കഴിഞ്ഞ ആഴ്ച്ചയില്‍ ബിഗ് ബോസില്‍ മണിച്ചിത്രത്താഴ് സിനിമ കാണിച്ചപ്പോള്‍ അര്‍ച്ചന മാത്രമാണ് നന്ദി പറഞ്ഞതെന്ന് മോഹന്‍ലാല്‍ പരാതിപ്പെട്ടു. മറ്റുളളവരാരും തന്നോട് നന്ദി പറഞ്ഞില്ലെന്നും തനിക്ക് പരിഗണന തന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അത്കൊണ്ട് തന്നെ തനിക്ക് തരാനുളള പോയന്റ് തിരികെ തരണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
പേളിയും ശ്രീനിഷും എനര്‍ജി കൈമാറുകയാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. കൈപിടിച്ച് ഇരുവരും ഊര്‍ജ്ജം കൈമാറുകയാണെന്ന് സാബു പറഞ്ഞത് സൂചിപ്പിച്ചതായിരുന്നു മോഹന്‍ലാല്‍. പോയന്റായ 1800 രൂപ തിരികെ തരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞത് മത്സരാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്തു. സുരേഷിന് മോഹന്‍ലാല്‍ തരാമെന്ന് പറഞ്ഞ പോയന്റ് ലാലേട്ടന് നല്‍കണമെന്ന് സാബു പറഞ്ഞു. എന്നാല്‍ തനിക്ക് ഗിഫ്റ്റായി കിട്ടിയ പോയന്റ് കൊടുക്കില്ലെന്ന് സുരേഷ് വ്യക്തമാക്കി.
ഇന്നത്തെ ടാസ്ക് കൊടുക്കാനായി ബിഗ് ബോസ് സാബുവിനെ വിളിപ്പിച്ചു. ഏകാഗ്രത പരീക്ഷിക്കുന്ന ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ചോപ്സ്റ്റിക്സ് ഉപയോഗിച്ച് നട്ടുകള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെക്കണം. രണ്ട് ടീമുകളായാണ് മത്സരം. ഇന്നത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഷിയാസാണ് മത്സരം നിയന്ത്രിക്കേണ്ടത്. കളിയുടെ നിയമങ്ങള്‍ വായിക്കാന്‍ പറഞ്ഞ ഷിയാസ് തപ്പിത്തടഞ്ഞാണ് നിര്‍ദേശങ്ങള്‍ വായിച്ച് കൊടുത്തത്. ഷിയാസിന് ഇംപോസിഷന്‍ എഴുതി പഠിപ്പിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതാണ് ബിഗ് ബോസ് മത്സരം. അത്കൊണ്ടാണ് വീട്ടില്‍ എല്ലാവരും മലയാളം സംസാരിക്കുന്നതും. എന്നാല്‍ മലയാളം നന്നായി അറിയാത്തത് ഫിനാലെയിലേക്ക് നീങ്ങുന്ന അവസരത്തില്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ ഷിയാസിന് തിരിച്ചടിയാകും.
ഇന്നത്തെ ടാസ്കില്‍ പേളി, അതിഥി, അര്‍ച്ചന എന്നിവരുടെ ടീമാണ് ജയിച്ചതെന്ന് ഷിയാസ് മോഹന്‍ലാലിനെ അറിയിച്ചു. റഫറിയായ ഷിയാസിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. സുരേഷിനോട് ഷിയാസ് കുമ്പസരിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘താന്‍’ എന്ന് വിളിച്ചതിനും വെള്ളം കോരി ഒഴിച്ചതിനും ക്ഷമിക്കണമെന്ന് ഷിയാസ് പറഞ്ഞു. അത് സാരമില്ലെന്ന് പറഞ്ഞ് സുരേഷ് ഷിയാസിനെ കെട്ടിപ്പിടിച്ചു. പേളിയെ കരയിപ്പിച്ചതിന് തനിക്ക് കുറ്റബോധമുണ്ടെന്നാണ് സുരേഷിനോട് ശ്രീനിഷ് പറഞ്ഞത്. എന്നാല്‍ ഇനി വേദനിപ്പിക്കാന്‍ ശ്രമിക്കാനാണ് സുരേഷ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഒച്ച ഉയര്‍ത്തി സംസാരിച്ചതിനാണ് അര്‍ച്ചന ക്ഷമാപണം നടത്തിയത്. ചെയ്തതിനൊക്കെ മാപ്പ് തരണമെന്ന് സാബു പറഞ്ഞു. ഷിയാസിനെ മണ്ടനെന്നും കോഴിയെന്നും വിളിക്കുന്നതിന് പ്രതിവിധി വേണമെന്നായിരുന്നു പേളിയുടെ ആവശ്യം.
പേളിയും ശ്രീനിഷും കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഇരുവരുടേയും വഴക്കില്‍ ആരാണ് ശശിയായതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. പ്രേക്ഷകരാണോ ശശി ആയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തങ്ങളുടെ പ്രണയത്തില്‍ സാബു സംശയം പ്രകടിപ്പിച്ച് സംസാരിച്ചത് തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് പേളി പറഞ്ഞു. എന്നാല്‍ ഇത് തങ്ങള്‍ രണ്ട് പേരും പറഞ്ഞ് തീര്‍ത്തതായും പേളി വ്യക്തമാക്കി. ഷിയാസിന് പ്രണയം ഉണ്ടോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. പ്രണയത്തെ കുറിച്ച് ഷിയാസ് പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ‘പ്രണയം ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല. വിവാഹം കഴിക്കാനാണ് ഇനി ഞാന്‍ പ്രണയിക്കുക,’ ഷിയാസ് പറഞ്ഞു. അതിഥിയോടും ഇതേ ചോദ്യം മോഹന്‍ലാല്‍ ചോദിച്ചു. തനിക്കും മുമ്പ് പ്രണയം ഉണ്ടായിരുന്നെന്ന് അതിഥി മറുപടി പറഞ്ഞു.
പ്രണയിക്കാന്‍ തനിക്ക് പേടിയെന്നാണ് സുരേഷ് പറഞ്ഞത്. ‘എന്റെ കൂട്ടുകാരെ പെണ്‍കുട്ടികള്‍ ഉപേക്ഷിച്ച് പോയിട്ടുണ്ട്. അവരേക്കാള്‍ തല്ലിപ്പൊളിയാണ് ഞാന്‍. അപ്പോള്‍ എനിക്ക് പേടിയായി’, സുരേഷ് പറഞ്ഞു. ഷിയാസ് പച്ച മനുഷ്യനാണെന്ന് ശ്രീനിഷ് പറഞ്ഞു. ‘എന്ത് തോന്നിയാലും അവന്‍ അത് പുറത്ത് കാണിക്കും. ഒന്നും അകത്ത് വെക്കില്ല. അവന്‍ മുന്നോട്ട് പോവണം,’ ശ്രീനിഷ് വ്യക്തമാക്കി. ഓരോ നിറങ്ങള്‍ ഓരോ മത്സരാര്‍ത്ഥികള്‍ക്ക് മോഹന്‍ലാല്‍ നല്‍കി. ഈ നിറം ഉപയോഗിച്ച് മറ്റൊരു മത്സരാര്‍ത്ഥിയെ നിര്‍വചിക്കാനാണ് പറഞ്ഞത്. ഷിയാസിന് മഞ്ഞ നിറം നല്‍കി. മഞ്ഞ നിറം സാബുവിന് നല്‍കുന്നതായി ഷിയാസ് പറഞ്ഞു. ‘യെല്ലോ യെല്ലോ ഡേര്‍ട്ടി ഫെലോ’ എന്നാണ് സാബുവിനെ കുറിച്ച് ഷിയാസ് പറഞ്ഞത്. എല്ലാവരും പൊട്ടിച്ചിരിച്ചാണ് ഷിയാസിന്റെ വാക്കുകള്‍ കേട്ടത്.
ഗ്രാന്‍ഡ് ഫിനാലെ ആഴ്ച്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ശ്രീനിഷ് പറഞ്ഞു. പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നതായി അതിഥിയും സുരേഷും പറഞ്ഞു. അര്‍ച്ചന, പേളി, ഷിയാസ്, സാബു എന്നിവരാണ് എലിമിനേഷന്‍ പട്ടികയിലുളളത്. ഞായറാഴ്ച്ചയാണ് ഒരാളെ കൂടി പുറത്താക്കുക.