Bigg Boss Malayalam, 27 September 2018 Episode:96 സുരേഷിന്‍റെ പാട്ടോടെ തന്നെയായിരുന്നു ഇന്നത്തെ എപ്പിസോഡും ആരംഭിച്ചത്. ബിഗ് ബോസ് അവസാനിക്കാന്‍ ഇനി നാല് ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ബിഗ് ബോസ് വീടിനെ നാട്ടുരാജ്യമായി പ്രഖ്യാപിച്ചു കൊണ്ട് ബിഗ് ബോസിന്‍റെ സന്ദേശമെത്തി. പേളിയായിരുന്നു ആദ്യത്തെ റാണി. പേളിയുടെ തലയിലുള്ള കിരീടം സ്വന്തമാക്കുന്നവർക്ക് അധികാരം ലഭിക്കും. റാണിയായി എത്തിയ പേളി സുരേഷിനെ സേനാപതിയായി തിരഞ്ഞെടുത്തു. ഇതിനിടെ കിരീടം തട്ടിയെടുക്കാനായി ശ്രമിച്ച സാബുവിനെ സുരേഷും ശ്രീനിഷും ചേർന്ന് പിടിച്ചു. പേളിയുടെ നിർദ്ദേശത്തെ തുടർന്ന് സാബുവിനെ മുറ്റത്തെ തൂണില്‍ കെട്ടിയിട്ടു. പിന്നീട് റാണി തന്‍റെ നിയമങ്ങള്‍ വിവരിച്ചു കൊടുത്തു.

അല്‍പ്പസമയത്തിന് ശേഷം സാബുവിനെ അകത്തേക്ക് കൊണ്ടു വന്നു. അടുക്കളയിലെ പണിയെടുപ്പിക്കാനായിരുന്നു സാബുവിനെ തിരികെ കൊണ്ടു വന്നത്. കെെയ്യിലെ വിലങ്ങോടു കൂടിയാണ് സാബുവിനെ അകത്തേക്ക കൊണ്ടു വന്നത്. വിലങ്ങ് അഴിക്കാമെന്ന് റാണി പറഞ്ഞെങ്കിലും അത് വേണ്ട താന്‍ സ്വയം അഴിച്ചോളാം എന്ന് പറഞ്ഞ് സാബു വിലങ്ങ് ഊരി. ഇത് കണ്ട് മറ്റുള്ളവർ ഞെട്ടി. ഇതിനിടെ ഷിയാസ് കിരീടം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുരേഷ് പറഞ്ഞത് അനുസരിച്ച് ഷിയാസിനെ പേളി പിടികൂടി. പിന്നീട് സുരേഷും ശ്രീനിഷും ഷിയാസും ചേർന്ന് പേളിയ്ക്കായി നൃത്തം അവതരിപ്പിച്ചു.

പിന്നീട് ശ്രീനിഷ് റാണിയ്ക്ക് മോതിരം നല്‍കി. റാണിയെ പ്രൊപ്പോസ് ചെയ്യാനായുള്ള ശ്രമമായിരുന്നു ശ്രീനിഷിന്റേത്. എന്നാല്‍ ശ്രീനിഷിനെ സുരേഷിനെ കൊണ്ട് കെട്ടിയിട്ട റാണി ശിക്ഷ വിധിച്ചു. സാബു ശ്രീനിഷിനെ വിലങ്ങു വെച്ചു. ശ്രീനിഷിനെ തൂണിനോട് ചേര്‍ത്ത് കെട്ടിയിട്ടു. ഇതിനിടയിലൊക്കെ തനിക്ക് റാണിയോട് പ്രണയമാണെന്ന് ശ്രീനിഷ് പറയുന്നുണ്ടായിരുന്നു. പിന്നീട് ശ്രീനിഷിനെ കെട്ടഴിച്ചു വിട്ടു. തുടര്‍ന്ന് ഇന്നെ ഇംപ്രസ് ചെയ്യാനായി ശ്രീനിഷിനോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക അടുക്കളിയിലെത്തി കറി ആയോ എന്ന് നോക്കുന്നതിനിടെ വളരെ സിമ്പിളായി സാബു പേളിയുടെ തലയില്‍ നിന്നും കിരീടം തട്ടിയെടുത്തു. ഇതോടെ സാബു രാജാവായി. പാചകക്കാരനായിരുന്നവന്‍ രാജാവായി മാറി ഇതോടെ. ഉപ്പു കാരണം രാജ ഭരണം നഷ്ടപ്പെട്ട റാണിയായി പേളി.

പേളി വീണ്ടും അടുക്കളക്കാരിയായി. ഒരു ഉത്തരവാദിത്വം നല്‍കിയാല്‍ അത് ശ്രദ്ധയോടെ നിറവേറ്റമെന്ന ഉപദേശമാണ് സാബു പേളിയ്ക്ക് നല്‍കിയത്. പിന്നീട് കിരീടം സൂക്ഷിക്കാനായി ശ്രീനിഷിന്റെ കൈകളില്‍ ഇട്ടു കൊടുത്ത സാബു ഭക്ഷണം കഴിച്ചു. ശ്രീനിഷിന് കിരീടം സ്വന്തമാക്കാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ ശ്രീനിയ്ക്ക് അത് മനസിലായതേയില്ല. പിന്നീട് ടാസ്‌കിനായി നല്‍കിയ വസ്തുക്കളെല്ലാം തിരികെ സ്റ്റോര്‍ റൂമില്‍ കൊണ്ടു പോയി വെക്കാനുള്ള സന്ദേശമെത്തി.

വൈകിട്ട് ആറ് മണിയോടെ പുതിയ ടാസ്‌ക് എത്തി. അപരന്‍ എന്നതായിരുന്നു ടാസ്‌കിന്റെ പേര്. ബിഗ് ബോസ് വീട്ടില്‍ നിന്നും മടങ്ങി വീട്ടിലെത്തുമ്പോള്‍ തങ്ങളുടെ അപരനെ കാണുന്നതും ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നും അഭിനയിച്ച് കാണിക്കേണ്ടതാണ് ടാസ്‌ക്. പേളിയാണ് ആദ്യം വേദിയിലെത്തിയത്. അതിഥി പേളിയുടെ മമ്മിയായി മാറി. മമ്മി നല്‍കിയ സാരി കാണിച്ചായിരുന്ന താന്‍ ശരിക്കും പേളിയാണെന്ന് പേളി തെളിയിച്ചത്. അടുത്ത ഊഴം സുരേഷിന്റേതായിരുന്നു. സുരേഷിന്റെ അപരനായി പേളിയാണ് വന്നത്. സാബു സുരേഷിന്റെ അമ്മയായി. തനിക്ക് വായില്‍ പല്ലില്ലെന്നും അപരനായ പേളിയ്ക്ക് പല്ലുണ്ടെന്നുമാണ് സുരേഷ് തന്നെ തെളിയിക്കാന്‍ മുന്നോട്ട് വെച്ച തെളിവ്. അടുത്തതായി വന്നത് സാബുവായിരുന്നു. സുരേഷ് സാബുവിന്റെ അപരനും പേളി സാബുവിന്റെ അമ്മയുമായി.

ഇവനെ എവിടുന്ന് കിട്ടിയെന്ന് പറഞ്ഞ അമ്മയായ പേളിയെ തല്ലാനൊരുങ്ങി സാബു. ഇതോടെ സുരേഷ് അപരനാണെന്ന് പേളി സമ്മതിച്ചു. ഷിയാസ് അപരനായി വീട്ടിലേക്ക് വന്നതും വാതില്‍ തുറന്നത് രസകരമായ രംഗമായിരുന്നു. ഷിയാസ് വീട്ടിലില്ലെന്ന് പറഞ്ഞ് സാബു ഷിയാസിനെ മടക്കി അയച്ചു. പാലിന്റെ ബില്ല് പിന്നെ തരാം എന്ന് പറഞ്ഞ് പേളി ഷിയാസിനെ പുറത്താക്കി. താന്‍ ഷിയാസ് ആണെന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല. ഷിയാസിന്റെ ഭാര്യയായും മകനുമായുമെല്ലാം പേളി ഷിയാസിനെ പെടുത്തിക്കളഞ്ഞു. പിന്നീട് സുരേഷ് തന്നെ ഷിയാസ് വന്നു. അതിഥി ഷിയാസിന്റെ ഉമ്മയായി വന്നു. അതിഥി പൊലീസിനെ വിളിച്ചു. സാബുവും ഷിയാസുമായിരുന്നു പൊലീസ്. ഷിയാസിനെ അവര്‍ പിടിച്ച് അകത്തിട്ടു.

ശ്രീനിഷ് വീട്ടിലെത്തിയപ്പോള്‍ അപരനായി വന്നത് സുരേഷായിരുന്നു. പേളിയാണ് ശ്രീനിഷിന്റെ അമ്മയായത്. സുരേഷിന്റെ വായില്‍ പല്ലില്ലെന്ന് പറഞ്ഞാണ് ശ്രീനിഷ് താനാണ് ഒറിജിലെന്ന് തെളിയിച്ചത്. ഇതിനിടെ ശ്രീനിഷ് പേളിയെ കെട്ടിപ്പിടിച്ചതും ഷിയാസ് ഓടി വന്ന് രണ്ടു പേരേയും ഓടിച്ചു. അതിഥിയുടെ അപരയായി വന്നത് പേളിയായിരുന്നു. അതിഥിയുടെ സീസര്‍ എന്ന പട്ടിയായി ഷിയാസ് വന്നു. സീസറിന് താന്‍ പാടി കൊടുക്കുന്ന പാട്ട് അതിഥി പാടി. കന്നഡ പാട്ടായിരുന്നു അതിഥി പാടിയത്. ഇതോടെ പേളി തോറ്റു.

രാത്രി ക്യാമറയ്ക്ക് മുന്നിലെത്തിയ സാബുവും സുരേഷും തനിക്ക് വീട്ടില്‍ നിന്നും വേണ്ടതിന്റെ ലിസ്റ്റ് പറഞ്ഞു. അത് പുറത്ത് കൊണ്ടു പോകാനുള്ള പെട്ടിയും വേണമെന്ന് പറഞ്ഞു. ഇത് കേട്ട് വന്ന ഷിയാസ് തനിക്ക് ടിവി വേണമെന്ന് പറഞ്ഞു. ഷിയാസിനെ പറ്റിക്കുകയായിരുന്നു ലക്ഷ്യം. താന്‍ ടിവി വീട്ടില്‍ കൊണ്ടു പോയി വെക്കുന്നതിനെ കുറിച്ച് ഷിയാസ് വാചാലനായി. ഇതോടെ അവരവര്‍ക്ക് വേണ്ടതിനെ കുറിച്ച് പേളിയും അതിഥിയും പറഞ്ഞു.

രാത്രി ബിഗ് ബോസ് എല്ലാവരേയും മുറ്റത്ത് വെച്ചിരിക്കുന്ന സ്റ്റാന്‍ഡുകളുടെ മുകളിലായി നിര്‍ത്തി. അവരവരുടെ പേരിലുള്ള സ്റ്റാന്‍ഡിലാണ് നിറുത്തിയത്. അപ്രതീക്ഷിതമായി ഇന്ന് ഒരു എവിക്ഷന്‍ നടക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഇത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. എല്ലാവരോടുമായി പെട്ടി തയ്യാറാക്കി വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവര്‍ക്കും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞു. തന്നെ ശത്രുവായാണ് ഷിയാസ് കാണുന്നതെന്ന് സാബു പറഞ്ഞു. ഷിയാസ് ഒരു ഫ്രോഡാണോ എന്ന ആശങ്കയിലാണ് ആദ്യം നോമിനേറ്റ് ചെയ്തതെന്നും അല്ലാതെ ശത്രുവല്ലെന്നും സാബു പറഞ്ഞു. ശ്രീനിഷിന്റെ ഊഴമായിരുന്നു അടുത്തത്. ശ്രീനിഷ് എല്ലാവരോടും യാത്ര പറഞ്ഞു. പിന്നാലെ മറ്റുള്ളവരും പരസ്പരം യാത്ര പറഞ്ഞു. സാബുവിനെ കുറിച്ചുള്ള മുന്‍ ധാരണകളെല്ലാം മാറിയെന്നും സാബു നല്ലൊരു മനുഷ്യനാണെന്നും പേളി പറഞ്ഞു.

രണ്ട് നിറങ്ങളായിരുന്നു വിധി നിര്‍ണയിക്കുന്നത്. പച്ചയും ചുവപ്പും. ചുവന്ന വെളിച്ചം വീണത് അതിഥിയുടെ മുകളിലായിരുന്നു. ഇതോടെ അതിഥി പുറത്തായി. ഇടിത്തീ പോലെയാണ് എലിമിനേഷന്‍ വന്നു വീണത്. സുരക്ഷിതനായെങ്കിലും അതിഥി പുറത്തായ ദുഖത്തില്‍ ഷിയാസ് കരഞ്ഞു പോയി. എല്ലാവരും അതിഥിയോട് യാത്ര പറഞ്ഞു. പൊട്ടിക്കരയുന്ന ഷിയാസിനെ ശ്രീനിഷ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഇത് മൂന്നാമത്തെ തവണയാണ് അതിഥി ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. രണ്ട് തവണയും പക്ഷെ ബിഗ് ബോസ് തിരികെ വിളിക്കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു അതിഥി യാത്രയായത്. അതിഥി പോയതിന്റെ ഷോക്ക് എല്ലാവരിലുമുണ്ടായിരുന്നു. ഇതിനിടെ രണ്ട് ദിവസമായി അതിഥിയെ ഷിയാസ് അലമ്പാക്കുകയായിരുന്നു എന്ന് സാബു പറഞ്ഞു. തമാശ രൂപേണയായിരുന്നു സാബു പറഞ്ഞത്. എന്നാല്‍ ഷിയാസിന് അത് വേദനയായി. വെറുതെ ഓരോന്ന് പറഞ്ഞ് തന്നെ മോശമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഷിയാസ് പറഞ്ഞു. ശ്രീനിഷ് ഇടപെട്ട് ഷിയാസിന് കാര്യം വിശദീകരിച്ചു കൊടുത്തു.

അതിഥി പോയതിന്റെ വിഷമത്തില്‍ പേളിയും കരഞ്ഞു. ഇനി നാല് ദിവസമേയുള്ളുവെന്ന് പറഞ്ഞ് ശ്രീനിഷ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇത്രയും ദിവസമുണ്ടായിരുന്നതല്ലേ അതിഥി എന്നും അവള്‍ ഫൈനലില്‍ എത്താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞാണ് പേളി കരഞ്ഞത്. അപ്രതീക്ഷിത എലിമിനേഷനില്‍ എല്ലാവരും ഉലഞ്ഞു പോയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ