Bigg Boss Malayalam, 26 September 2018 Episode:95: തീയ്ക്ക് ചുറ്റുമിരിക്കുന്ന അതിഥിയേയും സാബുവിനേയും ഷിയാസിനെയുമാണ് ആദ്യം കണ്ടത്. സാബു എഴുന്നേറ്റ് പോയതും ഷിയാസും അതിഥിയും ഉറക്കം വരാതിരിക്കാനായി അന്താക്ഷരി കളിക്കാന്‍ തുടങ്ങി. പിന്നാലെ സുരേഷ് അവിടേക്ക് എത്തി. കഴിഞ്ഞ ദിവസം പേളിയുമായി ഉണ്ടാക്കിയ അടിയെ കുറിച്ചായിരുന്നു സുരേഷ് സംസാരിച്ചത്. പേളിയ്ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെന്ന് അതിഥി ഷിയാസിനെ എല്‍പ്പിച്ചു. പേളിയുമായി സംസാരിക്കണമെന്ന് സുരേഷിനോട് പറഞ്ഞെങ്കിലും സുരേഷ് പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ ഷിയാസ് ഇടപെട്ടു. പേളിയെ കാര്യം പറഞ്ഞ് മനസിലാക്കിക്കണമെന്ന് ഷിയാസ് സുരേഷിനോടായി പറഞ്ഞു. അവരുടെ സമയം കഴിഞ്ഞതും മൂന്ന് പേരും പോയി. ശ്രീനിഷിന്‍റേയും പേളിയുടേയും ഊഴമായിരുന്നു അടുത്തത്. ഇരുവരും കെട്ടിപ്പിടിച്ച് ഇരുന്നാണ് തീ കാഞ്ഞത്. നേരം പുലർന്നത് പാട്ടിന്‍റെ താളത്തിലായിരുന്നു.

രാവിലെ പേളിയുടെ വക എല്ലാവർക്കുമായി കെെകൊട്ടി കളി പരിശീലനമുണ്ടായിരുന്നു. സുരേഷും പേളിയും പാടിയതിന്‍റെ താളത്തിലെല്ലാവരും വട്ടം ചുറ്റി നടന്ന് കെെകൊട്ടി കളിച്ചു. ഇന്നലെ ഉണ്ടായതൊക്കെ മറന്ന് എന്ന് തോന്നു തരത്തില്‍ പേളി അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സുരേഷ് പാട്ടുപാടി കൊടുത്തു. തനിക്ക് ഇവിടെ നിന്നും ലഭിച്ച ഗിഫ്റ്റ് ബോക്സുകളെല്ലാം ഷിയാസ് ചേർത്തു വെച്ചു. ഷിയാസ് നൂറ് ദിവസം പൂർത്തിയാക്കിയിട്ടില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ ഷിയാസിനെ കളിയാക്കി. ഇതിനിടെ ഷിയാസ് താന്‍ ടാസ്ക് ചെയ്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മറ്റുള്ളവർ കളിയാക്കി. തങ്ങളാണ് കഷ്ടപ്പെട്ടതെന്ന് സാബു പറഞ്ഞു. ഇടയ്ക്ക് കേറി വന്ന് ഒരുത്തന്‍ തനിക്ക് വിന്നറാകണമെന്ന് പറയുന്നത് എങ്ങനെയെന്ന് അതിഥിയും ചോദിച്ചു. ഷിയാസിനെ ചൊടിപിടിപ്പിക്കുകയായിരുന്നു രണ്ടു പേരുടേയും ലക്ഷ്യം. പിന്നീട് ഷിയാസ് ബാത്ത് റൂം ക്ലീന്‍ ചെയ്യുന്ന സമയത്ത് അതിഥി ഷിയാസിന്‍റെ ഡ്രസ് എടുത്ത് വെള്ളത്തിലിട്ടു. അതിഥിയുടെ മുഖത്ത് ഗൌസിട്ട കെെ കൊണ്ട് ഷിയാസ് മാന്തി. ഇതോടെ ഇരുവരും പരസ്പരം പണികൊടുക്കാനായി തുടങ്ങി. കുട കൊണ്ട് ഷിയാസിനെ കുത്തിയാണ് അതിഥി പകരം വീട്ടിയത്. ശ്രീനിഷ് ഇടപെട്ടെങ്കിലും അതിഥി ഫുള്‍ റിവഞ്ച് മൂടിലായിരുന്നു. സാബുവും സുരേഷുമെല്ലാം ഇത് ആസ്വദിക്കുന്നുണ്ടായിരുന്നു.

ഷിയാസ് അതിഥിയുടെ അടുത്തെത്തി സോറി പറഞ്ഞ് ഫ്രണ്ട്ഷിപ്പ് ഹാന്‍ഡ് നീട്ടി. ഇരുവരും കെട്ടിപ്പിടിച്ചു. അതിഥിയെ ഷിയാസ് ചെരുപ്പ് വെച്ച് മുഖത്ത് അടിച്ചിരുന്നു. അതാണ് തന്നെ വേദനിപ്പിച്ചതെന്ന് അതിഥി പറഞ്ഞു. പറയുന്നതിനിടെ ഷിയാസിന്‍റെ കെെ പിടിച്ച് അതിഥി തിരിച്ചു. എല്ലാവരും വീടു വിട്ടുപോകാനായി തുണിയും മറ്റും പാക്ക് ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഷിയാസിനെ ബിഗ് ബോസ് കണ്‍സെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. പുതിയ ടാസ്ക് കൊടുക്കാനായിരുന്നു വിളിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് ഷിയാസ് സന്ദേശം വായിച്ചത്. മലയാളം വായിക്കുന്നതില്‍ ഷിയാസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. പുറത്തെത്തിയ ഷിയാസ് ടാസ്ക് വിവരിച്ചു കൊടുത്തു. സഹന ശക്തിയും ക്ഷമയും പരീക്ഷിക്കുന്നതായിരുന്നു ടാസ്ക്. ബിഗ് ബോസ് ഫ്രീസ് എന്ന് പറയുന്ന സമയം എല്ലാവരും അനങ്ങാതെ നിക്കണം. ഷിയാസ് ഒഴികെ എല്ലാവരോടും സ്വാഭാവികമായി പെരുമാറാന്‍ അനുവദിച്ചു. ആദ്യം തന്നെ പണികിട്ടിയ ഷിയാസിനെ ചിരിപ്പിക്കാനായി എല്ലാവരും ശ്രമിച്ചു. പേളിയും അതിഥിയും ഷിയാസിന് അനക്കാനായി ശ്രമിച്ചു. സഹികെട്ട് ഷിയാസ് അനങ്ങി. പിന്നാലെ മറ്റുള്ളവരോട് ഫ്രീസ് പറഞ്ഞു. ഇതോടെ ഷിയാസ് പൊട്ടിച്ചിരിച്ചു. പെടുന്നനെ ഷിയാസിനോട് ഫ്രീസ് പറഞ്ഞു. ഇതിനിടെ ഷിയാസിന് പണികൊടുക്കാന്‍ വന്ന സാബുവിനെ ഫ്രീസാക്കി. രസകരമായ ടാസ്ക് ചിരിപ്പിച്ചു കൊല്ലുന്നതായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെ അതിഥിയെ ഫ്രീസാക്കിയ അവസരം മുതലെടുത്ത ഷിയാസ് അതിഥിയുടെ മീന്‍ അടിച്ചു മാറ്റി. പിന്നെ ഷിയാസിനെ ഫ്രീസാക്കി ബാക്കുയള്ളവരെ റിലീസ് ചെയ്തതും അതിഥി തിരിച്ച് പണികൊടുത്തു. പെട്ടെന്ന് അതിഥിയേയും ഫ്രീസാക്കി. ചായ കുടിച്ചു കൊണ്ടിരിക്കെയാണ് സുരേഷിനെ ഫ്രീസാക്കിയത്. ഇടയ്ക്ക് ഇടയ്ക്ക് കയറി വരുന്ന ഫ്രീസ് വിളികള്‍ ചിരി പടർത്തുന്നതായിരുന്നു. ഈ അവസരത്തിലെല്ലാവരും പരസ്പരം പണി കൊടുക്കുന്നത് രസകരമായ കാഴ്ച്ചയായിരുന്നു. വെെകിട്ട് ചലനങ്ങള്‍ നിയന്ത്രിക്കാനായി എല്ലാവർക്കുമായി ഒരവസരം കൊടുത്തു. ഇതിനായി ഗാർഡനില്‍ വച്ചിരിക്കുന്ന റിമോട്ട് കണ്ടെത്തണം. റിമോട്ട് കയ്യിലുള്ള ആളായിരിക്കും തീരുമാനിക്കുക. ഇതോടെ എല്ലാവരും റിമോട്ടിനായി തിരച്ചിലാരംഭിച്ചു. സാബുവിനായിരുന്നു റിമോട്ട് കിട്ടിയത്. ഇതോടെ ഷിയാസ് ഓടിയൊളിച്ചു.ഷിയാസ് നോക്കിയ സ്ഥലത്തായിരുന്നു റിമോട്ടുണ്ടായിരുന്നത്. റിമോട്ട് കിട്ടയതും സാബു വീട്ടിനുള്ളില്‍ ഭീതി പടർത്തി. ഉറങ്ങി കിടന്ന പേളിയെ ഫ്രീസാക്കി ബിസ്കറ്റ് എടുത്ത് മറ്റുള്ളവർക്ക് സാബു കൊടുത്തു. മുറ്റത്തെത്തിയ പേളിയെ വീണ്ടും ഫ്രീസാക്കി.

സാബുവിന്‍റെ കെെയ്യില്‍ നിന്നും എങ്ങനെ റിമോട്ട് അടിച്ചു മാറ്റാം എന്നായിരുന്നു മറ്റുള്ളവരുടെ ചർച്ച. പേളിയും ഷിയാസുമായിരുന്നു സാബുവിന്‍റെ പ്രധാന ഇര. ഇതിനിടെ ഡെയ്ലി ടാസ്ക് എത്തി. സാബുവും സുരേഷുമുള്ള അധോലോകത്തേക്ക് പുതിയ ആളെ എടുക്കുകയായിരുന്നു ടാസ്ക്. മറ്റുള്ളവരെ ഇരുവരും അഭിമുഖം ചെയ്യണം. ശ്രീനിഷാണ് ആദ്യമെത്തിയത്. സുരേഷാണ് സംഘത്തിന്‍റെ തലവന്‍. സുരേഷിനേയും സാബുവിനേയും മയക്കാനായി മുട്ടയുമായാണ് ശ്രീനിഷ് വന്നത്. മുട്ട മോഷ്ടാവായാണ് ശ്രീനിഷ് വന്നത്. പിന്നെ വന്നത് ഷിയാസായിരുന്നു. പൊലീസിന്‍റെ വെടി കൊളളാതെ ഓടുന്നതെങ്ങനെ എന്നായിരുന്നു ഷിയാസിന് ഇരുവരും നല്‍കിയ ടാസ്ക്. മാർഗരീറ്റ എന്ന വിദേശ വനിതയായാണ് പേളി വന്നത്. കോട്ടിട്ട വന്ന പേളിയെ കണ്ടതും സാബുവും സുരേഷും ഓടി. പേളിയുടെ ഹോളിവുഡ് ശെെലിയിലുള്ള സംഭാഷണമൊക്കെ ചിരിപ്പിക്കുന്നതായിരുന്നു. ഇത് കേട്ടതും സാബു തലകറങ്ങി വീണു. സുരേഷിന്‍െറ കൌണ്ടറുകളും ചിരിപ്പിക്കുന്നതായിരുന്നു. നമ്മളിങ്ങനെ ചെറിയ ചെറിയ പരുപാടികളൊക്കെയെ പിടിക്കാറുള്ളൂ എന്ന് പറഞ്ഞ് സാബു പേളിയെ തിരികെ അയക്കാന്‍ നോക്കിയെങ്കിലും തന്‍റെ കെെയ്യില്‍ ബോംബുണ്ടെന്ന് പറഞ്ഞതും സാബുവും സുരേഷും ഓടി രക്ഷപ്പെട്ടു.

രാത്രി സുരേഷും സാബുവും ഷിയാസും പേളിയും തീയ്ക്ക് ചുറ്റും കൂടി. തനിക്ക് തീയുടെ അടുത്ത് ഇരിക്കാനാകില്ലെന്ന് ഷിയാസ് പറഞ്ഞു. ഇരിക്കണ്ടെന്ന് സാബു പറഞ്ഞു. ഷിയാസ് പക്ഷെ പ്രകോപിതനാവുന്നുണ്ടായിരുന്നു. ഇരിക്കുന്നില്ലെങ്കില്‍ ഇരിക്കണ്ടെന്ന് സാബുവും സുരേഷും പറഞ്ഞു. എന്നാല്‍ തനിക്ക് ഇരിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് ഷിയാസ് പറഞ്ഞത് കേട്ടതും മറ്റുള്ളവർ ചിരിച്ചു. പിന്നീട് സുരേഷ് പാട്ടുപാട്ടി അവിടെ ക്യാംപ് ഫയർ മൂഡുണ്ടാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ