37-ാം ദിവസത്തെ പ്രഭാതത്തിലും മത്സരാര്‍ത്ഥികളെ വിളിച്ചുണര്‍ത്തിയത് സിനിമാ പാട്ടായിരുന്നു. രാവിലെ തന്നെ ഒരു പ്രകടനം നടത്താനുളള തയ്യാറെടുപ്പിലായിരുന്നു അനൂപ് ചന്ദ്രനും സാബുവും അരിസ്റ്റോ സുരേഷും. അനൂപിനെ പെണ്‍വേഷം കെട്ടിച്ച് സുരേഷ് പാട്ടുപാടി പ്രകടനം നടത്തി. പിന്നീട് പേളി പാട്ട് പാടിയപ്പോള്‍ അനൂപ് പ്രകടനം നടത്തി. തന്റെ അമ്മയുടെ ജന്മദിനമാണ് ഇന്നെന്നും ജന്മദിനാശംസകള്‍ നേരുന്നതായും അതിഥി ക്യാമറയിലൂടെ അറിയിച്ചു.

ഉച്ചയോടെ ലക്ഷ്വറി ടാസ്ക് ബജറ്റ് ടാസ്ക് ബിഗ് ബോസ് കൊടുത്തു. ശരീരത്തില്‍ ഡംബല്‍സ് അടക്കമുളള യന്ത്രസാമഗ്രികള്‍ കെട്ടിവച്ച് ബസര്‍ ശബ്ദം കേള്‍ക്കുന്നത് വരെ നില്‍ക്കുക എന്നതായിരുന്നു ടാസ്ക്. ആദ്യം 3 മിനിറ്റ് നേരം 86 കി.ഗ്രാം ഭാരം ചുമക്കുകയാണ് വേണ്ടത്. ബഷീറാണ് ആദ്യം എത്തിയത്. മൂന്ന് മിനിറ്റിന് ശേഷം ബഷീറിന് വിശ്രമം അനുവദിച്ചു. പിന്നീട് വീണ്ടും രണ്ടാം ഘട്ടം ആരംഭിച്ചു. 5 മിനിറ്റാണ് രണ്ടാം ഘട്ടത്തിലുളളത്. ഇതില്‍ വിജയിച്ചാല്‍ ക്യാപ്റ്റനായി മത്സരിക്കാന്‍ ബഷീര്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടും. പാട്ട് പാടി കൊണ്ടാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ബഷീറിനെ പ്രോത്സാഹിപ്പിച്ചത്. രണ്ടാം ഘട്ടവും ബഷീര്‍ അതിജീവിച്ചു. ഇതോടെ ടീമിന് 200 പോയിന്റും ബഷീര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാനുളള പട്ടികയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

മൂന്നാമത്തെ റൗണ്ടില്‍ അര്‍ച്ചന സുശീലനാണ് മത്സരിക്കാനെത്തിയത്. 10 മിനിറ്റാണ് അര്‍ച്ചന ഭാരമേന്തി നില്‍ക്കേണ്ടത്. മത്സരത്തിനിടെ കാല്‍ക്കുഴഞ്ഞ് വീഴാന്‍ നോക്കിയെങ്കിലും അര്‍ച്ചന 10 മിനിറ്റ് പൂര്‍ത്തിയാക്കി. ഡംബല്‍സ് കാലില്‍ താങ്ങി നിന്നാണ് അര്‍ച്ചന മത്സരം പൂര്‍ത്തിയാക്കിയതെന്ന് ബിഗ് ബോസ് ചൂണ്ടിക്കാട്ടി. ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി.

നാലാമത്തെ റൗണ്ട് 86 കി.ഗ്രാം 11 മിനിറ്റ് ഭാരം പിടിച്ച് നടക്കാനാണ് ടാസ്ക്. ശ്രീനിഷാണ് മൂന്നാമതായി മത്സരിക്കാനെത്തിയത്. എന്നാല്‍ മത്സരത്തിനിടെ ഒരു ഡംബലും ഒരു ബാഗും ശ്രീനിഷ് ഊരിക്കളയണമെന്ന് ആവശ്യപ്പെട്ടു. ഓരോ ഭാരം അഴിക്കുമ്പോഴും പോയിന്റുകള്‍ നഷ്ടമാവും. രണ്ട് ഭാരങ്ങള്‍ കളഞ്ഞ് 750 പോയിന്റുകള്‍ നഷ്ടമായി. 1650 പോയിന്റാണ് ഇതോടെ ലഭിച്ചത്.

ഷിയാസിനെ അനുകരിച്ച് കളിയാക്കി അനൂപ് കൈയ്യടി വാങ്ങി. ഷിയാസിന്റെ സ്വതസിദ്ധമായ ഭാവവ്യതിയാനങ്ങള്‍ കാണിച്ചായിരുന്നു അനൂപ് കളിയാക്കിയത്. അടുത്ത ടാസ്കും ഇതിന് പിന്നാലെ ബിഗ് ബോസ് നല്‍കി. 16 വട്ടപ്പേരുകള്‍ എഴുതിയ പട്ടികയാണ് ബിഗ് ബോസ് നല്‍കിയത്. ഇതില്‍ അനുയോജ്യരായ ആളുകളുടെ പേര് വട്ടപ്പേരിന് നേരെ എഴുതാനാണ് ഓരോ മത്സരാര്‍ത്ഥിയോടും ആവശ്യപ്പെട്ടത്. ‘ഇതൊരു പുരസ്കാര നിശ’ ആണെന്നാണ് ബിഗ് ബോസ് പറഞ്ഞത്. കിട്ടുന്ന വട്ടപ്പേരിന് അനുസരിച്ച് ഓരോരുത്തരും വേഷം കെട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്യണം. പേളിയായിരുന്നു പുരസ്കാര നിശയുടെ അവതാരക.

‘കാലുവാരി’ എന്ന വട്ടപ്പേരില്‍ സാബുവിന് 4 വോട്ടുകളാണ് ലഭിച്ചത്. കാലുവാരല്‍ എന്നത് ഒരു കലയാണെന്ന് സാബു പറഞ്ഞു. ഇനിയും ഇവിടത്തെ മനോഹരമായ കാലുകള്‍ വാരുമെന്ന് സാബു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘കഴുത’ എന്ന വട്ടപ്പേര് അഞ്ജലിക്കാണ് ലഭിച്ചത്. 5 വോട്ടുകളാണ് അഞ്ജലിക്ക് കിട്ടിയത്. താന്‍ പ്രതീക്ഷിച്ച പുരസ്കാരമാണ് ഇതെന്ന് അഞ്ജലി പറഞ്ഞു. എല്ലാവരുടേയും വിഴുപ്പ് ഭാണ്ഡം ചുമക്കുന്ന കഴുത പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അഞ്ജലി പറഞ്ഞു.

‘തട്ടിപ്പ്’ എന്ന വട്ടപ്പേരും ലഭിച്ചത് സാബുവിനാണ്. 3 വോട്ടുകളാണ് ഈ പേരില്‍ സാബുവിന് കിട്ടിയത്. ‘കൊതിയന്‍’ എന്ന വട്ടപ്പേര് മൂന്ന് വോട്ടുകളോടെ അരിസ്റ്റോ സുരേഷിനാണ് ലഭിച്ചത്. എന്നാല്‍ തനിക്ക് കൊതി ഭക്ഷണത്തോടല്ല, സ്നേഹത്തോട് ആണെന്നും സുരേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘മണ്ടന്‍’ എന്ന വട്ടപ്പേര് 5 വോട്ടുകളോടെ ഷിയാസിന് ലഭിച്ചു. ‘കോഴി’ എന്ന വട്ടപ്പേരും ഷിയാസിനാണ് ലഭിച്ചത്. 8 പേരാണ് ഷിയാസ് കോഴിയാണെന്ന് വോട്ട് ചെയ്തത്.

‘ചതിയന്‍’ എന്ന പുരസ്കാരം ദിയക്കാണ് ലഭിച്ചത്. രണ്ട് പേരാണ് വോട്ട് ചെയ്തത്. ‘ചുള്ളന്‍’ എന്ന പുരസ്കാരം നേടിയത് ബഷീറായിരുന്നു. ‘മടിയന്‍’ ആയി 7 വോട്ടുകളോടെ ശ്രീനിഷ് തിരഞ്ഞെടുക്കപ്പെട്ടു. നിറം മാറുന്ന ഓന്തായി തിരഞ്ഞെടുക്കപ്പെട്ടത് പേളിയും കള്ളനായി തിരഞ്ഞെടുക്കപ്പെട്ടത് ബഷീറും ആയിരുന്നു. കുറുക്കന്‍ പുരസ്കാരവും ലഭിച്ചത് സാബുവിനായിരുന്നു. കുരങ്ങന്‍ എന്ന പുരസ്കാരം 2 വീതം വോട്ടുകളോടെ രഞ്ജിനിയും അര്‍ച്ചനയും പങ്കിട്ടു.

‘കിഴങ്ങന്‍ എന്ന പുരസ്കാരം നാല് പേരാണ് പങ്കിട്ടത്. ശ്രീനിഷ്, അതിഥി, ഷിയാസ്, അഞ്ജലി എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാവര്‍ക്കും 2 വീതം വോട്ടുകളായിരുന്നു. ‘ശശി’ എന്ന പുരസ്കാരം പേളിക്കും സുരേഷിനും ആണ് ലഭിച്ചത്. നാല് പുരസ്കാരങ്ങളോടെ സാബുവാണ് മുമ്പിലെത്തിയത്. അതിഥിക്ക് മത്സരാര്‍ത്ഥികള്‍ ജന്മദിനാശംസ നേര്‍ന്നാണ് ബിഗ് ബോസ് അവസാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook