ബിഗ് ബോസിൽ നിന്നും ഒരു മത്സരാർത്ഥി കൂടി സിനിമയിലേക്ക്. ബിഗ് ബോസിൽ നിന്നും പുറത്തായ ഡോക്ടർ രജിത്ത് കുമാറിനാണ് സിനിമയിൽ അവസരം. ഫീൽ ഫ്ളൈയിംഗ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ആലപ്പി അഷറഫ് കഥയും തിരക്കഥയും എഴുതി നവാഗതനായ പെക്സൻ അംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് രജിത്ത് കുമാറിന് അവസരം ലഭിച്ചിരിക്കുന്നത്.

‘ക്രേസി ടാസ്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്കാണ് പ്രാധാന്യം നൽകുന്നതെന്നും ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കുമെന്നും അഷ്റഫ് പറയുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ, മാനസികാശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ സൈക്കാട്രിസ്റ്റിന്റെ കഥാപാത്രമാണ് രജിത്ത് കുമാർ. കഥാപാത്രം രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ എന്നും അഷ്റഫ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രജിത്ത്കുമാർ. ഫൈനൽ ഫൈവിൽ തീർച്ചയായും എത്തുമെന്ന് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥി കൂടിയായിരുന്നു രജിത്. എന്നാൽ ഈ ആഴ്ച ഹൗസിനകത്തുണ്ടായ ചില സംഭവവികാസങ്ങളുടെ പുറത്ത് ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് രജിത് കുമാർ.

ബിഗ് ബോസ് നൽകിയ ഒരു ഗെയിമിനിടെ മത്സരാർത്ഥികളിൽ ഒരാളായ രേഷ്മയുടെ കണ്ണിൽ രജിത്ത് കുമാർ പച്ചമുളക് തേച്ചതാണ് വിവാദങ്ങളിലേക്കും രജിത്തിനെ പുറത്താക്കിയ അവസ്ഥയിലേക്കും നയിച്ചിരിക്കുന്നത്. കണ്ണിന് ഇൻഫെക്ഷനായി ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വന്ന് അധികനാൾ ആവുന്നതിനു മുൻപാണ് രേഷ്മയ്ക്ക് ബിഗ് ബോസ് ഹൗസിൽ നിന്നും ഇത്തരമൊരു ദുര്യോഗം നേരിട്ടത്. 66-ാം എപ്പിസോഡിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.

Read more: Bigg Boss Malayalam: രേഷ്മയുടെ കണ്ണിൽ മുളകു തേച്ച സംഭവം; ഈ വകുപ്പുകൾ പ്രകാരം രജിത്തിനെതിരെ നടപടിയെടുക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook