Bigg Boss Malayalam; ബാംഗ്ലൂര്‍ ഡേയ്സിലെ തുടക്കം മാംഗല്യം എന്ന ഗാനത്തിന് രഞ്ജിനയുടെ നേതൃത്വത്തില്‍ ചുവടു വച്ചുകൊണ്ടായിരുന്നു ഇന്നത്തെ ദിവസം ബിഗ് ബോസ് എപ്പിസോഡ് ആരംഭിച്ചത്. രഞ്ജിനിക്കൊപ്പം ബഷീര്‍ ബാഷിയും നൃത്തം ചെയ്‌തു. പിന്നാലെ അര്‍ച്ചനാ സുശീലനോട് ശ്വേതാ മേനോന്‍ തന്‍റെ ആദ്യ വിവാഹത്തെ കുറിച്ച് മനസ് തുറന്നു. ആദ്യ ഭര്‍ത്താവുമായി താന്‍ ഒരു കൊല്ലത്തോളം സംസാരിക്കാതെയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം ബുദ്ധിമുട്ടില്ലെന്നും താന്‍ അഭിമാനമുള്ള വിവാഹമോചിതയാണെന്നും ഇപ്പോഴത്തെ വിവാഹത്തില്‍ സന്തുഷ്‌ടയാണെന്നും അവര്‍ പറഞ്ഞു.

പിന്നാലെ ദിയാ സന തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന കഷ്‌ടതകളെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഹൗസിലെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. ഹൗസിന്റെ അടുക്കളയില്‍ പേളിയുടെ മുടിയെ നൂഡില്‍സിനോട് ഉപമിച്ചു കൊണ്ടുള്ള തമാശകളും അരങ്ങേറി. കുട്ടിക്കാലത്ത് ഒരുപാട് നൂഡില്‍സ് കഴിച്ചതു കൊണ്ടാണ് പേളിയുടെ മുടി ഇങ്ങനെയായത് എന്നായിരുന്നു തമാശ.

തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ ടാസ്‌ക് എത്തി. മത്സരാര്‍ത്ഥികള്‍ മമ്മൂട്ടിയെന്നും മോഹന്‍ലാലെന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് അവരുടെ ചിത്രങ്ങളുടെ ഗാനത്തിന് ചുവടുവയ്‌ക്കാനായിരുന്നു ടാസ്‌ക്. കൂടാതെ അവരുടെ കഥാപാത്രങ്ങളായി തന്നെ ഒരു ദിവസം മുഴുവന്‍ ഹൗസില്‍ കഴിയണമെന്നും ടാസ്‌കിന്റെ ഭാഗമായ നിബന്ധനയായിരുന്നു. രഞ്ജിനിയാണ് ടാസ്‌ക് വായിച്ചു കേള്‍പ്പിച്ചത്.

ഇതിനിടെ മത്സരാര്‍ത്ഥികളിലൊരാളായ മനോജ് വര്‍മ്മ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തളര്‍ന്നു വീണു. അദ്ദേഹത്തെ ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് കണ്‍സെഷന്‍ റൂമിലെത്തിക്കുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്‌തു. ഇതിനിടെ നിത്യ ജീവിതത്തിലെ രാഷ്ട്രീയത്തെ കുറിച്ച് അര്‍ച്ചന സുശീലനും ദിയാ സനയും തമ്മിൽ ചെറിയ തര്‍ക്കം ഉണ്ടായി. എന്തിനാണ് എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം പറയുന്നതെന്ന് അര്‍ച്ചന ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയമുണ്ടെന്നും ബിഗ് ബോസില്‍ ഇതെല്ലാം സംസാരിക്കേണ്ടത് ആണെന്നുമായിരുന്നു ദിയയുടെ മറുപടി.

മത്സരാര്‍ത്ഥികള്‍ സംസാരിച്ചു കൊണ്ടിരിക്കേ ദീപന് ബിഗ് ബോസിന്റെ വിളി വന്നത്. തനിക്ക് ലഭിച്ച കത്തുമായി ദീപന്‍ മറ്റുള്ളവരുടെ അടുത്തേക്ക് എത്തി, അതില്‍ എഴുതിയിരുന്നത് വായിച്ചു. തങ്ങളുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിഷമകരമായ ഒരു കാര്യം പറയാനായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ആദ്യം സംസാരിക്കാനെത്തിയത് അനൂപ് ചന്ദ്രനായിരുന്നു. തന്റെ അധ്യാപികയായ ജസീദ ടീച്ചറോട് കയര്‍ത്തതും തുടര്‍ന്ന് ടീച്ചര്‍ സ്‌കൂളില്‍ നിന്നും ലോങ് ലീവില്‍ പോയതുമായിരുന്നു അനൂപ് പറഞ്ഞ സംഭവം. അന്ന് താന്‍ വേദനിപ്പിച്ച ടീച്ചര്‍ തന്നെ സ്‌നേഹം കൊണ്ട് കീഴടക്കിയതിനെ കുറിച്ച് പറഞ്ഞ് അനൂപ് ചന്ദ്രന്‍ വിതുമ്പി. ആ സംഭവത്തിന് ശേഷം താന്‍ ഒരു സ്ത്രീയേയും വേദനിപ്പിക്കില്ലെന്ന് തീരുമാനിച്ചെന്നും എല്ലാ അധ്യാപക ദിനത്തിലും ടീച്ചര്‍ക്ക് സെറ്റ് സാരി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോരുമില്ലാതെ മരിക്കേണ്ടി വന്ന ഒരു എയ്ഡ്‌സ് രോഗിയായ സ്ത്രീയുടെ ജീവിതത്തെ കുറിച്ചായിരുന്നു അതിഥിയ്‌ക്ക് പറയാനുണ്ടായിരുന്നത്. പിന്നാലെ തന്റെ അച്‌ഛന്റെ മരണത്തെ കുറിച്ച് പറഞ്ഞു കൊണ്ട് രഞ്ജിനി കരഞ്ഞു. തന്റെ ജീവിതം തന്റെ ഇഷ്‌ടങ്ങളാണെന്ന് പറഞ്ഞായിരുന്നു രഞ്ജിനി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. കൈയ്യടിച്ചായിരുന്നു മറ്റുള്ളവര്‍ രഞ്ജിനിയുടെ വാക്കുകളെ സ്വീകരിച്ചത്. ദീപന്‍ തന്റെ അമ്മയെ കുറിച്ചാണ് സംസാരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook