Bigg Boss Malayalam, 24 August 2018 Episode:61 ഓണത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് ആർപ്പോ ഇർറോ മുഴക്കിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ഷിയാസിനെ മര്യാദ പഠിപ്പിക്കാന്‍ അനൂപ് ശ്രമിക്കുകയായിരുന്നു. മര്യാദ സ്വന്തം അനുഭവത്തില്‍ നിന്നുമാണ് പഠിക്കേണ്ടതെന്ന് അനൂപ് പറഞ്ഞു. എന്നാല്‍ അനൂപ് ഭരിക്കാന്‍ വരികയാണെന്ന് ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസ് ബഷീറിനെ പരാമർശിച്ചത് ബഷീറിന് ദേഷ്യം പിടിപ്പിച്ചു. നിന്നോട് ഞാനൊന്നും സംസാരിച്ചിട്ടില്ലെന്നും വെറുതെ എന്നോട് കളിക്കരുതെന്നും ബഷീർ പൊട്ടിത്തെറിച്ചു. കുരയ്ക്കരുതെടാ എന്ന് പറഞ്ഞ് ഷിയാസും പൊട്ടിത്തെറിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ തർക്കമായി. നിന്‍റെ സ്വഭാവം കയ്യില് വച്ചാ മതിയെന്നും എന്നോട് വേണ്ടെന്നും ബഷീർ പറഞ്ഞു. മറ്റുള്ളവർ ചേർന്ന് ഇരുവരേയും പിടിച്ചു മാറ്റി. മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ബഷീർ പറഞ്ഞു. ഇതിനിടെ അനൂപും ഷിയാസും വീണ്ടും കോർത്തു. ഏറെ പ്രയാസപ്പെട്ടാണ് അനൂപിനെ െല്ലാവരും ചേർന്ന് പിടിച്ചു വെച്ചത്. അനൂപിന് വേണ്ടി ബഷീർ പ്രതിരോധം തീർത്തു. ഇരുവരും മുഖാമുഖം വീണ്ടും വന്നു. അടി മൂത്തതോടെ അനൂപിനേയും ബഷീറിനേയും പിടിച്ചു മാറ്റി.

ആരു പറയുന്നതും ഷിയാസ് കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇവിടെ ആയത് കൊണ്ടാണ് വെറുതെ വിട്ടതെന്നും പുറത്താണെങ്കില്‍ വിവരമറിയുമായിരുന്നുവെന്നും ബഷീർ പറഞ്ഞു. അനൂപിനെ യജമാനെന്നും ബഷീറിനെ പട്ടിയെന്നും വിളിച്ചതാണ് അവരെ ചൊടിപ്പിച്ചത്. ഷിയാസിന് സ്നേഹമെന്താണെന്ന് അറിയില്ലെന്ന് ബഷീർ. അനൂപിന്‍റെ ഒരു മുഖമേ നീ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച അനൂപിനെ സാബുവും ബഷീറും ചേർന്ന് പുറത്തേക്ക് കൊണ്ടു പോയി. ഇതിനിടെ ഷിയാസിനോട് അനൂപിന്‍റെ കുറ്റം പറയാനെത്തിയ ഹിമയോട് സുരേഷ് ചൂടായി. അടിയുണ്ടാക്കിക്കാതെ നോക്കുകയാണ് വേണ്ടതെന്നും എണ്ണ ഒഴിക്കുകയല്ല വേണ്ടതെന്നും സുരേഷ് പറഞ്ഞു. ഇതിനിടെ വീണ്ടും ബഷീറും ഷിയാസും കോർത്തു. ഷിയാസ് നിന്ന് കരഞ്ഞപ്പോള്‍ രക്ഷിച്ച് അനൂപാണെന്നും ഇങ്ങനെയാണെങ്കില്‍ വീണ്ടും കരയേണ്ടി വരുമെന്നും ബഷീർ പറഞ്ഞു. വീട്ടിലെ സ്ത്രീകളെ കുറിച്ച് ഷിയാസ് വൃത്തിക്കേടുകള്‍ പറഞ്ഞിട്ടുണ്ടെന്ന് ബഷീർ പറഞ്ഞു. ശ്രീനിഷും അനൂപും പേളിയും ചേർന്ന് ബഷീറിനെ പിടിച്ചു മാറ്റാനായി ശ്രമിച്ചു.

ഇതിനിടെ രഞ്ജിനിയും ഹിമയും തങ്ങളുടെ വഴിക്കുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. വീട്ടില് മൊത്തം ഷീല്‍ഡാണെന്ന് പറഞ്ഞ് രഞ്ജിനി ഷിയാസിനെ പുതപ്പ് കൊണ്ട് മറക്കാന്‍ ശ്രമിച്ചു. കിട്ടിയ അവസരം മുതലെടുത്ത് ഹിമയും ഇറങ്ങി. അനൂപിനും സാബുവിനുമെതിരായിരുന്നു ഇരുവരും. ഇതോടെ ബഷീറിന് വീണ്ടും ദേഷ്യമായി. ഹിമയ്ക്ക് നേരെ തിരിഞ്ഞ ബഷീറിനെ അനൂപ് ശാന്തനാക്കി. താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന് ബഷീർ പറഞ്ഞു. അതേസമയം തന്നെ കുറിച്ച് എന്താണ് ഷിയാസ് പറഞ്ഞതെന്ന് അതിഥി ചോദിച്ചു. അതു പുറത്ത് പറയാനാകില്ലെന്ന് ബഷീർ പറഞ്ഞു. ഹിമ അനാവശ്യമായി പ്രശ്നത്തില്‍ ഇടപെടുകയാണെന്ന് അനൂപ് പറഞ്ഞു. അല്‍പ്പം അന്തസ് കാണിക്കണെന്നും അനൂപ് പറഞ്ഞു. ഹിമ അഭിനയിക്കുകയാണെന്ന് ബഷീർ പറഞ്ഞതും ഹിമ ബഷീറിന് നേരെ ചീറിയടുത്തു. ഇതോടെ കാര്യം കെെവിട്ടു പോകുന്ന അവസ്ഥയിലെത്തി. സ്ത്രീകള്‍ ഹിമയെ പിടിച്ചു മാറ്റി. ശ്രീനിഷ് ബഷീറിനെ പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി. വേണ്ടാ വേണ്ടാന്ന് വെക്കുകയാണെന്നും ഹിമ വെറുതെ പ്രശ്നമുണ്ടാക്കുകയാണെന്നും ബഷീർ പറഞ്ഞു.

ഇതിനിടെ ഹിമ സാബുവിനോട് പ്രേമ നാടകം കളിക്കുന്നുവെന്ന് അനൂപ് പറഞ്ഞു. സാബുവിനോട് അങ്ങനെ തോന്നുന്നുണ്ടോയെന്ന് ഹിമ ചോദിച്ചെങ്കിലും സാബു വിഷയത്തില്‍ ഇടപെടാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. ബഷീർ വീണ്ടും ആവർത്തിച്ചതോടെ ഹിമ സാബുവിന് അരികിലെത്തി താന്‍ ചെയ്യുന്നത് നാടകമാണോ എന്ന് ചോദിച്ചു. സാബു മറുപടി പറഞ്ഞില്ല. താനിതില്‍ ഇടപെടില്ലെന്നും പറഞ്ഞു. ഇതിന് ശേഷം ഹിമയും ഷിയാസും ഒരുമിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ക്യാമറയ്ക്ക് മുന്നിലെത്തിയ ബഷീർ ഹിമയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഹിമ കത്തിയുമായി തനിക്കെതിരെ വന്നതാണ് ബഷീർ പരാതിയായി പറഞ്ഞത്. ഇതിന് മുന്‍പും ഹിമ കത്തി പ്രയോഗിക്കാനായി ശ്രമിച്ചിട്ടുണ്ടെന്ന് ബഷീർ പറഞ്ഞു. രഞ്ജിനിയും സാബുവും സുരേഷും പിന്തുണച്ചു.

ഉച്ചയോടെ ഹിമ മുറിയിലിരുന്ന് കരയുന്നിടത്തേക്ക് ഷിയാസ് എത്തി തന്‍റെ പിന്തുണ അറിയിച്ചു. താന്‍ പ്രണയനാടകം കളിക്കുകയാണോ എന്ന് ഷിയാസിനോട് ഹിമ ചോദിച്ചു. ഹിമയ്ക്കെതിരെ ബഷീർ പരാതി ഉന്നയിച്ചത് ഷിയാസ് അറിഞ്ഞു. ഇതിനിടെ അകത്തു നിന്നും പുറത്തേക്ക് വന്ന ഹിമ അനൂപിനോട് തന്നെ ജഡ്ജ് ചെയ്യരുതെന്നു പറഞ്ഞു. പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു ഹിമയുടെ പ്രകടനം. ഹിമയോട് ശാന്തയാകാന്‍ പേളിയും അർച്ചനയും ആവശ്യപ്പെട്ടെങ്കിലും ഹിമ ശാന്തയാവുന്നുണ്ടായിരുന്നില്ല.

വീട്ടിലരങ്ങേറിയ സംഭവങ്ങളെ ശാന്തമാക്കാനായി സുരേഷ് പാട്ടു പാടി. ബഷീർ നേരത്തേതിലും ശാന്തനായി സുരേഷിനൊപ്പം ചേർന്നു. പിന്നീട് ബഷീറും സാബുവും അനൂപും ഒരുമിച്ചു. സാബു ബഷീറിനുള്ള പിന്തുണ അറിയിച്ചു. തങ്ങളെപ്പോഴും ഒഴിഞ്ഞ് മാറുന്നവരാണെന്നും എന്നാല്‍ ഇതുപോലെ പുഷ് ചെയ്താല്‍ പൊറുക്കില്ലെന്നും സാബു പറഞ്ഞു. അഹങ്കാരത്തെ അനുവദിക്കില്ലെന്ന് സാബു പറഞ്ഞു. എത്ര എതിർപ്പുണ്ടെങ്കിലും ഷിയാസ് ഭക്ഷണം കൊടുക്കുന്നതില്‍ അത് കാണിച്ചിട്ടില്ലെന്നും അത് അവകാശമായി ഷിയാസ് കാണുന്നത് അഹങ്കരമാണെന്ന് സാബു പറഞ്ഞു. സുരേഷും അവർക്കൊപ്പമെത്തി. ഇനി ആരുമായി നേരിട്ട് അടിയുണ്ടാക്കാനായി പോകരുതെന്നും ഇട്ടു കൊടുത്തിട്ട് മാറി നിക്കണമെന്നും സാബു ഉപദേശിച്ചു. ഷിയാസുമായി അടിയുണ്ടായത് ഹിമ ആഘോഷിക്കുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു.സുരേഷും അത് അംഗീകരിച്ചു. തനിക്ക് നല്ല തെറിയാണ് വായില്‍ വരുന്നതെന്നും സുരേഷും പറഞ്ഞു. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് സുരേഷ് പാടി.

ഷിയാസിന്‍റെ സ്വാഭവം കണക്കിലെടുത്താല്‍ അവന് ജീവിതത്തില്‍ സുഹൃത്തുക്കളൊന്നുമുണ്ടാകില്ലെന്ന് അനൂപ് പറഞ്ഞു. സാബുവിന്‍റെ വാക്കുകളിലും ഷിയാസിനോടുള്ള ദേഷ്യമുണ്ടായിരുന്നു. ഉച്ചയ്ക്ക് പാത്രം കഴുകാന്‍ എല്‍പ്പിച്ച ഹിമയോട് അനൂപ് അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഹിമ കൂട്ടാക്കിയില്ല. അനൂപിനെ സാബു പിന്തിരിപ്പിച്ചു. താന്‍ കഴുകിക്കോളാം എന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ