Bigg Boss Malayalam 27-07-2018- Episode 33: അരിസ്റ്റോ സുരഷും പേളിയും ആക്രമിക്കപ്പെടാന്‍ പോകുന്നതായി സൂചന നല്‍കിയാണ് 33ാം ദിനം ആരംഭിച്ചത്. സാബുവും അനൂപും ചേര്‍ന്ന് ഇതിനെ കുറിച്ചുളള ചര്‍ച്ച നടത്തുകയായിരുന്നു. താന്‍ തുടക്കമിട്ടാല്‍ സുരേഷിനെ പലരും അടിക്കാന്‍ കൂടുമെന്ന് സാബു അനൂപിനോട് പറഞ്ഞു. പേളിയെ കൂടുതലായി സുരേഷ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് സാബുവിന്റെ ആരോപണം. രാവിലെ തന്നെ അനൂപ് സുരേഷുമായി ഏറ്റുമുട്ടാന്‍ ശ്രമിച്ചു. തന്നെ കുറിച്ച് മോശമായി അഭിപ്രായപ്പെട്ടു എന്നായിരുന്നു അനൂപിന്റെ പരാതി. എന്നാല്‍ സുരേഷ് ഇത് നിഷേധിച്ചു. ആസൂത്രിതായി സുരേഷിനെതിരെ കലഹിക്കുക എന്നതായിരുന്നു അനൂപിന്റേയും സാബുവിന്റേയും ലക്ഷ്യം.

താന്‍ വിശ്വാസ വഞ്ചകനാണെന്നും ചതിയനാണെന്നും ഒരു ടാസ്കിനിടെ സുരേഷ് പറഞ്ഞതാണ് അനൂപ് ഉയര്‍ത്തിക്കാട്ടിയത്. പേളിയെ വ്യക്തിപരമായി ആക്രമിക്കാന്‍ അനൂപ് ശ്രമിച്ചതായി സുരേഷ് പറഞ്ഞു. എന്നാല്‍ പേളിയെ രക്ഷിതാവിനെ പോലെ സംരക്ഷിക്കാന്‍ സുരേഷ് നോക്കേണ്ടെന്ന് സാബു പറഞ്ഞു. സാബുവും അനൂപും ചേര്‍ന്ന് സുരേഷിനെ വളഞ്ഞിട്ട് ആക്രമിച്ചു. രഞ്ജിനിയും സുരേഷും തമ്മിലുണ്ടായ തര്‍ക്കം അടക്കം സൂചിപ്പിച്ചാണ് ഇരുവരും തര്‍ക്കിച്ചത്. ഇതിനിടെ ദിയ സനയും സുരേഷിനെതിരെ രംഗത്തെത്തി. രഞ്ജിനി വിഷയത്തിലായിരുന്നു ദിയ ഒച്ചയിട്ടത്. അതേസമയം ഇന്നലെ സുരേഷ് മാപ്പ് പറഞ്ഞെങ്കിലും അതില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നില്ലെന്ന് രഞ്ജിനി പറഞ്ഞു.

ശ്വേത, രഞ്ജിനി, സാബു, അനൂപ്, ദിയ, എന്നിവര്‍ കൂട്ടമായി സുരേഷിനെ കുറ്റം പറഞ്ഞു. പേളിയുടെ തന്തയ്ക്ക് വിളിച്ചയാളാണ് സുരേഷെന്ന് സാബു പറഞ്ഞു. എന്നാല്‍ ടാസ്കിനിടയിലെ തമാശയാണ് അതെന്ന് സുരേഷ് പറഞ്ഞെങ്കിലും ബാക്കിയുളളവര്‍ വിടാന്‍ തയ്യാറായില്ല. ഒരു ടാസ്കിനിടെ സാബു ചെരുപ്പ് വലിച്ചെറിഞ്ഞപ്പോള്‍ വേദനിച്ച പേളിക്ക് സ്വന്തം തന്തയെ വിളിച്ചപ്പോള്‍ വേദനിച്ചില്ലേയെന്ന് സാബു ചോദിച്ചു. ഇതേ ചോദ്യം ദിയ ചോദിച്ചപ്പോള്‍ സുരേഷ് പറഞ്ഞപ്പോള്‍ വേദനിച്ചില്ലെന്നായിരുന്നു പേളിയുടെ മറുപടി. അതൊരു ടാസ്കിന്റെ ഭാഗമാണെന്ന ബോധ്യം തനിക്കുണ്ടെന്നും അന്ന് സാബു ടാസ്കിലെ കഥാപാത്രം ആയിരുന്നില്ലെന്നും പേളി വ്യക്തമാക്കി. എന്നാല്‍ അരിസ്റ്റോ സുരേഷ് പേളിയുടെ കാല് പിടിച്ച് മാപ്പു പറഞ്ഞു. ഉടന്‍ തന്നെ പേളി കാലു വലിച്ചു.

‘പേളിയെന്ന ട്രോഫി’യേയും പിടിച്ച് തുടര്‍ന്നോയെന്ന് സുരേഷിനോട് സാബു ആക്രോശിച്ചു. ഇതിന് ശേഷം പേളി കരഞ്ഞുകൊണ്ട് സുരേഷിന് ചായ ഇട്ട് നല്‍കി. ഇത് നാടകം ആണെന്നായിരുന്നു ദിയ വിളിച്ചു പറഞ്ഞത്. എല്ലാവരുടേയും മനസില്‍ ഉള്ള പകയാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് രഞ്ജിനി സുരേഷിനോട് പറഞ്ഞു. ആളുകളെ വേദനിപ്പിക്കരുതെന്ന് പലവട്ടം പറഞ്ഞതല്ലേയെന്ന് സാബു സുരേഷിനെ ഓര്‍മ്മിപ്പിച്ചു. പേളിയെ മോശമാക്കുകയാണ് സുരേഷെന്നും സാബു കൂട്ടിച്ചേര്‍ത്തു. ഇരുവരുടേയും സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മറ്റുളളവരുടെ ഇടപെടല്‍ പേളി ക്യാപ്റ്റനായത് മുതല്‍ പക്ഷപാതകരമായാണ് പെരുമാറുന്നതെന്ന് നേരത്തേയും ബാക്കിയുളളവര്‍ ആരോപിച്ചിരുന്നു.

ഇതിനിടെ ഈയാഴ്ച്ച കിട്ടിയ 2000 ലക്ഷ്യറി പോയന്റ് വെച്ച് സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ സാധനത്തിന്റെ പട്ടിക എഴുതാന്‍ ശ്രമം നടത്തിയെങ്കിലും വേണ്ട എല്ലാ സാധനങ്ങളും ഉള്‍പ്പെടുത്താനായില്ല. ഇന്നത്തെ സംഭവത്തെ തുടര്‍ന്ന് വിഷമത്തിലായ പേളി രഞ്ജിയെ കെട്ടിപ്പിടിച്ചു. തുടര്‍ന്ന് രഞ്ജിനി പേളിയെ സമാധാനിപ്പിച്ചു. ഈ വീട് എല്ലാവരേയും ഒരുപാട് കാര്യങ്ങള്‍ പടിപ്പിക്കുമെന്ന് രഞ്ജിനി പേളിയോട് പറഞ്ഞു. വിഷമിക്കരുതെന്നും അവസാനം ഒരാള്‍ മാത്രമായിരിക്കും ബാക്കിയെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അരിസ്റ്റോ സുരേഷ് സ്ത്രീവിരുദ്ധനാണെന്ന് പറയാന്‍ ശ്രമിച്ച ദിയയുടെ വാക്കുകള്‍ പേളി പ്രതിരോധിച്ചു. ദിയ കാര്യം വഷളാക്കാന്‍ ശ്രമിക്കരുതെന്ന് പേളി പറഞ്ഞു. ആവശ്യമില്ലാത്ത വഴക്കുണ്ടാക്കരുതെന്നും പേളി ദിയയോട് പറഞ്ഞു.

സുരേഷിനോട് താന്‍ വഴക്കിടുകയാണോ ദിയയ്ക്ക് വേണ്ടത് എന്നായിരുന്നു പേളി തിരിച്ചു ചോദിച്ചത്. ഉടന്‍ തന്നെ കടന്നുവന്ന സാബു ദിയയെ വിളിച്ചു കൊണ്ടു പോയി. അവിടെ നിന്നാല്‍ ദിയ ചമ്മിപ്പോകും എന്നായിരുന്നു സാബു ദിയയോട് പറഞ്ഞത്. കൂട്ട ആക്രമണമാണ് ഇപ്പോള്‍ നടന്നതെന്ന് അര്‍ച്ചന ചൂണ്ടിക്കാട്ടി. എല്ലാവരും ചേര്‍ന്ന് ആക്രമിക്കരുതായിരുന്നെന്ന് ശ്രീനിഷും അര്‍ച്ചനയോട് പറഞ്ഞു.

ഈയാഴ്ച്ചയിലെ ക്യാപ്റ്റനാകാനുളള ടാസ്ക് ഇതിനിടെ ബിഗ് ബോസ് നല്‍കി. പറ്റുന്നത്ര നേരം സൈക്കിള്‍ ചവിട്ടാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. മൂന്ന് സൈക്കിളുകളായിരുന്നു നല്‍കിയത്. ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എന്നാല്‍ ഓരോ സൈക്കിളിന്റേയും മുമ്പില്‍ മൂവരുടേയും ഫോട്ടോകള്‍ പതിപ്പിച്ച് വെച്ചിട്ടുണ്ട്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് കാണാനാവില്ല. ഇത് ശരിയായി തിരഞ്ഞെടുത്ത് ചവിട്ടണം.

തുടര്‍ന്ന് ക്യാപ്റ്റനായി മത്സരിക്കുന്ന അനൂപ്, സാബു, ദിയ എന്നിവര്‍ സൈക്കിള്‍ ചവിട്ടി തുടങ്ങി. മണിക്കൂറുകളോളം ചവിട്ടിയതിന് ശേഷം സാബു പിന്‍വാങ്ങി. ഇതോടെ അനൂപും ദിയയും മത്സരം തുടര്‍ന്നു. എന്നാല്‍ രാത്രി 11.30 കഴിഞ്ഞതോടെ അനൂപും പിന്‍വാങ്ങി. ഇതോടെ ദിയ ജയിച്ചെങ്കിലും ക്യാപ്റ്റനായി ബിഗ് ബോസ് തിരഞ്ഞെടുത്തത് സാബുവിനെയായിരുന്നു. ദിയ ചവിട്ടിയത് സാബുവിന്റെ സൈക്കിളാണെന്ന് പിന്നീടാണ് വെളിപ്പെട്ടത്. ശാരീരിക ബലത്തിലോ അധ്വാനത്തിലോ അല്ല കാര്യമെന്ന് സാബു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook