Bigg Boss Malayalam 28 June 2018 Episode 5: പതിവുപോലെ നൃത്തച്ചുവടുകളോടെയാണ് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ നാലാം ദിനം ആരംഭിച്ചത്. യോഗാഭ്യാസത്തിന് ശേഷം പതിവ് വീട്ടു ജോലികളിലേക്ക് എല്ലാവരും നീങ്ങി. രാവിലെ തന്നെ അര്‍ച്ചന കവിയും ശ്രീനിഷ് അരവിന്ദും തമ്മില്‍ ഭക്ഷണം വിളമ്പുന്നതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. ശ്രീനിഷിന്റെ ഇഷ്‌ടത്തിന് ഭക്ഷണം വിളമ്പാനാവില്ലെന്ന് അര്‍ച്ചന പറഞ്ഞു. തുടര്‍ന്ന് ശ്രീനിഷും ദിയ സനയും ഇതേ കുറിച്ച് സംസാരിച്ചു. തനിക്കും ബിഗ് ഹൗസില്‍ ഒരുപാട് പ്രശ്‌നമുണ്ടെന്ന് ദിയ പറഞ്ഞു. ഇത് തുറന്നു പറയാനാണ് ശ്രീനിഷ് ദിയയെ ഉപദേശിച്ചത്. തുടര്‍ന്ന് ശ്രീനിഷും അര്‍ച്ചനയും തമ്മിലുളള തര്‍ക്കത്തെ കുറിച്ച് ദിയ സന അര്‍ച്ചനയോട് സംസാരിച്ചു. എന്നാല്‍ അര്‍ച്ചന ഇതിനെ അവഗണിച്ചു.

വീട്ടില്‍ നിന്ന് ഇത്രയും ദിവസം മാറി നിന്നിട്ടില്ലെന്നും വീട്ടുകാരെ മുഴുവന്‍ മിസ് ചെയ്യുന്നെന്നും പറഞ്ഞ് ബഷീര്‍ ബാഷി കരഞ്ഞു. ഡേവിഡ് ജോണും ശ്രീനിഷ് അരവിന്ദുമാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. പിന്നീട് ബിഗ് ബോസിലെ ക്യാമറയായി അനൂപ് ചന്ദ്രൻ വേഷമിട്ടു. കണ്ണെഴുതി, പൊട്ട് തൊട്ട്, ചുണ്ടില്‍ ചായം തേച്ച് അനൂപ് ശ്വേത മേനോന്റെ മുമ്പില്‍ നിന്ന് ഗോഷ്‌ടി കാണിച്ചു.

ഇതിനിടെയാണ് മനോജ് വര്‍മ്മയെ ബാഗുകള്‍ പാക്കു ചെയ്യാന്‍ ബിഗ് ബോസ് നിദ്ദേശിച്ചത്. ഇന്നലെ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ വിടവാങ്ങലെന്നാണ് സൂചന. അതേസമയം തീരുമാനം തന്നെ വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണീരോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വാര്‍ത്ത കേട്ടത്. ഏങ്ങലടിച്ച് കരഞ്ഞ അനൂപ് ചന്ദ്രനെ മനോജ് വര്‍മ്മ ആശ്വസിപ്പിച്ചു.

മനോജ് വര്‍മ്മ

മൂന്നാം ദിനം മനോജ് വര്‍മ്മ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തളര്‍ന്നു വീണിരുന്നു. അദ്ദേഹത്തെ ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് കണ്‍ഫെഷന്‍ റൂമിലെത്തിക്കുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്‌തു. പിന്നാലെ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.

അതേസമയം, ദിയ തന്നെ കുറിച്ച് മോശമായി അനൂപിനോട് സംസാരിച്ചതായി ശ്വേത രഞ്ജിനി ഹരിദാസിനോട് പറഞ്ഞു. ദിയ ഓരോരുത്തരുടേയും പിന്നില്‍ നിന്ന് ഓരോ കാര്യങ്ങള്‍ പറയുന്നതായി രഞ്ജിനിയും ശ്വേതയോട് പറഞ്ഞു. തന്നെ ഫെയ്സ്ബുക്കിലൂടെ പച്ച തെറി വിളിച്ച ആളാണ് സാബുവെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. ശ്വേത, ദിയ, അര്‍ച്ചന എന്നിവരുമായി സംസാരിക്കവെയാണ് രഞ്ജിനി ഇത് പറഞ്ഞത്. അന്ന് തന്നെ കുറിച്ച് ലൈംഗികത നിറഞ്ഞ കമന്റുകളും സാബു എഴുതിയിരുന്നു. പേളി മാണിയാണ് തന്നെ ഇത് സംബന്ധിച്ച് വിളിച്ചറിയിച്ചത്. തുടര്‍ന്ന് താന്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും എന്നാല്‍ യാതൊരു നടപടിയും എടുത്തില്ലെന്നും രഞ്ജിനി പറഞ്ഞു.

ബിഗ് ബോസിലെ ആദ്യ ദിനം തന്നെ ഇതിന്റെ പേരില്‍ രഞ്ജിനി സാബുവിനെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ തമാശരൂപേണെ രഞ്ജിനിയെ അവഗണിക്കുകയാണ് സാബു ചെയ്‌തത്. സാബുവിനെതിരെ മറ്റൊരു സൈബര്‍ കേസും നിലവിലുണ്ട്. കേസ് ഉണ്ടായിരിക്കെ സാബു ബിഗ് ബോസില്‍ പങ്കെടുക്കുന്നത് സോഷ്യൽ മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ