“എല്ലാവരും സാബുവിന് വോട്ടു ചെയ്ത് വിജയിപ്പിക്കണം. ഒരു അനിയത്തി എന്ന രീതിയിൽ എന്റെ ബ്രദർ ജയിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർബ്രെയിൻ സൂപ്പറാണ്,” സാബുവിന് വോട്ട് അഭ്യർത്ഥിച്ച് അർച്ചനയുടെ ലൈവ്. “ശരിക്കും ബിഗ് ബോസ് എന്ന ടൈറ്റിൽ അർഹിക്കുന്നത് സാബുവാണ്. സാബുവാണ് എന്റെ പ്രിയപ്പെട്ട മത്സരാർത്ഥി,” എന്നും അർച്ചന അഭിപ്രായപ്പെട്ടു.

ബിഗ് ബോസിൽ നിന്നും അവസാനഘട്ട എലിമിനേഷനിൽ പുറത്തായ അർച്ചന സുശീലൻ ഇന്ന് പുലർച്ചയാണ് തിരുവനന്തപുരത്തെത്തിയത്. അർച്ചനയെ സ്വീകരിക്കാൻ അർച്ചനയുടെ സഹോദരി കൽപ്പന സുശീലനും സഹോദരനും സുഹൃത്തുക്കളും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയും എത്തിയിരുന്നു. “ഒരു തലവേദന എന്നെ കാണാൻ വേണ്ടി വന്നിട്ടുണ്ട്,” എന്ന് കളിയായി പറഞ്ഞാണ് അർച്ചന, ദിയ സനയെ ലൈവിൽ പരിചയപ്പെടുത്തിയത്.

Bigg boss Malayalam Archana Diya Sana

ഇത്രനാളും തന്നെ സപ്പോർട്ട് ചെയ്ത ബിഗ് ബോസ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞതിനൊപ്പം, എല്ലാവരും അവരവരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അർച്ചന അഭ്യർത്ഥിച്ചു. അർഹിക്കുന്ന ആൾക്ക് തന്നെ വോട്ട് ചെയ്യണമെന്നും നിങ്ങളുടെ വോട്ടുകൾ പാഴാക്കരുതെന്നും അർച്ചന ഓർമ്മിപ്പിച്ചു. മലയാളി ബിഗ് ബോസ് വിജയി എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന ആളെയാവണം നിങ്ങൾ തെരെഞ്ഞെടുക്കേണ്ടതെന്നും അർച്ചന അഭ്യർത്ഥിച്ചു.

ഫൈനലിൽ ഉണ്ടാകും എന്ന് ബിഗ് ബോസ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അർച്ചന സുശീലൻ. ബിഗ് ബോസിലെ ഏറ്റവും കഠിനാധ്വാനിയും ഊർജ്ജസ്വലയുമായ മത്സരാർത്ഥി എന്നാണ് എലിമിനേഷൻ എപ്പിസോഡിൽ മോഹൻലാൽ അർച്ചനയെ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ പേരുടെ പിന്തുണയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളായ അർച്ചനയുടെ എലിമിനേഷൻ നടിയുടെ ഫോളേവേഴ്സിനെ നിരാശപ്പെടുത്തിയിരുന്നു.

അർച്ചന പുറത്തായതു കൊണ്ട് ഇനി ബിഗ് ബോസ് കാണില്ല എന്ന് ലൈവിനിടെ അറിയിച്ച ആരാധകന്, “അയ്യോ ഷോ കാണൽ നിർത്തരുത്, ഇനി കുറച്ചുദിവസങ്ങൾ കൂടിയല്ലേ ഉള്ളൂ ഗ്രാൻഡ് ഫിനാലേയ്ക്ക്​, വലിയ വലിയ സർപ്രൈസുകൾ വരുന്നുണ്ട്,” എന്നാണ് അർച്ചന മറുപടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook