Bigg Boss Malayalam, 11 July 2018 Episode 18: ബിഗ് ബോസില്‍ പതിനേഴാം ദിവസം പതിവുപോലെ നൃത്തച്ചുവടുകളോടെ ആരംഭിച്ചു. രാവിലെ തന്നെ ഹിമ സംസാരിക്കുന്നത് പോലെ അനുകരിച്ച് ശ്വേത ഹിമയെ കളിയാക്കി. സാബുവിനേയും ശ്വേതയേയും ബിഗ് ബോസ് വിളിപ്പിച്ചു. വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ ഇരുവരേയും ബിഗ് ബോസ് പൊലീസായി നിയമിച്ചു. ഇരുവര്‍ക്കും സംശയമുളളവരെ ചോദ്യം ചെയ്യാം. കഴിഞ്ഞ ദിവസം അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരാണ് ഗെയിമില്‍ കൊല്ലപ്പെട്ടത്. ഇരുവരേയും പ്രത്യേക വസ്ത്രം ധരിപ്പിച്ച് ശ്മശാനത്തില്‍ കൊണ്ടാക്കിയിട്ടുണ്ട്.

സാബുവും ശ്വേതയും പൊലീസ് വേഷത്തില്‍ എത്തിയപ്പോള്‍ മത്സരാര്‍ത്ഥികള്‍ കളിയാക്കി ചിരിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മത്സരാര്‍ത്ഥികളെ ഭയപ്പെടുത്തി. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിളള എന്നാണ് സാബുവിന് പേരിട്ടിരിക്കുന്നത്. ആദ്യം ഷിയാസ് കരീമിനെയാണ് സാബു ചോദ്യം ചെയ്തത്. രഞ്ജിനിയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അര്‍ച്ചനയെ സംശയമുണ്ടെന്ന് പരോക്ഷമായി രഞ്ജിനി സൂചിപ്പിച്ചു. ഭക്ഷണശാലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അര്‍ച്ചനയെ കണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഇതിനിടെ ഷിയാസിനെ കുറിച്ച് രഞ്ജിനി ചില സൂചനകള്‍ നല്‍കി. ഇതിനിടെ തനിക്ക് ദീപനെയാണ് സംശയമെന്ന് ഹിമ പറഞ്ഞു. കൂടാതെ തനിക്ക് ശ്രീനിഷിനേയും സംശയമുണ്ടെന്ന് ഹിമ പറഞ്ഞു.

ശ്രീനിഷിനെയാണ് തനിക്ക് സംശയമെന്ന് അതിഥി പറഞ്ഞു. തന്നെ ശ്രീനിഷും അര്‍ച്ചനയും കൊല്ലാന്‍ നടന്നെന്ന് അതിഥി കൂട്ടിച്ചേര്‍ത്തു. അര്‍ച്ചന, ശ്രീനിഷ്, ദീപന്‍ എന്നിവരെയാണ് കൂടുതല്‍ സംശയമെന്ന് ചോദ്യം ചെയ്യലിന് ശേഷം ബിഗ് ബോസിനോട് സാബുവും ശ്വേതയും പറഞ്ഞു. പേളി അടക്കമുളള മറ്റു ചിലരേയും സംശയം ഉള്ളതായി അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ‘കുറ്റവാളികളായ’ രഞ്ജിനിയും ഷിയാസും ഈ പട്ടികയ്ക്ക് പുറത്തായിരുന്നു.

ഇതിനിടെ രഞ്ജിനിക്ക് വീണ്ടും ബിഗ് ബോസിന്റെ ഫോണ്‍സന്ദേശം വന്നു. മൂന്നാമതൊരാളെ കൊല്ലാനാണ് നിർദ്ദേശം. അടുത്തതായി പൊലീസ് ഇന്‍സ്പെക്ടറായ ശ്വേതയെ കൊല്ലാനാണ് നിർദ്ദേശം. ശ്വേതയുടെ ലാത്തി ഉപയോഗിച്ച് തൊപ്പി തട്ടിത്തെറിപ്പിച്ചാണ് കൊല്ലേണ്ടത്. പേളിയെ ചോദ്യം ചെയ്തപ്പോള്‍ ശ്രീനിഷിനേയും ദീപനേയും സംശയമുണ്ടെന്ന് പേളി പറഞ്ഞു. ‘എനിക്ക് എന്നെ തന്നെ സംശയം ഉണ്ട്’ എന്നും പേളി പറഞ്ഞു. തമാശ കളിച്ചാല്‍ പേളിയെ അറസ്റ്റ് ചെയ്യുമെന്ന് ശ്വേത പറഞ്ഞു. ‘എന്നെ അറസ്റ്റ് ചെയ്യൂ…’ എന്നായിരുന്നു പേളിയുടെ മറുപടി. തുടര്‍ന്ന് അന്വേഷണ സംഘം പേളിയെ കൂടുതല്‍ ചോദ്യം ചെയ്തു.

തുടര്‍ന്ന് പേളിയെ കെട്ടിയിട്ടാണ് ചോദ്യം ചെയ്തത്. ഇതിനിടെ സാബു അര്‍ച്ചനയെ ചോദ്യം ചെയ്തു. അരിസ്റ്റോ സുരേഷ് കൊല്ലപ്പെട്ടെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കും മുമ്പ് താന്‍ അടുക്കളയില്‍ ഉണ്ടായിരുന്നതായി അര്‍ച്ചന പറഞ്ഞു. ദൈവത്തെ കൊണ്ട് സത്യം ചെയ്യിച്ചാണ് സാബു അര്‍ച്ചനയെ ചോദ്യം ചെയ്തത്. ദൈവത്തേയും പിതാവിനേയും തൊട്ടാണ് അര്‍ച്ചന സത്യമിട്ടത്.

ഇതിന് പിന്നാലെ രഞ്ജിനിക്ക് വീണ്ടും നിർദ്ദേശം ലഭിച്ചു. ഇരു പൊലീസുകാരും തൊപ്പി പരസ്പരം മാറ്റിയാണ് ഇട്ടതെന്നും ഈ അവസരം രഞ്ജിനിക്ക് മുതലാക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതിന് പിന്നാലെ ശ്വേതയുടെ തൊപ്പി രഞ്ജിനി തെറിപ്പിച്ചു. ഇതോടെ ശ്വേത കൊല്ലപ്പെട്ടത് ശ്വേത പോലും അറിഞ്ഞില്ല. തുടര്‍ന്ന് രണ്ട് ശവങ്ങളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നെന്ന പോലെയാണ് ചോദ്യം ചെയ്തത്. തന്നോട് ഷിയാസ് ഉമ്മ ചോദിച്ചതായി ദിയ വെളിപ്പെടുത്തി. സ്നേഹിച്ചാണ് താന്‍ കൊല്ലപ്പെട്ടതെന്ന സംശയമുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

വൈകിട്ടോടെ ഷിയാസിനെ സാബു ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇതേസമയം ശ്രീനിഷിനെ ശ്വേത ചോദ്യം ചെയ്യുകയായിരുന്നു. ഷിയാസിനെ ചോദ്യം ചെയ്ത സാബു മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞ്ഞു. സാബുവിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ താനും രഞ്ജിനിയും ആണ് കൊലപാതകികളെന്ന് ഷിയാസ് വെളിപ്പെടുത്തി. ‘സാധനം കൈയ്യിലുണ്ടോ’ എന്നതായിരുന്നു തങ്ങളുടെ കോഡെന്നും ഷിയാസ് വെളിപ്പെടുത്തി. ഇതിനിടെ ശ്വേത കൊല്ലപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു. ശ്വേതയെ വസ്ത്രം ധരിപ്പിക്കാനായി ശ്രീനിഷിന് നിർദ്ദേശം ലഭിച്ചു. ഇതിനിടെ ‘സാധനം കൈയ്യിലുണ്ട്’ എന്ന കോഡ് പറഞ്ഞ് സാബു രഞ്ജിനിയെ കുടുക്കി. ശ്വേത കൊല്ലപ്പെട്ടെങ്കിലും സാബു കേസ് തെളിയിച്ചു.

തുടര്‍ന്ന് ഷിയാസ്, ശ്രീനിഷ്, രഞ്ജിനി എന്നിവരെയാണ് സംശയമെന്ന് സാബു പറഞ്ഞു. ശ്രീനിഷ് ഒഴികെ ബാക്കി രണ്ട് പേരും പ്രതികളാണെന്ന് ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് കോണ്‍സ്റ്റബിളായ സാബുവിന് സിഐഡിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇനി സാബു ‘സിഐഡി സാബു’ എന്ന പേരില്‍ അറിയപ്പെടുമെന്ന് ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ രഞ്ജിനിയും ഷിയാസും മത്സരാര്‍ത്ഥികളോട് വെളിപ്പെടുത്തി. എല്ലാം വെളിപ്പെടുത്തിയ ഷിയാസിനെ രഞ്ജിനി കുറ്റം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ