Bigg Boss Malayalam, 31 August 2018 Episode:68: അടുക്കള കാഴ്ചകളോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. വീട്ടില്‍ ലഭിച്ച സവാള കുറവാണെന്നും ഇനിയും വേണമെന്നും മത്സരാർത്ഥികള്‍ ക്യാമറയ്ക്ക് മുന്നിലെത്തി പറഞ്ഞു. സുരേഷും പേളിയും പാട്ടു പാടിയാണ് സവാള ആവശ്യപ്പെട്ടത്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയ സല്ലാപത്തിന് പിന്നെ അടുക്കള സാക്ഷ്യം വഹിച്ചു. താൻ ഇനി ആരേയും വിശ്വസിക്കില്ലെന്നും അതേസമയം, ശ്രീനിഷിന്‍റെ കണ്ണില്‍ ഇന്നലെ പ്രണയം കണ്ടെന്നും പേളി പറഞ്ഞു.

പിന്നീട് ടാസ്കിനുള്ള അവസരമായിരുന്നു. സ്ത്രീകളും പുരുഷന്മാരും രണ്ട് പേർ വീതമുള്ള ടീമുകളിലായി രുചികരമായ ഭക്ഷണമുണ്ടാക്കുന്നതാണ് ടാസ്ക്. എലിമിനേഷനിലുള്ള പേളിയും അനൂപും ഷിയാസുമാണ് വിധികർത്താക്കള്‍. ഹിമയും അതിഥിയും സാബുവും ബഷീറുമാണ് മത്സരിക്കാനെത്തിയത്. ഒരാള്‍ ഭക്ഷണമുണ്ടാക്കുന്ന സമയം മറ്റേയാള്‍ അതിന്‍റെ കമന്‍ററി പറയണം എന്നതും ടാസ്കിന്‍റെ ഭാഗമാണ്. ഹിമയും അതിഥിയുമാണ് ആദ്യമെത്തിയത്. രസകരമായി തന്നെ ഇരുവരും ടാസ്ക് ചെയ്തു. അവില്‍ നനച്ച് ഉണ്ടയാക്കിയതായിരുന്നു ഇരുവരുമുണ്ടാക്കിയത്. പുരുഷന്മാരുടെ ഭാഗത്തു നിന്നും അടുത്തതായി ബഷീറും സാബുവുമെത്തി. സാബു ഭക്ഷണമുണ്ടാക്കിയപ്പോള്‍ ബഷീർ കമന്‍ററി പറഞ്ഞു. അവരും അവില്‍ നനക്കുകയാണ് ചെയ്തത്. വിഭവം ഉണ്ടാക്കിയതിന് ശേഷം പേളിയ്ക്ക് മുന്നില്‍ സമർപ്പിച്ചു. മത്സരത്തില്‍ വിജയിച്ചത് സാബുവും ബഷീറുമായിരുന്നു.

ലക്ഷ്വറി ടാസ്കിനുള്ള സമയമായിരുന്നു അടുത്തത്. നേരത്തെ സുരേഷിന് ലഭിച്ച അത്ഭുത സിദ്ധി ടാസ്കിന് ശേഷം പ്രയോഗിക്കും. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ടാസ്ക്. നേരത്തെ നല്‍കിയ ടാസ്ക് ജയിച്ച ടീമിലെ അംഗങ്ങള്‍ക്ക് മാത്രമേ ടാസ്കില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. അർച്ചനയും അതിഥിയുമാണ് ടാസ്ക് ചെയ്തത്. അവർ മോശമായാണ് പെർഫോം ചെയ്തത്. പിന്നാലെ സുരേഷും ഹിമയും ടാസ്കിനെത്തി. ഇവർക്ക് പിന്നാലെ സാബുവും പങ്കെടുത്തു. ഇതേസമയം തോറ്റ ടീമിലെ പേളിയും അനൂപും ബഷീറും ഷിയാസും അകത്ത് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. തോറ്റ് തുന്നം പാടിയെത്തിവരെ പറ്റിക്കാനായി മറ്റുള്ളവർ കിടന്നുറങ്ങുന്നതു പോലെ അഭിനയിച്ചു. ആകെ അഞ്ഞൂറ് പോയിന്‍റ് മാത്രമാണ് അവർ നേടിയത്. സുരേഷിന്‍റെ കൈയ്യിലുള്ള പോയിന്‍റ് ആണ് പിടിവള്ളിയായത്.

ഉളള പോയിന്‍റ് വച്ച് എല്ലാവരും ചേർന്ന് സാധനങ്ങള്‍ വാങ്ങി. ഇതിനിടെ ടാസ്കിന് മുന്നോടിയായി അനൂപ് നെഗറ്റീവ് പറഞ്ഞത് അർച്ചന ചോദ്യം ചെയ്തു. വെറുതെ ഇരിക്കുന്ന സമയം നെഗറ്റീവ് പറഞ്ഞോളൂ അല്ലാതെ നല്ല കാര്യത്തിന് പോകുന്ന സമയം പറയരുതെന്ന് അർച്ചന പറഞ്ഞു. അതേസമയം, താന്‍ തമാശയായിട്ടാണ് പറഞ്ഞതെന്ന് അനൂപ് പറഞ്ഞു. എന്നാല്‍ അനൂപിന് അത് വളരെയധികം ദേഷ്യം പിടിപ്പിച്ചു. അർച്ചന നിർത്താതെ സംസാരിക്കുന്നതിനെ ഷിയാസ് ചോദിച്ചു. ചെലക്കുന്നത് നിർത്താന്‍ ഷിയാസ് പറഞ്ഞു. ഇതോടെ ഷിയാസും അർച്ചനയും തമ്മിലായി അടി. രണ്ടു പേരും പരസ്പരം ശബ്ദമുയർത്തി. കോപാകുലനായ ഷിയാസ് പുറത്തേക്ക് പോയി. അനൂപും ഈ സമയം പുറത്ത് മാറി ഇരിക്കുകയായിരുന്നു. അർച്ചന വളരെ നെഗറ്റീവാണെന്ന് ഷിയാസ് പറഞ്ഞു.

അതേസമയം, അകത്ത് ഹിമ അർച്ചനയെ ഉപദേശിക്കുകയായിരുന്നു. ആരേയും ചൊറിയരുതെന്നും നല്ല കുട്ടിയായിരിക്കണമെന്നും ഹിമ പറഞ്ഞു. എന്നാലത് തൊട്ടടുത്ത് നിന്നിരുന്ന സാബുവിനുള്ള ഒളിയായുധമായിരുന്നു. പിന്നീട് സാബു പുറത്തേക്ക് എത്തി അനൂപിനേയും ഷിയാസിനേയും പിന്തുണച്ചു. ഷിയാസ് പതിവു പോലെ ദേഷ്യത്തിലായിരുന്നു. താന്‍ പറഞ്ഞത് നെഗറ്റീവായി എടുത്ത അർച്ചനയെ തല്ലാനുളള ദേഷ്യമുണ്ടെന്ന് അനൂപ് പറഞ്ഞു. പണ്ട് പരസ്പരം അടിയുണ്ടാക്കിയ ഷിയാസും അനൂപും പരസ്പരം കാണിക്കുന്ന ചങ്ങാത്തം കാണേണ്ടതു തന്നെയായിരുന്നു. അനൂപ് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ഷിയാസ് അർച്ചന നുണ പറയുകയാണെന്ന് പറഞ്ഞു. ഇത് തെളിയിക്കാനായി ഷിയാസ് ഹിമയെ അവിടെ എത്തിച്ച് സാക്ഷി പറയിപ്പിച്ചു.

ഇതോടെ അനൂപ് അകത്തേക്ക് എത്തുകയും അതിനെ കുറിച്ച് അർച്ചനയോട് ചോദിക്കുകയും ചെയ്തു. താന്‍ വളരെ നെഗറ്റീവാണെന്ന് അർച്ചന പറഞ്ഞെന്ന ഹിമയുടെ സാക്ഷി മൊഴിയാണ് അനൂപ് ചോദിച്ചത്. ഇതോടെ ഇരുവരും തമ്മിലടിയായി. പുറത്ത് ഇതേസമയം, ഷിയാസ് കലിപ്പില്‍ നടക്കുകയായിരുന്നു. അർച്ചന ഇത് മനഃപൂർവ്വം ചെയ്യുകയാണെന്ന് ഷിയാസ് പറഞ്ഞു. രാവിലെ തന്നെ ഹിമയോട് തനിക്ക് അർച്ചനയെ ഇഷ്ടമല്ലെന്ന് ഷിയാസ് പറഞ്ഞിരുന്നു. അനൂപ് നെഗറ്റീവാണെന്ന് അർച്ചന ആവർത്തിച്ചു. അർച്ചനയ്ക്ക് സംസ്കാരമില്ലെന്നും നാണമില്ലെന്നും അനൂപ് പറഞ്ഞു. തനിക്ക് അനൂപിനോട് ബഹുമാനമുണ്ടെന്ന് അർച്ചന പറഞ്ഞു. രണ്ടു പേരും പഴയ കാര്യങ്ങളൊക്കെ എടുത്തിട്ടായിരുന്നു പരസ്പരം ആക്രമിച്ചത്. ഇരുവരെയും ശാന്തരാക്കാനായി ബഷീർ ശ്രമിച്ചെങ്കിലും മറ്റാരും ഇടപെട്ടില്ല. ഒടുവില്‍ സാബു എത്തി അനൂപിനെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

ഇതിനിടെ ഷിയാസ് വന്ന് താന്‍ പുറത്ത് പോയില്ലെങ്കില്‍ അർച്ചനയ്ക്കുള്ള മറുപടി തരുമെന്ന് പറഞ്ഞു. അനൂപിന്‍റെ സ്വഭാവം ഇതുതന്നെയാണെന്നും അർച്ചന അതിഥിയോട് പറഞ്ഞു. പേളിയോടും ശ്രീനിഷിനോടും ഷിയാസ് തന്‍റെ ദേഷ്യത്തിന്‍റെ കെട്ട് അഴിച്ചു. അർച്ചനയുടെ അച്ഛന്‍ ഇതൊക്കെ കാണുന്നുണ്ടെന്ന് മറക്കേണ്ടെന്ന് അനൂപ് അവളോട് പറഞ്ഞു. ഇതിന് പിന്നാലെ എല്ലാവരും അവിടെ ഇല്ലാതിരുന്ന സമയത്ത് അർച്ചന കരയുകയുണ്ടായി. അതിഥിയും പേളിയും അവളെ ആശ്വസിപ്പിച്ചു. താന്‍ കെയർ ചെയ്ത ആളുകള്‍ തന്നെ തനിക്കെതിരെ വരുന്നതാണ് അർച്ചനയെ വേദനിപ്പിച്ചത്. ആ വേദന തനിക്കറിയാമെന്ന് പേളി പറഞ്ഞു. പിന്നീട് ഷിയാസും ശ്രീനിയും അകത്തിരിക്കുന്നിടത്ത് എത്തി അതിഥി ഷിയാസിനോട് അടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതേസമയം പുറത്ത് അനൂപും സാബുവും ബഷീറും സുരേഷും ചേർന്ന് അർച്ചനയെ കുറിച്ച് സംസാരിക്കുകയായിരുന്നു.

പിന്നീട് അതിഥി ഷിയാസിനെ അർച്ചനയുടെ അടുത്തെത്തിച്ചു. ഷിയാസ് അർച്ചനയോട് സോറി പറഞ്ഞു. താന്‍ നോമിനേഷനില്‍ വന്നതു കൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഷിയാസ് കാരണമല്ല കരയുന്നതെന്ന് അർച്ചന പറഞ്ഞു. കരച്ചിലടക്കാന്‍ പാടുപെടുന്ന അർച്ചനയെ അതിഥിയും അർച്ചനയും ചേർന്ന് ആശ്വസിപ്പിച്ചു. തന്‍റെ ഇമോഷന്‍ വച്ചാണ് എല്ലാവരും കളിക്കുന്നതെന്ന് അർച്ചന പറഞ്ഞു. താന്‍ തമാശയ്ക്ക് പോലും അങ്ങനെ ചെയ്യാറില്ലെന്ന് അർച്ചന പറഞ്ഞു. പേളി അർച്ചനയെ ആശ്വസിപ്പിച്ചു. ഇതിനിടെ അവിടെ എത്തിയ അനൂപ് അർച്ചനയോട് മാപ്പ് പറഞ്ഞു. ഒരു അനിയത്തിയോട് എന്ന പോലെയാണ് താന്‍ സംസാരിച്ചതെന്നും അർച്ചനയ്ക്ക് അതെന്താ മനസിലാകാത്തതെന്നും അനൂപ് ചോദിച്ചു. തന്നെ വെറുതെ വിടണമെന്ന് പറഞ്ഞ് അർച്ചന അനൂപിന്‍റെ കാലില്‍ വീണു. ഇതോടെ അനൂപ് അവിടെ നിന്നും പോയി.

തനിക്ക് പോകണമെന്ന് പറഞ്ഞ് അർച്ചന പൊട്ടിക്കരഞ്ഞു. അതിഥിയും പേളിയും ശ്രീനിയും ചേർന്ന് അർച്ചനയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അനൂപ് അറിയിച്ചത് പ്രകാരം സാബുവും സുരേഷും അവിടെ എത്തി അർച്ചനയോട് സംസാരിച്ചു. തനിക്ക് പോകണമെന്ന് പറഞ്ഞ് അർച്ചന വാതിലില്‍ പിടിച്ച് നിന്ന് കരയുകയായിരുന്നു. ബഷീറും അവിടേക്ക് എത്തി. അവരെല്ലാം ചേർന്ന് അർച്ചനയെ മാറ്റി ഇരുത്തി സംസാരിച്ചു. ഇതേസമയം, ഷിയാസും അനൂപും പുറത്ത് അർച്ചനയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു പേർക്കും ദേഷ്യമുണ്ടായിരുന്നു. തന്നെ രമേശിനെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നതാണ് അർച്ചനയെ കൂടുതല്‍ വേദനിപ്പിച്ചത്. ശ്രീനിഷ് കളിയാക്കിയതും അർച്ചന സൂചിപ്പിച്ചു. സാബുവും അതിഥിയും പേളിയും ബഷീറും സുരേഷും ചേർന്ന് അർച്ചനയെ ആശ്വസിപ്പിച്ചു.

എല്ലാം അടങ്ങിയതോടെ പുറത്ത് വച്ച് ആണുങ്ങളെല്ലാം ഒത്തു ചേർന്നു. രാത്രി കണ്‍സെഷന്‍ റൂമിലെത്തിയ ബഷീറിനോട് പ്രത്യേക അത്താഴത്തിനുള്ള സമയമായെന്ന് ബിഗ് ബോസ് അറിയിച്ചു. ഒരാളെ കൂടെ കൂട്ടാമെന്നും ബിഗ് ബോസ് പറഞ്ഞു. സുരേഷിനെയാണ് ബഷീർ കൂടെ കൂട്ടിയത്. ഇരുവരേയും കണ്ണുകെട്ടിയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇതേസമയം അവരെങ്ങനെയാകും ആഘോഷിക്കുന്നത് എന്ന് മറ്റുളളവർ മനക്കോട്ട കാണുകയായിരുന്നു. തങ്ങളുടെ ഡിന്നർ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നതായി ബഷീർ പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ കുറച്ച് മറ്റുള്ളവർക്ക് വേണ്ടി കൊണ്ടു പോകട്ടേയെന്നും അവർ ചോദിച്ചു. ബിഗ് ബോസ് അനുവദിച്ചത് പ്രകാരം ആഹാരവുമായാണ് അവർ തിരികെ വീട്ടിലെത്തിയത്.

ഇന്നു രാത്രിയും പതിവ് പോലെ പേളിയും ശ്രീനിഷും പാട്ടും കഥ പറച്ചിലുമായി പ്രണയ സല്ലാപത്തിലേർപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സുരേഷും സാബുവും ഷിയാസുമായി സംസാരിച്ചു. ശ്രീനിഷിന്‍റെ പഴയ പ്രണയം നടക്കില്ലെന്നും അതുകൊണ്ടാണ് പേളിയോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ഷിയാസ് പറഞ്ഞു. ശ്രീനിഷിന് മുപ്പത്തിനാല് വയസാണെന്നും കല്യാണം കഴിക്കാനുള്ള പ്രായമായെന്നും ഷിയാസ് പറഞ്ഞു. ഇതോടെ സുരേഷിനെ നോക്കി സാബു പൊട്ടിച്ചിരിച്ചു. ശ്രീനിഷ് തന്നോട് നുണ പറഞ്ഞതാണെങ്കില്‍ അവനെ ഇടിക്കുമെന്ന് ഷിയാസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook